ബെംഗളൂരു: കോൺഗ്രസ് പ്രകടന പത്രികക്കെതിരായി വിദ്വേഷ പോസ്റ്റുകൾ എക്സ് അക്കൗണ്ടിലൂടെ പങ്കുവെച്ച യുവാവിനെതിരെ നടപടി. വിനീത് നായക് എന്ന വലതുപക്ഷ സോഷ്യൽ മീഡിയ ഇൻഫ്ലുൻസർ ആണ് അറസ്റ്റിലായത്. തന്റെ എക്സ് അക്കൗണ്ട് ആയ ഭിക്കു മിത്രയിലൂടെയാണ് വിനീത് പോസ്റ്റുകൾ പങ്കുവെച്ചത്.
കർണാടകയിൽ നിന്നുള്ള ശരവണൻ എന്ന വ്യക്തിയുടെ പരാതിയിന്മേലാണ് വിനീത് നായകിനെതിരെ പൊലീസ് കേസ് എടുത്തത്. ഏപ്രിൽ 22 നും ഏപ്രിൽ 29 നും ഇടയിൽ വിനീത് വിദ്വേഷം നിറഞ്ഞ ട്വീറ്റുകൾ പോസ്റ്റ് ചെയ്തിരുന്നു. അതിൽ കോൺഗ്രസ് മുഖ്യമന്ത്രി സിദ്ധാരാമയ്യയെക്കുറിച്ചും പോസ്റ്റുകൾ ഉണ്ടായിരുന്നു. ഇതേ തുടർന്നായിരുന്നു പരാതി ഉയർന്നത്.
എസ്.സി, എസ്.ടി ഉൾപ്പടെയുള്ള ഹിന്ദു വിഭാഗത്തെ കോൺഗ്രസ് വെറുക്കുന്നുവെന്നും അതിനാൽ അവരുടെ സ്വത്ത് തട്ടിയെടുത്ത് മുസ്‌ലിങ്ങൾക്ക് വിതരണം ചെയ്യുമെന്നുമായിരുന്നു പോസ്റ്റിൽ പറഞ്ഞിരുന്നത്. ഇതോടൊപ്പം സിദ്ധരാമയ്യ പ്രസംഗിക്കുന്ന ചിത്രവും വിനീത് പോസ്റ്റ് ചെയ്തിരുന്നു.
വിനീത് നായകിനെതിരെ ഐ.ടി ആക്ട് സെക്ഷൻ 66 (സി ), ഐ.പി.സി സെക്ഷൻ 153 എ എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ് എടുത്തത്. വിനീതിന്റെ ട്വീറ്റുകൾ ഹിന്ദുക്കൾക്കിടയിലും മുസ്‌ലിങ്ങൾക്കിടയിലും വിദ്വേഷം വളർത്താൻ ഇടയാക്കുമെന്നും മതസ്പർധ വളർത്തുമെന്നും മുന്നിൽക്കണ്ടാണ് ഇയാൾക്കെതിരെ കേസ് എടുത്തത്.
അറസ്റ്റിനെതിരെ വിനീത് നായക് തന്റെ എക്സ് അക്കൗണ്ടിലൂടെ പ്രതികരിച്ചിട്ടുണ്ട്. എക്സിൽ കേസിനെക്കുറിച്ച് വിനീതിന് ലഭിച്ച ഇമെയിൽ പങ്കുവെച്ചുകൊണ്ടാണ് വിനീത് പ്രതികരിച്ചത്. സത്യം വിളിച്ചു പറഞ്ഞതിന് കോൺഗ്രസ് തന്നെ ഭീഷണിപ്പെടുത്തുന്നു എന്നാണ് വിനീത് പറഞ്ഞത്.
‘ഏത് അനീതിക്കെതിരെ പോരാടാനും ഞാൻ തയ്യാറാണ്. കാരണം ഞാൻ വർഗീയപരമായി ഒന്നും തന്നെ എഴുതിയിട്ടില്ല. ആരെയും പ്രകോപിപ്പിച്ചിട്ടുമില്ല. പരമോന്നത കോടതിയിൽ പോകാനും ഞാൻ തയ്യാറാണ്,’ വിനീത് നായക് പ്രതികരിച്ചു.
വിനീതിന്റെ അറസ്റ്റിനെതിരെ നിരവധി ബി.ജെ.പി നേതാക്കൾ തങ്ങളുടെ വിമർശനം അറിയിച്ചുകൊണ്ട് മുന്നോട്ട് വന്നിട്ടുണ്ട്. കേന്ദ്ര മന്ത്രി സ്‌മൃതി ഇറാനി ഉൾപ്പടെയുള്ള നേതാക്കൾ ഇയാൾക്ക് എല്ലാ വിധ നിയമസഹായവും നൽകുമെന്ന് പറഞ്ഞ് രംഗത്തെത്തിയിട്ടുണ്ട്.
‘സംസ്ഥാനത്ത ക്രമസമാധാനം നഷ്ടപ്പെടുന്ന പല കാര്യങ്ങൾ നടന്നിട്ടുണ്ട്. എങ്കിലും നിരപരാധികളായ പൗരൻമാരുടെ അഭിപ്രായ സ്വാതന്ത്ര്യത്തെ ഹനിക്കാനാണ് കോൺഗ്രസ് സർക്കാരിനിഷ്ടം. സിദ്ധരാമയ്യ സർക്കാർ തങ്ങളുടെ സ്വേച്ഛാധിപത്യം നടപ്പാക്കാൻ ശ്രമിക്കുകയാണ്,’ സിദ്ധാരാമയ്യക്കെതിരെ ബി.വൈ വിജയേന്ദ്ര പ്രതികരിച്ചു.
Content Highlight: social media post against congress manifesto