ചിരിച്ചോണ്ട് സംസാരിച്ച ഔസേപ്പൂട്ടിയും കുര്യച്ചനും എന്ത് പറഞ്ഞാണ് തെറ്റിയത്; ഡയലോഗ് മ്യൂട്ട് ചെയ്തതോടെ കഥ തിരിയാതെ ഒ.ടി.ടി പ്രേക്ഷകര്‍
Film News
ചിരിച്ചോണ്ട് സംസാരിച്ച ഔസേപ്പൂട്ടിയും കുര്യച്ചനും എന്ത് പറഞ്ഞാണ് തെറ്റിയത്; ഡയലോഗ് മ്യൂട്ട് ചെയ്തതോടെ കഥ തിരിയാതെ ഒ.ടി.ടി പ്രേക്ഷകര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 10th August 2022, 2:47 pm

ജൂലൈ ഏഴിന് റിലീസ് ചെയ്തപ്പോള്‍ മുതല്‍ ചര്‍ച്ചകളിലേക്ക് ഉയര്‍ന്ന സിനിമയാണ് കടുവ. ഒരു ഇടവേളക്ക് ശേഷം മലയാളത്തിലെത്തുന്ന മാസ് ആക്ഷന്‍ സിനിമ എന്ന നിലയിലും സംവിധായകന്‍ ഷാജി കൈലാസിന്റെ തിരിച്ചുവരവ് എന്ന നിലയിലുമാണ് ചിത്രം ശ്രദ്ധിക്കപ്പെട്ടത്.

കടുവ തിയേറ്ററില്‍ ശ്രദ്ധിക്കപ്പെട്ടെങ്കിലും വിവാദവും വിളിച്ചുവരുത്തി. ഡൗണ്‍ സിന്‍ഡ്രോമുള്ള കുട്ടിയെ കുറിച്ചുള്ള നായകന്റെ ഡയലോഗാണ് വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചത്. ജോസഫ് ചാണ്ടി എന്ന കഥാപാത്രത്തിന്റെ പ്രവൃത്തിയുടെ ഫലമായിട്ടാണ് അദ്ദേഹത്തിന്റെ മകന് ആ അവസ്ഥ വന്നതെന്നായിരുന്നു നായകന്റെ ഡയലോഗ്.

വിമര്‍ശനങ്ങള്‍ ശക്തമായതോടെ ഡയലോഗ് ചിത്രത്തില്‍ നിന്നും മ്യൂട്ട് ചെയ്തിരുന്നു. എന്നാല്‍ ഡയലോഗ് ഒഴിവാക്കിയത് കൊണ്ടുള്ള മറ്റ് ചില പ്രശ്‌നങ്ങള്‍ ചൂണ്ടികാണിക്കുകയാണ് സോഷ്യല്‍ മീഡിയ. ചിത്രത്തിലെ ഏറ്റവും നിര്‍ണായകമായ ഡയലോഗ് ആയിരുന്നു അത്. കുര്യച്ചനും ജോസഫ് ചാണ്ടിയും തമ്മിലുള്ള പ്രശ്‌നങ്ങള്‍ക്കുള്ള മൂലകാരണം ആ ഡയലോഗാണ്. തന്റെ മകനെ പറ്റിയുള്ള കുര്യച്ചന്റെ പരാമര്‍ശമാണ് ജോസഫ് ചാണ്ടിയില്‍ പക വളര്‍ത്തുന്നത്.

ഇപ്പോള്‍ ഈ ഡയലോഗ് മ്യൂട്ട് ചെയ്ത് കേള്‍പ്പിക്കുന്നത് കൊണ്ട് ഇവര്‍ തമ്മിലുള്ള പകയുടെ കാരണം എന്താണെന്ന് കാണുന്ന പ്രേക്ഷകര്‍ക്ക് മനസിലാവില്ല എന്നതാണ് ഒന്നാമത്തെ കാര്യം.

ചിരിച്ചു കൊണ്ട് സംസാരം തുടങ്ങുന്ന കുര്യച്ചനും ജോസഫ് ചാണ്ടിയും എന്തോ പറഞ്ഞ് തെറ്റുന്നു, അതെന്താണെന്നു ഇപ്പോള്‍ ആരോടും പറയാനും പറ്റില്ല. റിലീസ് ദിവസം കണ്ടവര്‍ക്ക് ആ ഡയലോഗ് മിസ്സ് ആയില്ല. വിവാദങ്ങള്‍ക്ക് ശേഷം സുപ്രധാനമായ ആ ഡയലോഗ് മ്യൂട്ട് ചെയ്തു, ഈ വിവാദങ്ങള്‍ ഒന്നും അറിയാതെ ടി.വിയില്‍ വരുമ്പോള്‍ സിനിമ കാണുന്ന ഒരാള്‍ക്ക് ഇവര്‍ തമ്മിലുള്ള ശത്രുതയുടെ തുടക്കമൊന്നും മനസ്സിലാകില്ലെന്നും ആ ഒരൊറ്റ ഡയലോഗ് സിനിമയുടെ മുഴുവന്‍ കഥയെയും കാണുന്ന പ്രേക്ഷകന്റെ ആസ്വാദനത്തെയും തന്നെ മാറ്റി മറിച്ചുവെന്നും സോഷ്യല്‍ മീഡിയയില്‍ അഭിപ്രായങ്ങളുയരുന്നു.

ഇത് ഉപയോഗിച്ച സോഷ്യല്‍ മീഡിയയില്‍ ട്രോളുകളും പ്രചരിക്കുന്നുണ്ട്. വിവാദമായത് കൊണ്ട്  സിനിമയില്‍ ഉള്‍പ്പെടുത്താനും, നിര്‍ണായകമായത് കൊണ്ട് ഒഴിവാക്കാനും പറ്റാത്ത ഡയലോഗായിരുന്നു ഇത്. എന്നാല്‍ ഡയലോഗ് നിരവധി പ്രശ്‌നങ്ങള്‍ വിളിച്ച് വരുത്തിയതിനാല്‍ ഒഴിവാക്കാതെ പറ്റില്ലായിരുന്നു. അതിന്റെ പേരില്‍ സംവിധായകനും നടനും പ്രസ് മീറ്റ് വിളിച്ച് മാപ്പ് പറയേണ്ട അവസ്ഥ വരെ വന്നു.

അതേസമയം ഇത് കുര്യച്ചന്റെ മേക്ക് സീനാണ് എന്ന തരത്തിലുള്ള ട്രോളുകളും സോഷ്യല്‍ മീഡിയയില്‍ വരുന്നുണ്ട്. അസാധാരണമായതോ ആളുകളോ പ്രകോപിപ്പിക്കുന്നതോ ആയ വെല്ലുവിളികള്‍ ഏറ്റെടുത്ത് പൊതുമധ്യത്തില്‍ പരസ്യമായി ചെയ്യുന്ന മേക്ക് എ സീന്‍ കൗമാരപ്രായക്കാര്‍ക്കിടയിലും യുവാക്കള്‍ക്കിടയിലും വൈറലായിരുന്നു. ഒരാളുടെ വീട്ടില്‍ ചെന്ന് ഒരാവശ്യവുമില്ലാതെ അയാളെ കാറില്‍ നിന്നും ഇറക്കി മാറ്റിനിര്‍ത്തി മകനെ പറ്റി അനാവശ്യം പറഞ്ഞ കുര്യച്ചന്റെ മേക്ക് എ സീനായിരുന്നു അതെന്നാണ് സോഷ്യല്‍ മീഡിയ ട്രോളുന്നത്.

Content Highlight: Social media is pointing out some other issues with the omission of controversial dialogue