പരാതിപ്പെട്ടിട്ടും അശ്ലീല കമന്റുകളും ബലാത്സംഗ ഭീഷണിയും: അപർണ്ണ പ്രശാന്തിയെ വേട്ടയാടുന്ന സോഷ്യൽ മീഡിയാ വെട്ടുകിളികൾ
Gender Equity
പരാതിപ്പെട്ടിട്ടും അശ്ലീല കമന്റുകളും ബലാത്സംഗ ഭീഷണിയും: അപർണ്ണ പ്രശാന്തിയെ വേട്ടയാടുന്ന സോഷ്യൽ മീഡിയാ വെട്ടുകിളികൾ
ഷാരോണ്‍ പ്രദീപ്‌
Sunday, 27th May 2018, 12:59 pm

താരാരാധന തല്യ്ക്ക് പിടിച്ച ഭ്രാന്തന്മാരുടെ ഒരു വലിയ സംഘമുണ്ട് സോഷ്യൽ മീഡിയയിൽ. നടിയെ ആക്രമിച്ച കേസിൽ സിനിമാ നടൻ ദിലീപ് അറസ്റ്റിലായപ്പോഴും, കസബ സിനിമയ്ക്കെതിരെ നടി പാർവ്വതി വിമർശനം ഉന്നയിച്ചപ്പോഴും ഈ സാമൂഹ്യ വിരുദ്ധരുടെ ആക്രമണത്തിന്‌ കേരളം സാക്ഷ്യം വഹിച്ചതാണ്‌. എതിർപ്പ് ഉന്നയിക്കുന്നവരെ അശ്ലീല കമന്റുകൾ കൊണ്ടും വിദ്വേഷ പ്രചരണങ്ങൾ കൊണ്ടും  ആക്രമിക്കുന്ന ഈ സംഘം ഇപ്പോൾ ലക്ഷ്യമിട്ടിരിക്കുന്നത് സിനിമാ നിരൂപകയായ അപർണ്ണ പ്രശാന്തിയെയാണ്‌.

തന്റെ സ്വകാര്യ പ്രൊഫൈലിൽ തെന്നിന്ത്യൻ അഭിനേതാവ് അല്ലു അർജ്ജുന്റെ സിനിമയെ വിമർശിച്ച് കുറിപ്പിട്ട, അപർണ്ണയെ തെറിവിളികൾ കൊണ്ടും ബലാത്സംഗ ഭീഷണി കൊണ്ടുമാണ്‌ ആരാധകർ നേരിടുന്നത്. രണ്ടാഴ്ചയോളം മുമ്പ് തുടങ്ങിയ ആക്രമണം, അപർണ്ണ അധികാരികൾക്ക് പരാതി നൽകിയിട്ടും അവസാനിക്കുന്നില്ല.



നേരത്തെ അല്ലു അർജ്ജുൻ ഫാൻസ് ആൻഡ് വെൽഫെയർ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി പ്രഭു ശാന്തിവനം തന്നെ വിളിച്ച് ക്ഷമ ചോദിച്ചെന്ന് അപർണ്ണ സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കിയിരുന്നെങ്കിലും, സോഷ്യൽ മീഡിയാ ആക്രമണങ്ങൾക്ക് യാതൊരു കുറവുമില്ല.

‘അല്ലു അര്‍ജുന്റെ ഡബ്ബിങ് പടം കണ്ടു തലവേദന സഹിക്കാൻ വയ്യാതെ ഓടിപ്പോവാന്‍ നോക്കുമ്പോ മഴയത്ത് തീയറ്ററില്‍ പോസ്റ്റ് ആവുന്നതിനേക്കാള്‍ വലിയ ദ്രാവിഡുണ്ടോ’ എന്നായിരുന്നു മലയാളത്തിലേക്ക് ഡബ്ബ് ചെയ്ത അല്ലു അർജ്ജുന്റെ സിനിമയെ പറ്റി അപർണ്ണ ഫേസ്ബുക്കിൽ കുറിച്ചത്. സോഷ്യൽ മീഡിയയിലും, ഓൺ ലൈൻ മാധ്യമങ്ങളിലും സിനിമാ നിരൂപണ കുറിപ്പുകൾ എഴുതാറുള്ള അപർണ്ണ, ആദ്യമായല്ല സിനിമയെ പറ്റിയുള്ള തന്റെ കാഴ്ചപാട് സോഷ്യൽ മീഡിയയിൽ എഴുതുന്നത്. എന്നാൽ സിനിമയെ വിമർശിച്ചതിന്റെ പേരിൽ വലിയ രീതിയിൽ ആക്രമിക്കപ്പെടുന്നത് ഇതാദ്യം.



