| Friday, 7th October 2022, 11:34 pm

പ്രഭാസിന്റെ പോസും കോപ്പി; ആദിപുരുഷിന്റെ പോസ്റ്ററിനെതിരെ വാനര്‍ സേന സ്റ്റുഡിയോസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ടീസര്‍ റിലീസിന് പിന്നാലെ ആദിപുരുഷ് നേരിടുന്ന പ്രശ്‌നങ്ങള്‍ അവസാനമില്ലാതെ തുടരുകയാണ്. ചിത്രത്തിന്റെ പോസ്റ്റര്‍ കോപ്പിയാണെന്ന സംശയങ്ങള്‍ ഉന്നയിക്കുകയാണ് സോഷ്യല്‍ മീഡിയ.

ഒരു കാല്‍ നിലത്ത് കുത്തി വില്ല് താഴേക്കും അമ്പ് മുകളിലേക്കും പിടിച്ചിരിക്കുന്ന പ്രഭാസിന്റെ പോസ് വാനര്‍ സേന സ്റ്റുഡിയോസിന്റെ ലോര്‍ഡ് ശിവ എന്ന ആര്‍ട്ട് വര്‍ക്കിനോട് സമാനമല്ലേ എന്നാണ് ഒരാള്‍ ഇന്‍സ്റ്റഗ്രാമില്‍ സംശയം ഉന്നയിച്ചത്. ഇരുചിത്രങ്ങളും ഒന്നിച്ചുവെച്ചുള്ള ഒരു ചിത്രവും ഇതിനൊപ്പം അയാള്‍ വാനര്‍ സേന ആര്‍ട്ട് വര്‍ക്കിനെ ടാഗ് ചെയ്ത് പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിനെ പിന്തുണച്ച് വാനര്‍ സേന ആര്‍ട്ട് വര്‍ക്കും ഈ ചിത്രം സോഷ്യല്‍ മീഡിയയില്‍ റീഷെയര്‍ ചെയ്തു.

രാമായണത്തെ തെറ്റായി കാണിക്കുന്നു എന്നാണ് ടീസര്‍ റിലീസിന് പിന്നാലെ ആദിപുരുഷിനെതിരെ വന്ന വിമര്‍ശനം. സിനിമയുടെ പ്രദര്‍ശനം തടയണമെന്ന് ആവശ്യപ്പെട്ട് അയോധ്യ രാമക്ഷേത്രത്തിലെ പൂജാരി സത്യേന്ദ്ര ദാസ് രംഗത്തെത്തിയിരുന്നു.

ശ്രീരാമനെയും ഹനുമാനെയും രാവണനെയും യാഥാര്‍ഥ്യത്തോട് നിരക്കാത്ത തരത്തിലാണ് ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഒരു സിനിമയുണ്ടാക്കുന്നത് കുറ്റമല്ല, എന്നാല്‍ മനപൂര്‍വം വിവാദമുണ്ടാക്കാനായി ഒരു സിനിമ ചെയ്യുന്നത് ശരിയല്ല- സത്യേന്ദ്ര ദാസ് പറഞ്ഞു.

വിമര്‍ശനങ്ങളില്‍ ഹൃദയം തകരുന്നുവെന്നാണ് സംവിധായകന്‍ ഓം റൗട്ട് പറഞ്ഞത്. ഇത് തിയേറ്ററിന് വേണ്ടിയുണ്ടാക്കിയ സിനിമയാണ്. മൊബൈല്‍ ഫോണില്‍ കാണുമ്പോള്‍ പൂര്‍ണതയില്‍ എത്തുകയില്ല. 3 ഡിയില്‍ കാണുമ്പോള്‍ അത് മനസ്സിലാകുമെന്നാണ് സംവിധായകന്‍ പറയുന്നത്.

കൃതി സനോണ്‍ ആണ് ചിത്രത്തില്‍ നായിക. 2023 ജനുവരി 12-നാണ് ചിത്രത്തിന്റെ റിലീസ്. ഹിന്ദിക്കും തെലുങ്കിനും പുറമേ തമിഴ്, മലയാളം, കന്നഡ ഭാഷകളിലും മൊഴിമാറ്റിയെത്തും. ഐമാക്സ് 3ഡി ഫോര്‍മാറ്റിലും ചിത്രമിറങ്ങുന്നുണ്ട്.

Content Highlight: Social media is raising doubts that the poster of the film adipurush is a copy

We use cookies to give you the best possible experience. Learn more