തിയേറ്ററിലെ വമ്പന്‍ വിജയത്തിന് ശേഷം ഒ.ടി.ടിയില്‍ റിലീസ് ചെയ്തിരിക്കുകയാണ് ദര്‍ശന രാജേന്ദ്രന്‍ നായികയായ ജയ ജയ ജയ ജയ ഹേ. ഇതിന് പിന്നാലെ പല ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്. ജയ ഹേയെക്കുറിച്ചുള്ള ഒരു കുറിപ്പിന് ഇപ്പോള്‍ സംവിധായകന്‍ വിപിന്‍ ദാസ് തന്നെ മറുപടി നല്‍കിയിരിക്കുകയാണ്. മലയാളം മൂവി ആന്‍ഡ് മ്യൂസിക് ഡേറ്റാബേസ് എന്ന മൂവി ഗ്രൂപ്പില്‍ ജോസ് മോന്‍ വാഴയില്‍ എന്ന പ്രൊഫൈലില്‍ നിന്നുമാണ് ജയ ഹേയെ പറ്റി വിശദമായി എഴുതിയത്.
‘ജയ(4) ഹേ സമ്മാനിക്കുന്നത് ചിരിക്കൊപ്പം ചിന്തിക്കാന്‍ കൂടിയുള്ള അവസരമാണ്. അതില്‍ ഒരുപാട് ചെറിയ ചെറിയ ഉള്‍ക്കാഴ്ച്ചകളും ഇന്നര്‍ മീനിങ്ങുകളും ഒക്കെ പല രീതിയില്‍ ഒളിപ്പിച്ചു വച്ചിട്ടുണ്ട്. അതൊക്കെ കണ്ട് മനസിലാക്കി സിനിമ കാണണം, ആസ്വദിക്കണം എന്നൊന്നും നിര്‍ബന്ധമില്ലാ എങ്കിലും, ചിലതൊക്കെ അറിയുന്നത് രസകരമായിരിക്കും.
**(SPOILER ALERT) **
ടൈറ്റിലിനേക്കുറിച്ച് നമ്മള്‍ സിനിമ ഇറങ്ങും മുന്‍പേ സംസാരിച്ചതാണ്. ‘ജ’യുടെ കുനിപ്പിനുള്ളിലെ കശുവണ്ടിയും, ‘ഹേ’യുടെ ഉള്ളിലെ ജയയുടെ കിടിലന്‍ ചവിട്ടും നമ്മള്‍ നേരത്തെ അറിഞ്ഞതാണ്. സിനിമയുടെ തുടക്കം സീനില്‍ നിന്ന് തന്നെ ആരംഭിക്കാം. ചോറും കറിയും വച്ച്, കുളിച്ച് റെഡിയായി, കശുവണ്ടി തല്ലാന്‍ പോകുന്ന സ്ത്രീ വീടിന്റെ വാതില്‍ക്കലൂടെ ഇറങ്ങിപോകുമ്പോള്‍, അതിനൊപ്പം തന്നെ പുതച്ചുമൂടിക്കിടക്കുന്ന ആണൊരുത്തന്റെ കാല് കൂടി കാണിക്കുന്നുണ്ട്. കൂടുതല്‍ നേരം ഉറങ്ങാനുള്ള ആണിന്റെ പ്രിവിലേജ്. പിന്നെ നേരത്തെ എണീറ്റ ഏതോ കാരണവര്‍ ഒരാള്‍ അപ്പോഴും ബീഡിയും കത്തിച്ച് നോക്കിയിരിപ്പാണ്.
