| Friday, 17th March 2023, 8:00 am

പ്രായമുള്ള ചേട്ടന്മാര്‍ക്കാണ് ഞരമ്പ് രോഗം കൂടുതല്‍, ഒരിക്കല്‍ ബസില്‍ നിന്നും മോശം സ്പര്‍ശം ഉണ്ടായി: ജാസ്മിന്‍ ജാഫര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ചുരുങ്ങിയ കാലങ്ങള്‍ കൊണ്ട് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയയായ ഇന്‍ഫ്‌ളൂവന്‍സറാണ് ജാസ്മിന്‍ ജാഫര്‍. ബസില്‍ നിന്നും താന്‍ നേരിട്ട ദുരനുഭവത്തെക്കുറിച്ച് പറയുകയാണ് ജാസ്മിന്‍. ബസില്‍ നിന്നും മോശം സ്പര്‍ശങ്ങള്‍ തനിക്ക് നേരെ ഉണ്ടായിട്ടുണ്ടെന്നും പക്ഷെ അവര്‍ക്കെതിരെ പ്രതികരിക്കാറുണ്ടെന്നും ജാസ്മിന്‍ പറഞ്ഞു.

കൂടുതലും പ്രായം ചെന്നവര്‍ക്കാണ് ഇത്തരത്തിലുള്ള മോശം സ്വഭാവങ്ങള്‍ കൂടുതല്‍ ഉള്ളതെന്നും ജാസ്മിന്‍ പറഞ്ഞു. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തിലാണ് ജാസ്മിന്‍ ജാഫര്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.

”ഈ ബസില്‍ ഒക്കെ കേറുമ്പോള്‍ എന്തെങ്കിലും തോണ്ടലൊക്കെ ഉണ്ടാകും. ഒരുങ്ങിയാലും ഇല്ലെങ്കിലും അത്തരം പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരും. അത്തരത്തിലുള്ള അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. പക്ഷെ ഞാന്‍ തിരിച്ച് നന്നായിട്ട് പറയും.

അതിന്റെ പേരില്‍ ഞാന്‍ ട്രോമയിലൊന്നും പോവില്ല തിരിച്ച് നന്നായി പറഞ്ഞിട്ടേ വരുകയുള്ളൂ. ഒരു ദിവസം കോളേജില്‍ പോയി വരുമ്പോള്‍ ബസില്‍ ഭയങ്കര തിരക്കായിരുന്നു. അപ്പോള്‍ നമ്മള്‍ അങ്ങോട്ടും ഇങ്ങോട്ടും നീങ്ങികൊണ്ടിരിക്കുമല്ലോ.

എനിക്ക് തോന്നുന്നത് ഈ പ്രായമുള്ള ചേട്ടന്മാര്‍ക്കാണ് ചൊറിച്ചില്‍ കൂടുതല്‍. ആദ്യം ബാക്കില്‍ തട്ടുമ്പോള്‍ നമ്മള്‍ വിചാരിക്കും ബസിന്റെ തിരക്കാണെന്ന്. പക്ഷെ പിന്നെയും മനപൂര്‍വം തട്ടുമ്പോള്‍ നമുക്ക് അറിയാന്‍ പറ്റുമല്ലോ.

തിരിഞ്ഞ് നിന്ന് ഞാന്‍ നല്ലോണം തെറി പറഞ്ഞു. എന്തൊക്കെയാണ് പറഞ്ഞതെന്ന് ഓര്‍മയില്ല. അത്രയും തെറിയാണ് പറഞ്ഞത്. അടുത്ത സ്റ്റോപ്പില്‍ തന്നെ ആ ചേട്ടന്‍ ഇറങ്ങി പോയി. അതിന് ശേഷം ഏതൊക്കെയോ കുറച്ച് കോളേജ് പിള്ളേര് അടുത്ത് വന്ന് ചൊറിയാന്‍ നോക്കി. മാറി നില്‍ക്ക് ഇനി എന്തെങ്കിലും തൊട്ടു പോയിട്ട് മതി പറയാന്‍ എന്നുള്ള രീതിയില്‍ പറഞ്ഞു കൊണ്ടിരുന്നു.

അവര്‍ക്ക് നമ്മുടെ അവസ്ഥ മനസിലാവണമെങ്കില്‍ ഇതുപോലെ പെങ്ങള്‍ക്കോ അല്ലെങ്കില്‍ അവരുടെ അടുത്ത ആര്‍ക്കെങ്കിലും വരണം. പെങ്ങള്‍ക്കോ അമ്മക്കോ ഈ അവസ്ഥ വരുമ്പോള്‍ മനസിലാകുമെന്ന് പറഞ്ഞ് ഞാന്‍ ബസില്‍ നിന്നിറങ്ങി,” ജാസ്മിന്‍ ജാഫര്‍ പറഞ്ഞു.

content highlight: social media influencer jasmine jaffer about bad experience

We use cookies to give you the best possible experience. Learn more