മയക്കുമരുന്നിന്റെ ലഭ്യത എളുപ്പമായതുകൊണ്ടാണ് സിനിമാക്കാര്‍ ഇപ്പോള്‍ കാസര്‍ഗോഡ് സിനിമ കേന്ദ്രീകരിക്കുന്നതെന്ന നിര്‍മാതാവ് രഞ്ജിത്തിന്റെ പരാമര്‍ശങ്ങള്‍ വലിയ വിവാദമായിരുന്നു. ശ്രാനാഥ് ഭാസി, ഷെയ്ന്‍ നിഗം എന്നീ താരങ്ങളുടെ അപ്രഖ്യാപിത വിലക്കുമായി ബന്ധപ്പെട്ട് നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു രഞ്ജിത്തിന്റെ പരാമര്‍ശങ്ങള്‍.
സിനിമാരംഗത്തിനകത്തുനിന്നും പുറത്ത് നിന്നും വലിയ വിമര്‍ശനമാണ് തുടര്‍ന്ന് രഞ്ജിത്തിനെതിരെ ഉയര്‍ന്നത്. രഞ്ജിത്തിന്റെ പരാമാര്‍ശത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ഒരു പോസ്റ്റ് പ്രചരിക്കുകയാണ്. കാസര്‍ഗോഡ് എന്ന് മലയാളത്തിലും ഇംഗ്ലീഷിലും ഹിന്ദിയിലും എഴുതിരിക്കുന്ന റെയില്‍വേ ബോര്‍ഡിന് മുകളില്‍ ‘നമ്മക്ക് സിനിമയാണ് ലഹരി’ എന്ന് എഴുതിയിരിക്കുന്ന ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.
പോസ്റ്റ് പങ്കുവെക്കുന്നതിനൊപ്പം രഞ്ജിത്തിനെതിരായ പ്രതിഷേധവവും വിമര്‍ശനവും പലരും ഒപ്പം കുറിക്കുന്നുണ്ട്. ‘നിര്‍മാതാവ് രഞ്ജിത്തിന്റെ പ്രസ്താവന ശുദ്ധ അസംബന്ധം, അപലപനീയം. കലയെയും സംസ്‌കാരത്തെയും നെഞ്ചോട് ചേര്‍ത്ത് നിഷ്‌കളങ്ക സ്‌നേഹം സമ്മാനിക്കുന്ന കാസര്‍ഗോഡിനുള്ള പരിഗണനയാണ് ലൊക്കേഷന്‍ തേടി വടക്കോട്ടു വരാന്‍ സിനിമാക്കാരെ പ്രേരിപ്പിക്കുന്നത്,’ എന്നാണ് പോസ്റ്റിനൊപ്പം വന്ന ഒരു കമന്റ്.