ആ കാരണവരെ കാണിക്കുന്ന സീനില്‍ ലോങ് ഷോട്ടില്‍, അടുത്തായി കൊല്ലം അര്‍ച്ചനയില്‍ കിന്നാരതുമ്പികള്‍ ഓടുന്നതിന്റെ പരസ്യം കാണുന്നുണ്ട്. വര്‍ഷം 2000 ആണ്, ജയ ജനിച്ച വര്‍ഷം. ബസ് സ്റ്റോപ്പിലും വര്‍ഷം 1996 – 2001 എന്ന് കാണാം. 2022 ല്‍ 22 വയസ് എന്നത് പിന്നീട് കോര്‍ട്ട് പേപ്പറില്‍ കാണിക്കുന്നത് കൂട്ടിവായിക്കാം. പിന്നെ ടൈറ്റിലും ക്രെഡിറ്റും എഴുതിക്കാണിക്കുമ്പോള്‍ ഒപ്പം കാണിക്കുന്ന ചില ചിത്രങ്ങളാണ്. അതില്‍ പ്രധാനപ്പെട്ട ഒന്നാണ് സ്വതന്ത്രമായി പറന്ന് നടക്കുന്ന തത്ത. ഓപ്പണിങ് ക്രെഡിറ്റ് അവസാനിക്കുമ്പോള്‍ ആ തത്ത കശുമാവിന്റെ കൊമ്പില്‍ എത്തിനില്‍ക്കും. ആ തത്ത ഒരു മെറ്റഫര്‍ ആണ്… അത് ഏതോ രാജേഷിന്റെ കൂട്ടില്‍ നിന്നും രക്ഷപെട്ട് പോരുന്നതാവാം. അതുപോലെ, കൊല്ലത്താണ് കഥ നടക്കുന്നത് എന്നതും കൃത്യമായി ആ വരകളിലെ, ബസ് സ്റ്റാന്‍ഡ്, ക്ലോക്ക് ടവര്‍ എന്നിവയിലൂടെയൊക്കെ കാണിച്ചുതരുന്നുമുണ്ട്.
ജയയുടെ വീട്ടിലെ തൂങ്ങിയാടിക്കിടന്നിരുന്ന ഊഞ്ഞാല്‍ കല്യാണസമയത്ത് പൊക്കികെട്ടിവെച്ചിരിക്കുന്നതായിട്ട് കാണിക്കുന്നത് സത്യത്തില്‍ ജയയുടെ അവസ്ഥ തന്നെയാണ്. സ്വാതന്ത്ര്യത്തിനു മേലേ വീണ കെട്ട്. തുടര്‍ന്നങ്ങോട്ട് രാജേഷിന്റെ വീട്ടിലെ പൊട്ടിയതും ഒട്ടിച്ചതുമായ ഐറ്റംസൊക്കെ എല്ലാവരും ശ്രദ്ധിച്ചുകാണുമല്ലോ. ഒപ്പം തന്നെ മുറ്റത്തും പരിസരത്തും കിടക്കുന്ന കോഴിയെ ഇട്ട് വെക്കുന്ന നെറ്റ്‌ബോക്‌സുകളും.
പിന്നെ കൊല്ലത്ത് നടക്കുന്ന കഥയില്‍ തിയേറ്ററില്‍ പോകുന്നതും കൊല്ലത്തു തന്നെയാവണമല്ലോ. കൊല്ലം പാര്‍ത്ഥ തിയേറ്ററിലാണ് ജയയും രാജേഷും സിനിമക്ക് സാധാരണയായി പോകുന്നത്. രാജേഷിന്റെ അമ്മയുടെ സ്ഥിരം കൈവേദനയുടെ കാരണം ഞാന്‍ പ്രത്യേകം എഴുതേണ്ടല്ലോ. ഇടിയപ്പത്തിന് ഞെക്കി ഞെക്കി ആ അവസ്ഥയിലായതാത്രെ.
ഭര്‍ത്താവ് വിളിച്ചുകൊണ്ടുപോകാത്തതിനാല്‍ വീട്ടില്‍ തന്നെ നിന്നുപോയ ചേച്ചി, രാജേഷിന്റെ നോട്ടത്തില്‍ തടിച്ചി. ഹോര്‍മോണല്‍ ഇന്‍ബാലന്‍സാണ് പുള്ളിക്കാരിയുടെ ഈ അവസ്ഥക്ക് കാരണമെന്ന് കോടതിയില്‍ വെച്ച് ജയ പറയുമ്പോഴാണ് രാജേഷ് അങ്ങനെ ഒരു കാര്യം കേള്‍ക്കുന്നത് തന്നെ. ഹോര്‍മോണല്‍ ഇന്‍ബാലന്‍സുള്ള ഒരാള്‍ ബ്രോയിലര്‍ ചിക്കന്‍ സ്ഥിരമായി കഴിക്കുന്നത് നല്ലതല്ല എന്ന് ആരോ പറഞ്ഞുകേട്ടത് ഓര്‍ക്കുന്നു. അതില്‍ സത്യമുണ്ടെങ്കില്‍, രാജേഷിന്റെ ചേച്ചിയുടെ അവസ്ഥക്ക് രാജേഷും ഒരു പരിധിവരെ കാരണക്കാരനാണ് എന്ന് വരാം. (വിശ്വാസയോഗ്യമല്ലാത്ത കാര്യമാണ്. കേട്ടിട്ടുള്ളതുകൊണ്ട് പറഞ്ഞുവെന്ന് മാത്രം). പിന്നെ ചേച്ചിയുടെ ഭര്‍ത്താവിനെ സിനിമയില്‍ കാണിക്കുന്നില്ലാ എങ്കിലും വീടിന്റെ ചുമരില്‍ രണ്ട് പേരും കൂടി നില്‍ക്കുന്ന ഒരു പടം കാണിക്കുന്നുണ്ട്.
