സച്ചിനും ദ്രാവിഡും ലക്ഷ്മണും ഗാംഗുലിയും സെവാഗും ഇവനിലുണ്ട്; കോഹ്‌ലിയുടെ ഒറ്റയാള്‍ പോരാട്ടത്തെ വാഴ്ത്തി സോഷ്യല്‍മീഡിയ
India vs England
സച്ചിനും ദ്രാവിഡും ലക്ഷ്മണും ഗാംഗുലിയും സെവാഗും ഇവനിലുണ്ട്; കോഹ്‌ലിയുടെ ഒറ്റയാള്‍ പോരാട്ടത്തെ വാഴ്ത്തി സോഷ്യല്‍മീഡിയ
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 3rd August 2018, 10:34 am

എഡ്ജ്ബാസ്റ്റണ്‍: ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റില്‍ ഇംഗ്ലണ്ട് നേരിയ ലീഡ് സ്വന്തമാക്കിയെങ്കിലും താരമായത് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയായിരുന്നു. കൂടെയുള്ളവരെല്ലാം ഇംഗ്ലീഷ് ബൗളര്‍മാര്‍ക്ക് മുന്നില്‍ പതറിയെങ്കിലും അനിഷേധ്യനായി നിന്ന കോഹ്‌ലി തന്റെ 22ാം ടെസ്റ്റ് സെഞ്ച്വറിയാണ് ഇന്നലെ കുറിച്ചത്.

സച്ചിന്‍, ദ്രാവിഡ്, ലക്ഷ്മണ്‍ ഗാംഗുലി, സെവാഗ് തുടങ്ങി ലോക ടെസ്റ്റ് ക്രിക്കറ്റിലെ മഹാരഥന്‍മാര്‍ അണിനിരന്നിരുന്ന ഇന്ത്യന്‍ ടീമിന്റെ ബാറ്റിംഗ് നിരയെ ഒറ്റയ്ക്കു താങ്ങിനിര്‍ത്തുന്ന പ്രകടനമായിരുന്നു ഇന്നലെ ഇന്ത്യന്‍ നായകന്റേത്. അതിന് സമാനമായാണ് പലരും കോഹ്‌ലിയുടെ ഇന്നിംഗ്‌സിനെ വാഴ്ത്തുന്നത്.

ALSO READ: മെസ്സിയെ ആശ്രയിക്കുന്നത് നിര്‍ത്തണം, മൗറിക്കെ പൊച്ചെറ്റീനോയെ കോച്ചാക്കണം: വെറോണ്‍

ഇന്ത്യന്‍ ബാറ്റിംഗ് നിരയിലെ പഞ്ചപാണ്ഡവരായിരുന്ന ഈ സംഘത്തിന്റെ ഒറ്റപ്പതിപ്പാണ് കോഹ്‌ലിയെന്നായിരുന്നു സോഷ്യല്‍ മീഡിയയിലെ കമന്റുകള്‍. മുന്‍പ് ധോണിയുടെ നേതൃത്വത്തില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യ തകര്‍ന്നടിഞ്ഞപ്പോള്‍ 3 സെഞ്ച്വറിയുമായി ദ്രാവിഡ് മാത്രമായിരുന്നു പിടിച്ചുനിന്നത്. ആ ഇന്നിംഗ്‌സിനെ അനുസ്മരിപ്പിക്കുന്ന പ്രകടനമായിരുന്നു കോഹ്‌ലിയുടേതെന്നായിരുന്നു ഒരാളുടെ കമന്റ്.

