national news
ക്രിസ്ത്യാനികളെ കൊല്ലണം, ബലാത്സംഗം ചെയ്യണം: വംശഹത്യാ ആഹ്വാനവുമായി ഹിന്ദുത്വ ഇന്‍ഫ്ലുവന്‍സര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Feb 24, 02:24 am
Monday, 24th February 2025, 7:54 am

റായ്പൂർ: ക്രിസ്‌ത്യാനികളെ ആക്രമിക്കാനും ബലാത്സംഗം ചെയ്യാനും കൊല്ലാനും ആഹ്വാനം ചെയ്‌ത്‌ ഛത്തീസ്‌ഗഡിലെ തീവ്രഹിന്ദുത്വ വാദിയായ ഇന്‍ഫ്ലുവന്‍സര്‍ ആദേഷ്‌ സോണി.

ഛത്തീസ്ഗഡിലെ ബിഷ്രാംപൂർ, ഗണേഷ്പൂർ, ഗനക്‌പുർ എന്നീ ഗ്രാമങ്ങളിലുടനീളം ക്രിസ്ത്യാനികളെ ആക്രമിക്കാനും ബലാത്സംഗം ചെയ്യാനും കൊല്ലാനുമാണ് പ്രാദേശിക ഹിന്ദുത്വ നേതാവും സോഷ്യൽ മീഡിയ സ്വാധീനമുള്ളയാളുമായ ആദേശ് സോണിയുടെ ആഹ്വനം. ക്രിസ്തുമത വിശ്വാസികൾ മതപരിവർത്തനം നടത്തി കുട്ടികളെ ബ്രെയിൻ വാഷ് ചെയ്യുന്നുവെന്ന് ആരോപിച്ചായിരുന്നു ആക്രമണ ആഹ്വാനം.

തന്റെ സോഷ്യൽ മീഡിയയിലൂടെയായിരുന്നു സോണിയുടെ ആഹ്വനം. വ്യാപകമായി പ്രചരിച്ച ഒരു വീഡിയോയിൽ, ക്രിസ്ത്യൻ പുരുഷന്മാരെ കൊലപ്പെടുത്താനും സ്ത്രീകളെയും കുട്ടികളെയും ബലാത്സംഗം ചെയ്യാനും, വസ്ത്രം ഉരിഞ്ഞെടുക്കാനും, പരസ്യമായി അപമാനിക്കാനും, കൊല്ലാനും സോണി ആഹ്വാനം ചെയ്യുന്നു.

‘എല്ലാ ക്രിസ്ത്യാനികളെയും കൊല്ലുക, അവരുടെ പെൺമക്കളുടെയും മരുമക്കളുടെയും മാനം തകർക്കുക, അവരെ ബലാത്സംഗം ചെയ്യുക, ക്രിസ്ത്യൻ വീടുകളിൽ ബലമായി കയറി ആരെയും വെറുതെ വിടാതെ എല്ലാവരെയും നാഴിപ്പിക്കണം. എല്ലാവരെയും കൊന്നൊടുക്കണം. ഇതായിരിക്കണം നമ്മുടെ പദ്ധതി,’ ആദേശ് സോണി സോഷ്യൽ മീഡിയയിൽ പ്രഖ്യാപിച്ചു.

തനിക്ക് ഭരണകൂടത്തിന്റെ പിന്തുണയുണ്ടെന്ന് അവകാശപ്പെട്ടായിരുന്നു ഇയാളുടെ ആക്രമണ ആഹ്വാനം. ‘എനിക്ക് ഭരണകൂടത്തിന്റെ പിന്തുണ ലഭിച്ചു, എനിക്ക് അത് മതി,’ സോണി അവകാശപ്പെട്ടു.

2025 മാർച്ച് ഒന്നിന് ഈ ആക്രമണം നടക്കുമെന്നും, ആക്രമണത്തിനായി കുറഞ്ഞത് 50,000 പേരെയെങ്കിലും അണിനിരത്തണമെന്നും സോണി തന്റെ അനുയായികളോട് ആഹ്വാനം ചെയ്തു. ക്രിസ്ത്യൻ കുടുംബങ്ങളെ ലക്ഷ്യം വെക്കണമെന്നും അവരുടെ വിശ്വാസത്തിന്റെ ഒരു അടയാളം പോലും ഈ മേഖലയിൽ ഉണ്ടാവരുതെന്നും അതെല്ലാം തുടച്ചുനീക്കപ്പെടുമെന്നും സോണി പ്രസ്താവിച്ചു.

തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ, ശങ്കരാചാര്യ അവിമുക്തേശ്വരാനന്ദ സരസ്വതി പ്രയാഗ്‌രാജിൽ നടത്തിയ പ്രസംഗത്തെക്കുറിച്ചും സോണി പരാമർശിച്ചു. ഹിന്ദുക്കൾ എല്ലാ ക്രിസ്ത്യാനികളെയും കൊല്ലണം, ആരെയും വെറുതെ വിടരുത് എന്ന് പ്രയാഗ്‌രാജിൽ വെച്ച് സരസ്വതി പ്രസംഗിച്ചിരുന്നു.

‘നമ്മുടെ മാതാവായ പശുവിനെ കൊല്ലുന്നവരെ കൊല്ലൂ. പശുവിനെ കൊല്ലുന്നവർക്ക് വധശിക്ഷ ആവശ്യപ്പെടരുത്, അവരെ കൊന്ന് നിങ്ങൾക്ക് വധശിക്ഷ ആവശ്യപ്പെടുക. നിയമം പ്രാബല്യത്തിൽ വരുന്നത് വരെ കാത്തിരിക്കരുത്,’ അവിമുക്തേശ്വരാനന്ദ് 1,000 ഹിന്ദുക്കളോട് ആഹ്വാനം ചെയ്തു.

ഇന്ത്യയിലെ ഛത്തീസ്ഗഢിൽ നിന്നുള്ള സ്വയം പ്രഖ്യാപിത ലൈഫ് കോച്ച്, കമ്മ്യൂണിക്കേഷൻ ട്രെയിനർ, കവി, എഴുത്തുകാരൻ എന്നീ നിലകളിൽ അറിയപ്പെടുന്ന ആദേശ് സോണി, ക്രിസ്ത്യൻ സമൂഹത്തിനെതിരായ അപകടകരവും പ്രകോപനപരവുമായ പ്രസ്താവനകളിലൂടെയാണ് കുപ്രസിദ്ധി നേടിയത്.

 

Content Highlight:  social media influencer Aadesh Soni called on Hindus to attack, rape, and kill Christians