സോഷ്യല്‍ മീഡിയ ഹര്‍ത്താല്‍ സംഘപരിവാര്‍ ഗൂഢാലോചന തന്നെ: പ്രതികള്‍ അറസ്റ്റില്‍
Kerala
സോഷ്യല്‍ മീഡിയ ഹര്‍ത്താല്‍ സംഘപരിവാര്‍ ഗൂഢാലോചന തന്നെ: പ്രതികള്‍ അറസ്റ്റില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 21st April 2018, 10:29 am

കോഴിക്കോട്: കഠ്‌വ സംഭവത്തില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച്ച സംസ്ഥാനത്ത് നടന്ന സോഷ്യല്‍ മീഡിയ ഹര്‍ത്താലിന് പിന്നില്‍ സംഘപരിവാര്‍. വോയ്‌സ് ഓഫ് ട്രൂത്ത് എന്ന വാട്‌സ് ആപ്പ് ഗ്രൂപ്പ് വഴി ഹര്‍ത്താലിന് ആഹ്വാനം ചെയ്ത തിരുവനന്തപുരം, കൊല്ലം സ്വദേശികളായ അഞ്ച് പേരെ് പൊലീസ് കസ്റ്റഡിയിലെടുത്തു.

മലപ്പുറം എസ്.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. പിടിയിലായവര്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകരാണെന്നാണ് പൊലീസ് പറയുന്നത്. എസ്.പി ദേബേഷ്‌കുമാര്‍ ബെഹ്‌റയുടെ നേതൃത്വത്തിലാണ് അന്വേഷണം.

20 നും 25 നും ഇടയില്‍ പ്രായമുള്ള യുവാക്കളാണ് പൊലീസ് പിടിയിലായിട്ടുള്ളത്. മലപ്പുറം കൂട്ടായി സ്വദേശിയായ ഒരു പതിനാറുകാരന്‍ കൂടി ഈ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അഡ്മിന്‍ ആണെന്ന് പൊലീസ് പറയുന്നു. താമസിയാതെ ഈ യുവാവും പിടിയിലാകുമെന്നും പൊലീസ് പറഞ്ഞു. പിടിയിലായവര്‍ ഇപ്പോ മഞ്ചേരി പൊലീസിന്റെ കസ്റ്റഡിയിലാണുള്ളത്. നേരത്തെ ഹര്‍ത്താലിന് ആഹ്വാനം നടത്തിയെന്നാരോപിച്ചു 16 വയസ്സുകാരന്റെ ഫോണ്‍ പൊലീസ് പിടിച്ചെടുത്ത് സൈബര്‍ സെല്ലിനു കൈമാറിയിരുന്നു. കുട്ടിയെ അഡ്മിനാക്കി യഥാര്‍ഥ പ്രതികള്‍ രക്ഷപ്പെടാന്‍ ശ്രമിക്കുകയാണെന്നും ആരോപണങ്ങളുണ്ടായിരുന്നു.


Read Also : ‘ജനകീയ ഹര്‍ത്താല്‍’ സംഘപരിവാറിന്റെ സൈബര്‍ വിംഗ് ആസൂത്രണം ചെയ്തതെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്; ലക്ഷ്യം വര്‍ഗീയ കലാപം: ചന്ദ്രിക പത്രം


ഇവര്‍ ഇത്തരം പോസ്റ്ററുകള്‍ നിര്‍മ്മിച്ചതിന് പിന്നിലെ ഗൂഢാലോചനയാണ് പൊലീസ് പ്രധാനമായും അന്വേഷിക്കുന്നത്. ഇത്തരം പോസ്റ്റുകള്‍ നിര്‍മിക്കാന്‍ ഇവരെ ആരെങ്കിലും പ്രേരിപ്പിച്ചോ, ഇവരുടെ രാഷ്ട്രീയ ബന്ധം അതിന് കാരണമായോ തുടങ്ങിയ കാരണങ്ങളാണ് പൊലീസ് അന്വേഷിക്കുന്നത്. പിടിയിലാവരെല്ലാം സംഘപരിവാര്‍ പ്രവര്‍ത്തകരും, സ്ഥിരമായി സംഘടനയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നവരുമാണ്.

“ജനകീയ ഹര്‍ത്താല്‍” എന്ന പേരില്‍ കേരളത്തില്‍ നടത്തിയ ഹര്‍ത്താലിനു പിന്നില്‍ സംഘപരിവാറിന്റെ സൈബര്‍ വിംഗാണെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സംസ്ഥാനത്ത് വര്‍ഗീയ സംഘര്‍ഷവും സാമുദാകിയ ധ്രുവീകരണവും സൃഷ്ടിക്കുകയെന്നതാണ് ഹര്‍ത്താല്‍ പ്രഖ്യാപനത്തിലൂടെ ലക്ഷ്യമിട്ടതെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. സംസ്ഥാന ഇന്റലിജന്‍സ് പൊലീസ് മേധാവിക്കു നല്‍കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നതെന്ന് ചന്ദ്രിക പത്രമായിരുന്നു റിപ്പോര്‍ട്ട് ചെയ്തത്.


Read Also : കഠ്‌വ പെണ്‍കുട്ടിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്: വിശദാംശങ്ങള്‍ ഇവയാണ്

ഹര്‍ത്താല്‍ എതിര്‍വിഭാഗം ഏറ്റെടുക്കുമെന്ന കണക്കുകൂട്ടലിലാണ് സംഘപരിവാറിന്റെ സൈബര്‍ വിഭാഗം ഇത്തരമൊരു പ്രചരണം സോഷ്യല്‍ മീഡിയവഴി നടത്തിയതെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. മലബാറില്‍ സംഘര്‍ഷവും വര്‍ഗീയ വികാരവും ആളിക്കത്തിക്കുകയായിരുന്നു സംഘപരിവാര്‍ ലക്ഷ്യം. പുരോഗമന ആശയത്തിന്റെ പേരില്‍ സൃഷ്ടിച്ച വ്യാജ പ്രൊഫൈല്‍ വഴിയാണ് സംഘപരിവാര്‍ തങ്ങളുടെ അജണ്ട നടപ്പിലാക്കിയതെന്നും ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നതായി ചന്ദ്രിക റിപ്പോര്‍ട്ട് ചെയ്തിരുന്നു.