| Wednesday, 26th April 2023, 7:24 pm

ഓട്ടയുള്ള ഭാഗത്ത് കുറച്ച് ചാണകം തേച്ച് കൊടുത്താല്‍ ഓകെ ആകും; അന്താരാഷ്ട്ര തലത്തിലെ ചോര്‍ച്ചയുടെ ഒരംശം മാത്രമാണ് ചോര്‍ന്നത്: രസകരമായ കമന്റുകളുമായി സോഷ്യല്‍ മീഡിയ

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ആദ്യ യാത്രയില്‍ തന്നെ വന്ദേഭാരത് ട്രെയിനില്‍ ചോര്‍ച്ച സംഭവിച്ചതില്‍ ട്രോളുകളുമായി സോഷ്യല്‍ മീഡിയ. വന്ദേഭാരത് ട്രെയിനില്‍ ചോര്‍ച്ച ഉണ്ടായ വാര്‍ത്തകള്‍ക്ക് കീഴിലാണ് ട്രോള്‍ കമന്റുകളുമായി നിരവധി പേര്‍ എത്തിച്ചേര്‍ന്നത്.

കുട കരുതിയാല്‍ മതി, അന്താരാഷ്ട്ര തലത്തില്‍ ചോര്‍ച്ച കുറഞ്ഞിരിക്കുന്നുവെന്നും അതിന്റെ ഒരംശം മാത്രമാണ് ഇവിടെ ചോര്‍ന്നതെന്നുമുള്ള കമന്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്.

‘അന്താരാഷ്ട തലത്തില്‍ ചോര്‍ച്ച കുറഞ്ഞിരിക്കുകയാണ്. അതിന്റെ ഒരംശം മാത്രമാണ് ഇവിടെ ചോര്‍ന്നത്. ദേശീയ തലത്തില്‍ ചോര്‍ച്ച ഉണ്ടാകുമ്പോള്‍ അവിടെ ചോര്‍ന്നതിന്റെ ഒരംശം ഇവിടെയും ചോരുകയാണ് ചെയ്യുന്നത്. അത്രയും തന്നെ ഇവിടെ ചോര്‍ന്നിട്ടില്ല. ഒരിടത്ത് ചോര്‍ച്ച ഉണ്ടങ്കിലും മൊത്തം ചോര്‍ന്നിട്ടില്ല,’ എന്നാണ് രസകരമായ ഒരു കമന്റ്.

‘പുറത്ത് മഴ പെയ്യുന്നതിന്റെ ഒരംശം മാത്രമേ ഉള്ളില്‍ വീഴുന്നുള്ളു! അതായത് പുറത്ത് നിന്നാല്‍ നനയുന്നത്രപോലും ഉള്ളില്‍ നിന്നാല്‍ നനയില്ല. പിന്നെന്താണ് കുഴപ്പം,’ ‘ഓട്ടയുള്ള ഭാഗത്ത് കുറച്ച് ചാണകം തേച്ച് കൊടുത്താല്‍ ഓകെ ആകും,’ ,’ഒരു 125 കൊല്ലം കൂടി കൊടുത്താല്‍ ഇതൊക്കെ മോദിജി റെഡി ആക്കി തരും,’ തുടങ്ങിയ കമന്റുകള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

ത്രീ ഡി സിനിമകള്‍ക്ക് കണ്ണട നല്‍കുന്നത് പോലെ വന്ദേഭാരത് ട്രെയിനില്‍ കയറുമ്പോള്‍ കുട നല്‍കണമെന്നും ആളുകള്‍ പറയുന്നുണ്ട്.

‘3ഡി മൂവി കാണാന്‍ കയറുമ്പോള്‍ കണ്ണട തരാറുണ്ട്. അതു പോലെ വന്ദേഭാരതില്‍ കയറുമ്പോള്‍ ഒരു കുട കിട്ടിയാല്‍ നന്നായിരിക്കും. 125 വര്‍ഷം കഴിയുമ്പോഴേക്കും ശരിയാവുമായിരിക്കും ലേ … അണ്ണേ,’ എന്നാണ് ഒരു കമന്റ്.

‘ഇതൊക്കെ ഒരു പ്ലാനിങ് ആയിരുന്നു. ഒരു വട്ട ട്രെയ്‌നും കൊടുത്തിട്ട് കേരളത്തിലുള്ള ജനങ്ങളെ പൊട്ടന്മാര്‍ ആക്കി. പരിപാടി വമ്പിച്ച വിജയകരമാക്കാന്‍ ചെയ്ത ഒരു തന്ത്രമാണ്. അദ്ദേഹം വന്നിട്ട് രണ്ട് പ്രസംഗം പ്രസംഗിച്ച് തടിയൂരി. കേരളത്തിലുള്ള ജനങ്ങള്‍ അനുഭവിക്കട്ടെ എന്ന്. വല്ലാത്ത ഒരു അവസ്ഥ തന്നെയാണ്
ഈ രണ്ടു ദിവസത്തില്‍ ഒരു ചോര്‍ച്ച ഉണ്ടായാല്‍ ഇനി വരും കാലങ്ങളില്‍ എന്തൊക്കെ ഉണ്ടാകും നിങ്ങള്‍ ഊഹിച്ചോളൂ,’ തുടങ്ങിയവയാണ് മറ്റ് കമന്റുകള്‍.

ബുധനാഴ്ചയാണ് ആദ്യ യാത്ര ആരംഭിക്കുന്നതിന് മുന്നെ വന്ദേഭാരത് എക്‌സ്പ്രസില്‍ ചോര്‍ച്ചയുണ്ടായത്. കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന വന്ദേഭാരതിന്റെ എക്‌സിക്യൂട്ടീവ് കോച്ചിലാണ് വെള്ളം കയറിയത്.

ചൊവ്വാഴ്ച പെയ്ത മഴയെ തുടര്‍ന്നാണ് ട്രെയിനിനകത്ത് വെള്ളം കയറിയതെന്നാണ് റെയില്‍വെ ജീവനക്കാര്‍ നല്‍കിയ വിശദീകരണം. ബോഗിയുടെ മുകള്‍ വശത്തുണ്ടായ വിള്ളലിലൂടെയാണ് വെള്ളം അകത്തേക്കിറങ്ങിയത്.

ഉദ്ഘാടനത്തിന് ശേഷം ചൊവ്വാഴ്ച തിരുവനന്തപുരത്ത് നിന്ന് ആദ്യ സര്‍വീസ് ആരംഭിച്ച വന്ദേഭാരത് ബുധനാഴ്ച കാസര്‍ഗോഡ് നിന്ന് തിരിച്ച് പുറപ്പെടാനിരിക്കെയാണ് സംഭവം.

ട്രെയിനില്‍ വെള്ളം നിറക്കുന്നതുള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ക്കായാണ് ട്രെയിന്‍ കണ്ണൂരിലെത്തിച്ചത്. ഇവിടെ പ്ലാറ്റ് ഫോമില്‍ നിര്‍ത്തിയിട്ട ട്രെയിനിലാണ് കനത്ത മഴയെ തുടര്‍ന്ന് വെള്ളം കയറിയത്.

content highlight: social media mocking vandhebharath leak

We use cookies to give you the best possible experience. Learn more