സ്‌കൂളില്‍ പഠിക്കുമ്പോള്‍ കിട്ടിയ കരാട്ടെ ബ്ലാക് ബെല്‍റ്റും ഡ്രെസ്സുമാണ് രാജേഷ് പഴയ പെട്ടിയില്‍ നിന്നും എടുത്ത് ഇട്ട് ഫൈറ്റിനു തയാറാവുന്നത്. അതുകൊണ്ടാണ് വയറും നെഞ്ചും ആ ഡ്രസ്സില്‍ ഒതുങ്ങാതെ ഇരിക്കുന്നത്. പഠിച്ച കാലത്ത് ഡ്രസ്സ് കുറച്ച് ലൂസ് ആയിരുന്നതുകൊണ്ട് അത്രേമെങ്കിലും കയറി.
ഫൈറ്റിന്റെ കാര്യം പറയുമ്പോ ബ്രില്യന്റായി തോന്നിയ മറ്റൊരു കാര്യം കൂടി പറയാം. ആ മുട്ടനടി കഴിഞ്ഞ് റൂമില്‍ ഉണ്ടായിരുന്നതെല്ലാം മാറ്റിക്കഴിഞ്ഞ് ഒഴിഞ്ഞ മുറിയില്‍ നിന്നുകൊണ്ട് രാജേഷ് ചായ കിട്ടുമോ എന്ന് ചോദിക്കുമ്പോള്‍ ഉണ്ടാകുന്ന റൂം എക്കോ, സൂക്ഷ്മതയുടെ മികവ്. അതിനു ശേഷമുള്ള സീനില്‍ രാജേഷിന്റെ പിന്നിലെ അലമാരയില്‍ സെറ്റ് ടോപ് ബോക്‌സ് വെച്ചിരിക്കുന്നത് കാണാം. പുതിയ ടി.വി വരും വരെ.
ബുദ്ധിമുട്ട് തോന്നിയ മറ്റൊരു സീനാണ്, തനിക്കിവിടെ ബുദ്ധിമുട്ടാണ് എന്ന് പറഞ്ഞ് ജയ ചേട്ടന് മെസേജ് അയക്കുമ്പോള്‍, മുമ്പെപ്പോഴോ ജയക്ക് അയച്ച അതേ വോയിസ് മെസേജ് തന്നെ ചേട്ടന്‍ ജയന്‍ ഫോര്‍വേഡ് ചെയ്യുന്നതാണ് കാണിക്കുന്നത്.
ജയക്ക് പിരീഡ്‌സ് ആണെന്നറിഞ്ഞ് മൂഡ് പോയ രാജേഷ്, അണ്ണന്‍ പറഞ്ഞ് കൊടുത്തതനുസരിച്ച് കലണ്ടറില്‍ കുറിച്ചിടുന്ന ദിവസങ്ങള്‍… പിരീഡ്‌സിന്റെ അവസാന ദിവസം ഫെബ്രുവരി 15. അതിനു ശേഷം ആറ് ദിവസങ്ങള്‍ക്ക് ശേഷമുള്ള അഞ്ച് ദിവസങ്ങള്‍ ആണ് ബെസ്റ്റ് ടൈം. എന്തിനാ, കുട്ടികള്‍ ഉണ്ടാവാന്‍. അതെന്താന്നോ, ആ ദിവസങ്ങളില്‍ ആണ് സ്ത്രീകളുടെ ഓവുലേഷന്‍ (അണ്ഡോത്പാദനം) നടക്കുന്ന സമയം. ആ സമയത്ത് ബന്ധപ്പെട്ടാല്‍ കുട്ടികള്‍ ഉണ്ടാവാന്‍ മാക്‌സിമം ചാന്‍സാണ്. ജയക്കും രാജേഷിനും കാര്യം നടക്കുന്നത് അഞ്ചാമത്തെ ദിവസമായ 26ന് ആയിരുന്നു.
