| Wednesday, 5th June 2024, 5:04 pm

മുങ്ങിയ ശോഭയും സ്മൃതിയും ഇതുവരെ പൊങ്ങിയിട്ടില്ല; പൊങ്കാലയിട്ട് സോഷ്യല്‍ മീഡിയ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ആലപ്പുഴയിലെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി ശോഭ സുരേന്ദ്രനെ പരിഹസിച്ച് സോഷ്യല്‍ മീഡിയ. ശോഭ സുരേന്ദ്രന്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് പങ്കുവെച്ച പഴയ ഫേസ്ബുക്ക് പോസ്റ്റ് കുത്തിപ്പൊക്കിക്കൊണ്ടാണ് സോഷ്യല്‍ മീഡിയയുടെ വിമര്‍ശനം.

അമേഠിയിലെ എൻ.ഡി.എ സ്ഥാനാര്‍ത്ഥിയും കേന്ദ്രമന്ത്രിയുമായ സ്മൃതി ഇറാനിയെ പിന്തുണച്ചുകൊണ്ടുള്ളതാണ് പോസ്റ്റ്. മെയ് മൂന്നിനാണ് ഈ പോസ്റ്റ് പങ്കുവെച്ചത്. ‘പേടിക്കണ്ട ഓടിക്കോ രാഹുല്‍ ഗാന്ധി’ എന്ന കുറിപ്പോട് കൂടിയാണ് ശോഭ സുരേന്ദ്രന്‍ ഈ പോസ്റ്റ് പങ്കുവെച്ചിരുന്നത്.

ഉത്തരേന്ത്യയില്‍ മത്സരിക്കുകയാണെങ്കില്‍ രാഹുല്‍ ഗാന്ധി അമേഠി, റായ്ബറേലി എന്നീ മണ്ഡലങ്ങളില്‍ നിന്ന് ഏത് തെരഞ്ഞെടുക്കുമെന്ന വാര്‍ത്തകളും ചോദ്യങ്ങളും ഉയര്‍ന്നതിന് പിന്നാലെയായിരുന്നു പോസ്റ്റ്.

എന്നാല്‍ രാഹുല്‍ ഗാന്ധി പിന്നീട് മത്സരിച്ചതും വിജയിച്ചതും റായ്ബറേലി മണ്ഡലത്തിലായിരുന്നു. 390030 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ്രാഹുല്‍ ഗാന്ധി റായ്ബറേലിയില്‍ വിജയിച്ചത്.

അതേസമയം 167196 വോട്ടുകള്‍ക്ക് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കിഷോരി ലാല്‍ സ്മൃതി ഇറാനി പരാജയപ്പെടുകയും ചെയ്തു. 539228 വോട്ടുകളുമായാണ് കോണ്‍ഗസ് കുടുംബത്തിന്റെയും മുന്‍ പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധിയുടെയും വിശ്വസ്തനായ കിഷോരി ലാല്‍ വിജയിച്ചത്. ബി.ജെ.പിയെ സംബന്ധിച്ചിടത്തോളം ഉത്തര്‍പ്രദേശിലെ ഏറ്റവും വലിയ തോല്‍വി.

കുത്തിപ്പൊക്കിയ പോസ്റ്റിന് താഴെ ശോഭ സുരേന്ദ്രനെയും മോദിയെയും വിമര്‍ശിച്ച് നിരവധി കമന്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്. മന്ത്രയാകാം എന്ന ആഗ്രഹത്തിലാണ് ശോഭ സുരേന്ദ്രന്‍ ആലപ്പുഴയില്‍ മത്സരിച്ചതെന്ന് വിമര്‍ശകര്‍ പറയുന്നു.

പരാജയപ്പെട്ട കേന്ദ്രമന്ത്രിമാര്‍ അടക്കമുള്ള നേതാക്കള്‍ കണ്ടം വഴി ഓടിക്കോളാനും സോഷ്യല്‍ മീഡിയ പറയുന്നു. തൃശൂരില്‍ ഒരു സീറ്റ് കിട്ടിയെന്നത് ശരി തന്നെ വര്‍ഗീയത വിളമ്പാനാണ് സുരേഷ് ഗോപിയുടെ തീരുമാനമെങ്കില്‍ അതിനെ രാഷ്ട്രീയപരമായും നിയമപരമായും നേരിടുമെന്നും സോഷ്യല്‍ മീഡിയ വ്യക്തമാക്കുന്നു.

അതേസമയം തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ രാഹുൽ ഗാന്ധിയ്ക്ക് അമേഠിയിൽ തന്നെ മത്സരിച്ചാൽ പോരായിരുന്നോ എന്ന ചോദ്യങ്ങളും വ്യാപകമായി ഉയർന്നു.

സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവും രാഹുലും സംയുക്തമായി നടത്തിയ പോരാട്ടത്തില്‍ ഉത്തര്‍പ്രദേശ് ആടിയുലഞ്ഞു എന്നതാണ് വാസ്തവം. തെരഞ്ഞെടുപ്പ് വിജയം യു.പിയിലെ സാധാരണക്കാരുടെയും ദളിതരുടെയും ന്യൂനപക്ഷങ്ങളുടെയും വിജയമാണെന്ന് ഇന്ത്യാ സഖ്യ നേതാക്കള്‍ പറഞ്ഞു.

Content Highlight: Social media mocking NDA candidate Shobha Surendran in Alappuzha

We use cookies to give you the best possible experience. Learn more