|

'വയോജനങ്ങളുടെ കൺസെഷൻ എടുത്തുമാറ്റിയ റെയിൽവേ മോദിയുടെ സെൽഫി ബൂത്തുകൾക്ക് കോടികൾ ചെലവഴിക്കുന്നു'

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫോട്ടോയുള്ള സെൽഫി ബൂത്തുകൾ റെയിൽവേ സ്റ്റേഷനുകളിൽ സ്ഥാപിക്കുന്നതിനെതിരെ പ്രതിഷേധം.

വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയിൽ ഓരോ സ്ഥിരം സെൽഫി പോയിന്റിനും 6.25 ലക്ഷം രൂപ വീതവും താത്കാലിക സെൽഫി ബൂത്തുകൾക്ക് 1.25 ലക്ഷം രൂപ വീതവുമാണ് കേന്ദ്രം അംഗീകരിച്ചത്.

മുംബൈ, ബുസവൽ, നാഗ്പൂർ, പൂനെ, സോളാപൂർ എന്നീ അഞ്ച് ഡിവിഷനുകൾക്ക് കീഴിലുള്ള 50 സ്റ്റേഷനുകളിലാണ് സെൽഫി ബൂത്തുകൾ സ്ഥാപിച്ചത്.

നികുതി അടക്കുന്നവരുടെ പണം കൊണ്ട് മോദി സ്വയം പുകഴ്ത്തുകയാണെന്ന് സമൂഹ മാധ്യമങ്ങളിൽ ആരോപണം ഉയർന്നു.

ട്രെയിനിനകത്തെ തിരക്കുള്ള ചിത്രങ്ങൾ പങ്കുവെച്ച് ‘ട്രെയിനിൽ നിന്ന് ഇറങ്ങിയ ശേഷമാണോ മോദി ജിക്കൊപ്പം സെൽഫി എടുക്കേണ്ടത്’ എന്ന് എക്‌സിൽ ഒരാൾ പോസ്റ്റ്‌ ചെയ്തു.

‘പാസഞ്ചർ ട്രെയിനുകളിൽ വൻ തിരക്ക്, ട്രെയിനുകൾ വൈകിയോടുന്നു, ട്രെയിൻ ദുരന്തങ്ങൾ സ്ഥിരമാകുന്നു, ടിക്കറ്റ് ബുക്ക് ചെയ്യുന്നത് പ്രയാസമാകുന്നു, ശുചിത്വം വലിയ പ്രശ്നമാണ്.
സർക്കാർ പറയുന്നു മോദി ജിക്കൊപ്പം സെൽഫി എടുക്കൂ എന്ന്,’ എക്‌സിൽ മറ്റൊരാൾ പോസ്റ്റ്‌ ചെയ്തു.

റെയിൽവേയിൽ വയോജനങ്ങൾക്ക് കൺസെഷൻ എടുത്തുമാറ്റി മോദിയുടെ ചിത്രമുള്ള ഓരോ സെൽഫി ബൂത്തുകൾക്കും 6.25 ലക്ഷം രൂപ ചെലവഴിക്കുകയാണ് എന്നും വിമർശനം ഉയർന്നു.

വിരമിച്ച റെയിൽവേ ഉദ്യോഗസ്ഥൻ അജയ് ബോസാണ് വിവരാവകാശം സമർപ്പിച്ചത്. സെൻട്രൽ റെയിൽവേ സ്റ്റേഷന്റെ ചെലവുകൾ മാത്രമാണ് ലഭിച്ചതെന്നും പശ്ചിമ, ദക്ഷിണ, ഉത്തര റെയിൽവേ കളുടെ ചെലവുകൾ വെളിപ്പെടുത്തിയിട്ടില്ലെന്നും അജയ് ബോസ് പറഞ്ഞു.

CONTENT HIGHLIGHT: Social media is unimpressed with Modi’s ‘selfie booths’, set up at a cost of Rs 1.62 crore