ജയ വീണതിന്റെ പശ്ചാത്തലത്തില്‍ ഗര്‍ഭം അലസിപോകുന്നത് ആറ് ആഴ്ച ഗര്‍ഭിണി ആയിരിക്കുമ്പോഴാണ്. അതായത് ഏപ്രില്‍ പകുതിയിലായിരിക്കണം. ബസ് സ്റ്റോപ്പില്‍ ഒട്ടിച്ചിരിക്കുന്ന പാര്‍ട്ടി സമ്മേളന നോട്ടീസുകളില്‍ ജൂണ്‍ ഒന്നിന് നടക്കുന്ന പരിപാടിയെക്കുറിച്ച് പറയുന്നുണ്ട്. എത്ര പേര്‍ ശ്രദ്ധിച്ചു എന്നറിയില്ലാ, തയ്യല്‍ക്കടയോ മറ്റോ തുടങ്ങാനായി ജയയും ചേട്ടനും ബാങ്കില്‍ ചെല്ലുമ്പോള്‍ കൃഷ്ണ ഫാം ഉടമ വേണുവേട്ടനും അവിടെ ഇരിക്കുന്നതായി കാണിക്കുന്നുണ്ട്. അവിടെ വച്ച് വേണുവേട്ടനെ കണ്ടതിന്റെ പശ്ചാത്തലത്തില്‍ ആവണം മാനേജര്‍ പറഞ്ഞ കാര്യങ്ങളുമായി കണക്റ്റ് ചെയ്ത് പെട്ടന്ന് തന്നെ വേണുവേട്ടനിലേക്ക് എത്തിച്ചേരാന്‍ കഴിഞ്ഞതും, കൃഷ്ണ ഫാം വാങ്ങാമെന്ന പ്ലാന്‍ ഉണ്ടാവുന്നതും.
കൊല്ലം ജില്ല എന്നതില്‍ കൂടുതലായി രണ്ട് പേരുടെയും കൃത്യമായിട്ട് സ്ഥലവിവരങ്ങള്‍ അടക്കം ഡൈവോഴ്‌സ് പേപ്പറില്‍, രാജേഷിന്റെ മയ്യനാട് എന്നും ജയയുടെ പെരുമ്പുഴ എന്നും കൃത്യമായി കാണിച്ചിട്ടുണ്ട്. ചെറുതെങ്കിലും ഗംഭീരഡീറ്റയിലിങ് തന്നെ. അവസാനസീന്‍, പൊരിഞ്ഞ അടി. രാജേഷിന്റെ ഫാമിലെ ജോലിക്കാര്‍ ജയയുടെ കാലില്‍ വട്ടം പിടിക്കുന്നു. നെക്സ്റ്റ് സീന്‍ സ്‌കൂള്‍ ഡ്രസ്സില്‍ നടന്നുവരുന്ന ജയ, മരത്തില്‍ തൂങ്ങി നില്‍ക്കുന്ന ഒരു കശു-അണ്ടിയില്‍ കട്ട് ചെയ്യുന്ന ആക്ഷനില്‍ ഒന്ന് തോണ്ടീട്ട് നടന്ന് പോകുന്നു, ശുഭം. മനസിലായോടേ. ജയ തന്റെ അവസാന അടവ് മെറ്റഫൊറിക്കലി കാണിച്ചതാണ്. അങ്ങനെ ചെറുതും വലുതുമായ ഒരുപാട് ഡീറ്റയിലിങ്ങുകള്‍ ജയ (4) ഹേയില്‍ ഒളിഞ്ഞും തെളിഞ്ഞും ഇനിയുമുണ്ട്.
***ഇനിയിത്തിരി കുറ്റം പറയാം***
രാജേഷ് കലണ്ടറില്‍ ഡേറ്റ് കുറിക്കുന്നത് 16ാം തീയതിയാണ്. എന്നാല്‍ തുടര്‍ന്ന് രാജേഷിന്റെ കടയിലെ ജോലിക്കാരന്‍ (ശരത് സഭ) വന്നിട്ട് കോഴിയുടെ ഓര്‍ഡര്‍ എടുക്കുന്നതും കുറിക്കുന്നതും കലണ്ടറിലെ അതിനു മുന്‍പുള്ള ആഴ്ചയില്‍ ആണ്. അതായത് കഴിഞ്ഞുപോയ ആഴ്ചയില്‍, പാളി.
