'ഇതാണ് ജൂറി, ഇതാകണം ജൂറി'; കശ്മീര്‍ ഫയല്‍സിനെതിരെ തുറന്നടിച്ച നദാവ് ലാപിഡിന് അഭിനന്ദന പ്രവാഹം
Entertainment
'ഇതാണ് ജൂറി, ഇതാകണം ജൂറി'; കശ്മീര്‍ ഫയല്‍സിനെതിരെ തുറന്നടിച്ച നദാവ് ലാപിഡിന് അഭിനന്ദന പ്രവാഹം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 28th November 2022, 11:48 pm

53ാം അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ വെച്ച് ദ കശ്മീര്‍ ഫയല്‍സ് എന്ന ചിത്രത്തിനെതിരെ രൂക്ഷവിമര്‍ശനമുന്നയിച്ച ജൂറി ചെയര്‍പേഴ്‌സണ്‍ നദാവ് ലാപിഡിന് അഭിനന്ദന പ്രവാഹം. ചിത്രം പ്രൊപഗണ്ടയാണെന്ന് തുറന്നുപറയാന്‍ ധൈര്യം കാണിച്ചതിന് നന്ദിയുണ്ടെന്നാണ് അദ്ദേഹത്തിന്റെ പ്രസംഗത്തിന്റെ വീഡിയോ ഷെയര്‍ ചെയ്തുകൊണ്ട് നിരവധി പേര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.

ഇത്തരം ജൂറികളും സംവിധായകരുമാണ് സിനിമക്ക് ആവശ്യമെന്നും കമന്റുകള്‍ ഉയരുന്നുണ്ട്. ഇന്‍ഫര്‍മേഷന്‍ ആന്റ് ബ്രോഡ് കാസ്റ്റിങ് കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കൂര്‍ അടക്കമുള്ളവര്‍ വേദിയിലിരിക്കെയാണ് നദാവ് ഇക്കാര്യങ്ങള്‍ പറഞ്ഞതെന്നതും പ്രശംസിക്കപ്പെടുന്നുണ്ട്.

നേരത്തെ ബി.ജെ.പിയുടെ മന്ത്രിമാരടക്കമുള്ള മുതിര്‍ന്ന നേതാക്കളും അനുഭാവികളും ചിത്രത്തെ പുകഴ്ത്തി മുന്നോട്ടുവന്നിരുന്നു. എല്ലാവരും ചിത്രം തിയേറ്ററുകളില്‍ പോയി കാണണമെന്ന് ഇവര്‍ ആഹ്വാനവും ചെയ്തിരുന്നു.

ഐ.എഫ്.എഫ്.ഐ (ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് ഇന്ത്യ)യുടെ സമാപനച്ചടങ്ങില്‍ വെച്ചായിരുന്നു ഇസ്രാഈലി സിനിമാ സംവിധായകനായ നദാവ് ലാപിഡ് കശ്മീര്‍ ഫയല്‍സിനെ പരസ്യമായി വിമര്‍ശിച്ചത്.

നവാദിന്റെ പ്രസംഗത്തില്‍ കശ്മീര്‍ ഫയല്‍സിനെതിരെ പറയുന്ന ഭാഗത്തിന്റെ ഒരു മിനിട്ടോളം ദൈര്‍ഘ്യമുള്ള വീഡിയോ ട്വിറ്ററിലും ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലുമെല്ലാം ഇതിനോടകം വൈറലായി കഴിഞ്ഞു.

മേളയിലെ മത്സരവിഭാഗത്തിലേക്ക് ഈ ചിത്രത്തെ ഒരിക്കലും പരിഗണിക്കാന്‍ പാടില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കലാപരമായ മൂല്യങ്ങളൊന്നുമില്ലാത്ത ചിത്രം പ്രൊപഗണ്ട മാത്രമാണെന്നുമാണ് നദാവ് പറഞ്ഞത്.

‘ഈ പരിപാടിയിലെ സിനിമകളുടെ സമ്പന്നതക്കും വൈവിധ്യത്തിനും ഞാന്‍ ഫെസ്റ്റിവല്‍ തലവനോടും പ്രോഗാമിങ് ഡയറക്ടറോടും ആദ്യമേ തന്നെ നന്ദിയറിയിക്കുന്നു. നവാഗതരുടെ കാറ്റഗറിയില്‍ മത്സരത്തിനെത്തിയ ഏഴ് സിനിമകള്‍ ഞങ്ങള്‍ കണ്ടു, അന്താരാഷ്ട്ര വിഭാഗത്തിലെ ഏഴ് സിനിമകളും.