“ഒമ്പതാം തീയ്യതിയാണ്‌ ആക്രമണം ആരംഭിക്കുന്നത്, അന്ന് തന്നെ മലപ്പുറം സൈബർ സെല്ലിലേക്കും ഹൈടെക്ക് സെല്ലില്ലേക്കും സംഭവം ശ്രദ്ധയിൽ പെടുത്തികൊണ്ട് മെയിൽ അയച്ചിരുന്നു. രണ്ട് ദിവസത്തിന്‌ ശേഷം നേരിട്ട് പോയും പരാതി നൽകി. ഉടനെ നടപടി സ്വീകരിക്കാമെന്നും, ഫേസ്ബുക്ക് അധികൃതരുമായി ബന്ധപ്പെട്ട് വിവരങ്ങൾ ശേഖരിച്ച ശേഷം കൂടുതൽ നിയമനടപടികളുമായി മുന്നോട്ട് പോകാമെന്നുമാണ്‌ സൈബർ സെല്ലിൽ നിന്ന് ലഭിച്ച മറുപടി. എന്നാൽ ഇതുവരെ പുരോഗതി ഒന്നും ഉണ്ടായതായി അറിവില്ല. മുഖ്യമന്ത്രി പിണറായി വിജയനും ഇ-മെയിൽ വഴി  പരാതി നൽകിയിരുന്നെങ്കിലും, പരാതി കിട്ടി എന്ന മറുപടിയല്ലാതെ നടപടികളൊന്നും ഉണ്ടായില്ല.”,  അപർണ്ണ പ്രശാന്തി ഡൂൾന്യൂസിനോട് പറഞ്ഞു.



അശ്ലീല കമന്റുകൾ പലതും ഫേക്ക് പ്രൊഫൈലുകളിൽ നിന്നാണ്‌ പോസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നത്. അതുകൊണ്ട് തന്നെ സൈബർ സെല്ലിന്റെ സഹായമില്ലാതെ ഉറവിടം കണ്ടെത്തുക എളുപ്പല്ല. ഏത് മാധ്യമം വഴിയാണ്‌ അപർണ്ണയ്ക്കെതിരെയുള്ള ആക്രമണത്തിനുള്ള അഹ്വാനം നടക്കുന്നതെന്നും വ്യക്തമല്ല. വാട്ട്സാപ്പ് ഗ്രൂപ്പുകൾ വഴിയാണെന്നാണ്‌ അനുമാനം. പല പ്രൊഫൈലുകളും കമന്റിൽ ബലാത്സംഗ ഭീഷണികളും മുഴക്കുന്നുണ്ട്.

കേസിന്റെ പുരോഗതി അറിയാൻ ഉടൻ തന്നെ സൈബർ സെല്ലുമായി ബന്ധപ്പെടുമെന്ന് അപർണ്ണ പ്രശാന്തി അറിയിച്ചു. സാധ്യതകൾ പരിശോധിച്ച ശേഷം ദേശീയ മനുഷ്യാവകാശ കമ്മീഷനും, മാനനഷ്ട്കേസിനും അപർണ്ണ പരാതി നൽകും എന്നാൽ ഫേക്ക് പ്രൊഫൈലുകളാണ്‌ കൂടുതൽ എന്നത് കൊണ്ട് സൈബർ സെല്ലിന്റെ ഭാഗത്ത് നിന്ന് മറുപടി ഉണ്ടായാലേ കൂടുതൽ നടപടികളുമായി മുന്നോട്ട് പോവാൻ സാധിക്കൂ എന്നും അപർണ്ണ പറയുന്നു.

സ്വതന്ത്രമായ് അഭിപ്രായ പ്രകടനം നടത്തുന്ന സ്ത്രീകളെ കൂട്ടമായി ആക്രമിക്കുന്നത്  സോഷ്യൽ മീഡിയയിൽ പതിവായിരിക്കുകയാണെന്നും. നീയൊരു പെണ്ണാണെന്നും, നിനക്ക് അഭിപ്രായ സ്വാതന്ത്ര്യം ഇല്ലെന്നും ഓർമിപ്പിച്ചു കൊണ്ട് വരുന്ന കമന്റുകൾ നിസ്സാര സംഭവമല്ല. നേരത്തെ സിനിമാ നടി പാർവ്വതി, റിമാ കല്ലിങ്കൽ എന്നിവരും അഭിപ്രായ പ്രകടനത്തിന്റെ പേരിൽ ആക്രമിക്കപ്പെട്ടിരുന്നു.

ഷാരോണ്‍ പ്രദീപ്‌
സ്വതന്ത്ര മാധ്യമപ്രവര്‍ത്തകന്‍