ഡിവോഴ്‌സ് പേപ്പറില്‍ ജയ ഒപ്പ് വയ്ക്കുന്നത് 18/09/2022 ആണെന്ന് ആ പേപ്പറില്‍ തന്നെ കുറിച്ചിട്ടുണ്ട്. എന്നാല്‍ കല്യാണം നടന്നതായി ഡേറ്റ് കാണിക്കുന്നത് 10/12/2022 എന്നാണ്. ശരിക്കും കണക്ക് വച്ച് നോക്കുകയാണേല്‍ കല്യാണം, തല്ല് നടക്കുന്നതിനും 6 മാസം മുന്‍പ് ആണ് നടന്നിട്ടുള്ളത്. അപ്പോ അവിടേയും ചെറുതായിട്ട് പാളി.
പിന്നെ കോര്‍ട്ടില്‍ അങ്ങനെ പെട്ടന്ന് തന്നെ ജഡ്ജിന്റെ അടുത്ത് കേസെത്തുകയും തീര്‍പ്പാക്കി വിടുകയും ഒന്നുമില്ലാ. ഡിവോഴ്‌സ് കേസ് തീര്‍പ്പാക്കി രണ്ട് വഴിക്ക് പിരിയാന്‍ 5 – 6 മാസം എങ്കിലും കോടതി കയറിയിറങ്ങണമെന്നാണ് എന്റെ അറിവ്. സിനിമ-കോടതികള്‍ ഒരു കോണ്‍സപ്റ്റ് ആയി മാത്രം കണ്ടാ മതീന്നുള്ളതുകൊണ്ട് അത് വിടാം.
എന്നാല്‍ പോലും, കൃഷ്ണഫാമില്‍ വേണുവേട്ടനെ തല്ലാന്‍ പോയവര്‍ക്ക് ജയ ആവശ്യത്തിനു കൊടുത്തതും കിട്ടിയതും രാജേഷ് അറിഞ്ഞില്ലാ എന്നത് ഒട്ടും അങ്ങട് ദഹിച്ചില്ലാ. ഇനിയിപ്പോ അവര്‍ ജയയുടെ കാല്‍ക്കല്‍ വീണ് അവരെ അവിടെ ജോലിക്ക് വയ്ക്കണം എന്ന് അപേക്ഷിച്ച് കാണുമോന്നാ. അപ്പോള്‍ പിന്നെ ഓക്കെയാ. രാജേഷ് ഒന്നുമറിഞ്ഞ് കാണില്ലാ,’ എന്നാണ് ജോസ് മോന്‍ എഴുതിയത്.
ഇതിന്റെ കമന്റ് ബോക്‌സിലാണ് ബ്രില്യന്‍സുകള്‍ക്ക് നന്ദി പറഞ്ഞും തെറ്റുകള്‍ക്ക് വിശദീകരണവുമായും വിപിന്‍ ദാസ് എത്തിയത്.
‘നല്ല നിരീക്ഷണം
ബ്രോയ്‌ലര്‍ അങ്ങനെ ഉദ്ദേശിച്ചിട്ടില്ല. ക്ലൈമാക്‌സ് പേപ്പറില്‍ സൈന്‍ ചെയ്യുന്നത് ഡേറ്റ് കറക്ട് ആയിരുന്നു എന്നാണ് വിശ്വാസം. ചിലപ്പോള്‍ റീടേക്കില്‍ മാറിയതാവാം. ജയന്റെ മെസ്സേജ് ഫോര്‍വേഡ് ആയത് അബദ്ധമാണ്. കലണ്ടര്‍ റീടേക്ക് കൂടിയപ്പോള്‍ കലണ്ടര്‍ മറിക്കേണ്ടി വന്നു. കിന്നാരത്തുമ്പി ഒരു സ്ത്രീ കേന്ദ്ര കഥാപാത്രത്തിന്റെ സൂപ്പര്‍ ഹിറ്റ് മൂവി തന്നെ പോസ്റ്റര്‍ ആകട്ടെ എന്ന് കരുതി. ഡിവോഴ്‌സ് ആയില്ല മ്യുച്വലിന് സൈന്‍ ചെയ്‌തേ ഉള്ളു.
കോടതിയില്‍ നിന്ന് പോയ ശേഷമാണു അടി, അതാ രാജേഷ് അറിയാത്തത്.
ഡീറ്റെയ്‌ലിങ്ങിന് നന്ദി,’ എന്നാണ് വിപിന്‍ ദാസ് മറുപടി നല്‍കിയത്.
Content Highlight: Social media points out four mistakes in Jaya jaya jaya jaya Hey; Director Vipin Das with the answer