മേളയുടെ മുഖമുദ്രകളാണല്ലോ മത്സരത്തിനെത്തുന്ന ചിത്രങ്ങള്‍. ഈ വിഭാഗത്തിലെ 14 ചിത്രങ്ങള്‍ക്കും സിനിമാറ്റിക് ഗുണങ്ങളും പോരായ്മകളും ഉണ്ടായിരുന്നു. ഞങ്ങള്‍ക്കിടയില്‍ ആഴമേറിയ ചര്‍ച്ചകള്‍ക്ക് ഈ ചിത്രങ്ങള്‍ വഴിവെച്ചു.

പക്ഷെ 15ാമത്തെ ചിത്രമായ ദ കശ്മീരി ഫയല്‍സ് കണ്ട് ഞങ്ങളാകെ ഞെട്ടിപ്പോയി. ആ ചിത്രം ഞങ്ങളെ ശരിക്കും അസ്വസ്ഥപ്പെടുത്തി. കാരണം വളരെ വൃത്തികെട്ട ഒരു പ്രൊപഗണ്ട ചിത്രമായിരുന്നു അത്. ഇത്രയും പേരുകേട്ട ഒരു മേളയിലെ കലാമൂല്യമുള്ള സിനിമകള്‍ മത്സരിക്കുന്ന വിഭാഗത്തിലേക്ക് കടന്നുവരാനുള്ള ഒരു യോഗ്യതയും ആ ചിത്രത്തിനില്ലായിരുന്നു.

ഈ വേദിയില്‍ ഇങ്ങനെ അഭിപ്രായം തുറന്നുപറയുന്നതില്‍ എനിക്ക് ഒരു ബുദ്ധിമുട്ടും തോന്നുന്നില്ല. വിമര്‍ശനങ്ങളെല്ലാം സ്വീകരിക്കാന്‍ കഴിയുന്ന ഒരു സ്പിരിറ്റ് ഈ മേളക്കുണ്ട്. കലയിലും ജീവിതത്തിലും വിമര്‍ശനങ്ങള്‍ അനിവാര്യമാണല്ലോ,’ എന്നായിരുന്നു നവാദിന്റെ വാക്കുകള്‍.

ജൂറി തകര്‍ത്തു, ഇതാണ് ജൂറിയുടെ ധൈര്യം, ഇവരെയൊക്കെ അക്ഷരം തെറ്റാതെ ജൂറി എന്ന് വിളിക്കാന്‍ തോന്നും എന്ന് തുടങ്ങി അനുപം ഖേറിനും വിവേക് അഗ്നിഹോത്രിക്കും ഒന്നും പറയാനില്ലേ എന്ന് വരെ വീഡിയോക്ക് താഴെ കമന്റുകള്‍ നിറയുന്നുണ്ട്.

തൊണ്ണൂറുകളില്‍ ജമ്മു കശ്മീരില്‍ നിന്നും കശ്മീരി പണ്ഡിറ്റുകള്‍ക്ക് പലായനം ചെയ്യേണ്ടി വന്ന സംഭവത്തെ ആസ്പദമാക്കി വിവേക് അഗ്നിഹോത്രി ഒരുക്കിയ ദി കശ്മീരി ഫയല്‍സിനെതിരെ റിലീസ് സമയത്ത് തന്നെ വ്യാപക വിമര്‍ശനമുയര്‍ന്നിരുന്നു.

ചിത്രം വിദ്വേഷ പ്രചരണങ്ങളും വ്യാജവാദങ്ങളും പടച്ചുവിടുകയാണെന്ന വിമര്‍ശനത്തോടൊപ്പം, ചിത്രം തെറ്റായ വസ്തുതകളാണ് അവതരിപ്പിക്കുന്നതെന്ന് ചരിത്രകാരന്മാരും ചൂണ്ടിക്കാട്ടിയിരുന്നു. സിനിമക്കെതിരെ കശ്മീരി പണ്ഡിറ്റുകളും രംഗത്തെത്തിയിരുന്നു.

Content Highlight: Social Media heaps praises over IFFI Jury chair person Nadav Lapid after he criticised Kashmir Files on the stage