വാഷിങ്ടണ്‍: എക്‌സ് (ട്വിറ്റര്‍) അക്കൗണ്ട് ഉപയോഗിക്കണമെങ്കില്‍ ഇനി പ്രതിമാസം വേതനം നല്‍കേണ്ടി വരുമെന്ന സൂചന നല്‍കി ഇലോണ്‍ മസ്‌ക്. ബോട്ടുകള്‍ അഥവാ വ്യാജ അക്കൗണ്ടുകള്‍ മൂലമുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം.
എന്നാല്‍ പ്രതിമാസം അടയ്‌ക്കേണ്ട തുക എത്രയാണെന്നോ എന്ന് മുതല്‍ നിലവില്‍ വരുമെന്നോ മസ്‌ക് വ്യക്തമാക്കിയിട്ടില്ലെന്ന് സി.എന്‍.ബി.സിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇസ്രായേല്‍ പ്രധാനമന്ത്രി നെതന്യാഹുമായുള്ള സംഭാഷണത്തിനിടെയാണ് മസ്‌ക് എക്‌സുമായി ബന്ധപ്പെട്ട പുതിയ നീക്കങ്ങളെ കുറിച്ചുള്ള സൂചന നല്‍കിയത്.
ഏറ്റെടുക്കലിന് ശേഷം ട്വിറ്ററില്‍ വലിയ മാറ്റങ്ങളാണ് മസ്‌ക് വരുത്തിയത്. കാലങ്ങളായി ട്വിറ്റര്‍ എന്നറിയപ്പെട്ടിരുന്ന ആപ്പ് ഇപ്പോള്‍ എക്‌സ് എന്ന പേരിലാണ് അറിയപ്പെടുന്നത്. തൊട്ടുപിന്നാലെയാണ് എക്‌സ് ഉപയോക്താക്കള്‍ പ്രതിമാസ ഫീസ് നല്‍കേണ്ടി വരുമെന്നതിന്റെ സൂചന മസ്‌ക് നല്‍കിയിരിക്കുന്നത്.
ഇപ്പോള്‍ എക്സിന് 550 ദശലക്ഷം ഉപയോക്താക്കളുണ്ടെന്നും അവര്‍ ദിവസവും 100 മുതല്‍ 200 ദശലക്ഷം പോസ്റ്റുകള്‍ വരെ പങ്കുവെക്കുന്നുണ്ടെന്നും മസ്‌ക് നെതന്യാഹുവുമായുള്ള സംഭാഷണത്തിനിടെ പറഞ്ഞു. ഉപയോക്താക്കളില്‍ എത്ര പേര്‍ യഥാര്‍ത്ഥ ആളുകളാണെന്നും എത്ര വ്യാജ അക്കൗണ്ടുകളുണ്ടെന്നും മസ്‌ക് വ്യക്തമാക്കിയിട്ടില്ല.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പോലുള്ള നൂതന സാങ്കേതികവിദ്യയുടെ അപകട സാധ്യതകളെക്കുറിച്ചും അത് എങ്ങനെ നിയന്ത്രിക്കണം എന്നതിനെക്കുറിച്ചും ചര്‍ച്ച ചെയ്യുന്നതായിരുന്നു നെതന്യാഹുവുമായുള്ള മസ്‌കിന്റെ ചര്‍ച്ചയുടെ പ്രാഥമിക ലക്ഷ്യം.
44 ബില്യണ്‍ ഡോളറിനാണ് മസ്‌ക് ട്വിറ്റര്‍ പേരിലാക്കിയത്. മസ്‌ക് എത്തിയതിന് ശേഷം എക്‌സ് ട്വിറ്റര്‍ പ്ലാറ്റ്‌ഫോമില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്തി. മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റേത് പോലെ മുമ്പ് നിരോധിച്ച അക്കൗണ്ടുകള്‍ തിരികെ നല്‍കാന്‍ അദ്ദേഹം അനുവദിച്ചു. പ്രശസ്തരായ ആളുകളുടെ അക്കൗണ്ടുകള്‍ തിരിച്ചറിയാന്‍ സാധിക്കുന്ന ‘ബ്ലൂ ടിക്ക്’ വെരിഫിക്കേഷന്‍ സംവിധാനവും അദ്ദേഹം ഇല്ലാതാക്കി.
നിലവില്‍ പണമടച്ച് കൃത്യമായി വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കുന്ന ആര്‍ക്കും ബ്ലൂ ടിക്ക് ലഭിക്കും. ഇതിലൂടെ ട്വീറ്റുകള്‍ കൂടുതല്‍ പേരിലേക്ക് എത്തുകയും ചെയ്യും. എന്നാല്‍ പണമടച്ചില്ലെങ്കില്‍ പോസ്റ്റുകള്‍ അത്ര ശ്രദ്ധിക്കപ്പെടില്ല. ഈ മാറ്റം എക്‌സ് പ്ലാറ്റ്ഫോമില്‍ ബോട്ടുകളുടെ ഉപയോഗം നിരുത്സാഹപ്പെടുത്തുമെന്നാണ് മസ്‌ക് പ്രതീക്ഷിക്കുന്നത്.
Content Highlights: Social media platform X could go behind paywall