വിജയ് ചിത്രമായ ലിയോയിലെ നാ റെഡി എന്ന പാട്ടിലെ ചില രംഗങ്ങള് കട്ട് ചെയ്യണമെന്ന സെന്‍സര്‍ ബോര്‍ഡിന്റെ നിര്‍ദേശം കഴിഞ്ഞ ദിവസം വാര്‍ത്താശ്രദ്ധ നേടിയിരുന്നു.
പുകവലിയെ ആഘോഷിക്കുന്ന വരികള്‍ നീക്കണമെന്നാണ് സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ചത്. പാട്ടുരംഗത്തില്‍നിന്ന് മദ്യപാനത്തിന്റെയും പുകവലിയുടെയും ദൃശ്യങ്ങള്‍ കുറയ്ക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
യുവാക്കളെ ലഹരി ഉപയോഗിക്കാന്‍ പ്രേരിപ്പിക്കുന്നതാണ് ഇതിലെ വരികള്‍ എന്നുകാണിച്ച് അണൈത്തു മക്കള്‍ അരസിയല്‍ കക്ഷി പ്രസിഡന്റ് രാജേശ്വരി പ്രിയയാണ് സെന്‍സര്‍ ബോര്‍ഡിന് പരാതി നല്‍കിയത്. അത്തരം വരികള്‍ നീക്കംചെയ്യണമെന്നാവശ്യപ്പെട്ട് നിര്‍മാതാക്കളായ സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോയ്ക്ക് സെന്‍സര്‍ ബോര്‍ഡ് കഴിഞ്ഞദിവസം കത്തയക്കുകയും ചെയ്തിരുന്നു.
അതേസമയം സെന്‍സര്‍ ബോര്‍ഡിന്റെ തീരുമാനത്തിലെ ഇരട്ടത്താപ്പ് ചോദ്യം ചെയ്യുകയാണ് സോഷ്യല്‍ മീഡിയ. അടുത്തിടെ പുറത്ത് വന്ന രജിനികാന്ത് ചിത്രം ജയിലറിലാകെ പുകവലിക്കുന്ന ദൃശ്യങ്ങളുണ്ടെന്നും മോഹന്‍ലാലും രജിനികാന്തും ശിവ്‌രാജ്കുമാറും പുകവലിക്കുമ്പോള്‍ പ്രശ്‌നമില്ലാത്ത സെന്‍സര്‍ബോര്‍ഡിന് വിജയ് പുക വലിക്കുന്നതാണോ പ്രശ്‌നമെന്നും ചോദിക്കുകയാണ് സോഷ്യല്‍ മീഡിയ.
പാട്ടിലെ പുകവലി രംഗങ്ങള്‍ കട്ട് ചെയ്യാന്‍ പറയുന്ന സെന്‍സര്‍ ബോര്‍ഡ് ഇനി ആക്ഷന്‍ ചിത്രം കൂടിയായ ലിയോയിലെ ഫൈറ്റ് സീനുകളിലും ബ്രൂട്ടല്‍ രംഗങ്ങളിലും കത്തി വെക്കുമോയെന്നാണ് ആരാധകരുടെ ആശങ്ക.
നാ റെഡി എന്ന പാട്ട് രണ്ടുമാസം മുമ്പാണ് പുറത്തുവിട്ടത്. അനിരുദ്ധ് രവിചന്ദറിന്റെ സംഗീതത്തില്‍ വിജയ് തന്നെയാണ് പാട്ട് പാടിയിരിക്കുന്നത്. ഇതേ പാട്ട് ഗുണ്ടായിസത്തിനെ പ്രോത്സാഹിപ്പിക്കുന്നതാണെന്ന് കാണിച്ച് സെല്‍വം എന്നയാള്‍ നേരത്തേ പൊലീസിന് പരാതി നല്‍കിയിരുന്നു.
ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ലിയോ ഒക്ടോബറിലാണ് റിലീസ് ചെയ്യുന്നത്. തൃഷ, അര്‍ജുന്‍ സര്‍ജ, സഞ്ജയ് ദത്ത്, ബാബു ആന്റണി, മിഷ്‌കിന്‍ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
Content Highlight: Social media is questioning the double standards in the Censor Board’s decision about leo