ലക്ഷ്മണിനെപ്പോലെ വെരി വെരി സ്‌പെഷ്യല്‍ ഇന്നിംഗ്‌സെന്നായിരുന്നു മറ്റൊരാളുടെ കമന്റ്. ഗാംഗുലിയുടെ അഗ്രസീവ് ക്യാപ്റ്റന്‍സിയും സെവാഗിന്റെ സ്‌ഫോടനാത്മകമായ ബാറ്റിംഗ് ശൈലിയും കോഹ്‌ലിയുടെ ഇ്ന്നിംഗ്‌സുകളുടെ കരുത്താണ്. കരിയറിന്റെ തുടക്കത്തില്‍ തന്നെ സ്ച്ചിന്റെ പിന്‍ഗാമിയെന്നാണ് കോഹ്‌ലിെ വിശേഷിപ്പിക്കുന്നത്.

ALSO READ: ലോക ബാഡ്മിന്റണ്‍; സൈന, സിന്ധു, സായ് പ്രണീത് ക്വാര്‍ട്ടറില്‍

എന്നാല്‍ കോഹ്‌ലിക്ക് തുല്യം കോഹ്‌ലി മാത്രമാണെന്നും കഴിഞ്ഞ പരമ്പരയില്‍ ആകെ 134 റണ്‍സ് മാത്രം നേടിയിരുന്ന വിരാട് ഇത്തവണ ആദ്യ മത്സരത്തില്‍ തന്നെ 149 റണ്‍സ് നേടിയത് വരാനിരിക്കുന്ന റണ്‍ മഴയുടെ സൂചനയാണെന്നും ചിലര്‍ പറയുന്നു.

287 റണ്‍സെടുത്ത ഇംഗ്ലണ്ടിന് മറുപടി നല്‍കാനെത്തിയ ഇന്ത്യ 274 ന് പുറത്തായി. ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിയുടെ തകര്‍പ്പന്‍ സെഞ്ച്വുറി പ്രകടനത്തിന്റെ കരുത്തിലാണ് ഇന്ത്യ ഭേദപ്പെട്ട സ്‌കോറിലേക്കെത്തിയത്.

മികച്ച തുടക്കമിട്ട വിജയിനെ ടോം കുറാന്‍ എല്‍.ബിയില്‍ കുരുക്കുകയായിരുന്നു. അംപയര്‍ പുറത്തല്ലെന്നാണ് വിധിച്ചതെങ്കിലും ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോ റൂട്ട് തീരുമാനം പുനഃപരിശോധിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. തൊട്ടുപിന്നാലെയെത്തിയ ലോകേഷ് രാഹുല്‍ നേരിട്ട ആദ്യപന്തു തന്നെ ബൗണ്ടറി കടത്തി തുടങ്ങിയെങ്കിലും തൊട്ടടുത്ത പന്തില്‍ ക്ലീന്‍ ബൗള്‍ഡായി.

വിശ്വസ്ത താരം ചേതേശ്വര്‍ പൂജാരയ്ക്ക് പകരം രാഹുലിനെ ടീമിലുള്‍പ്പെടുത്തിയ തീരുമാനം പാളിയെന്ന തോന്നലുണര്‍ത്തുന്നതായിരുന്നു രാഹുലിന്റെ പുറത്താകല്‍. പിന്നാലെ കുറന്റെ പന്തില്‍ അനാവശ്യ ഷോട്ടിന് ശ്രമിച്ച് ധവാനും മടങ്ങിയതോടെ ഇന്ത്യയുടെ മുന്‍നിര ബാറ്റിംഗ് നിര പാടെ തകര്‍ന്നടിയുകയായിരുന്നു.

ധവാനും മുരളി വിജയിയും ഹാര്‍ദിക്ക് പാണ്ഡ്യയും മികച്ച തുടക്കം നല്‍കി പ്രതീക്ഷ നല്‍കിയെങ്കിലും ഇംഗ്ലീഷ് ബൗളര്‍മാരുടെ മുന്നില്‍ അധിക നേരം പിടിച്ചു നില്‍ക്കാനായില്ല. ഇന്ത്യന്‍ നിരയില്‍ കോഹ്ലിക്ക് മാത്രമാണ് തിളങ്ങാനായത്.

ഇംഗ്ലണ്ടിനായി സാം കറന്‍ നാല് വിക്കറ്റ് നേടി. രണ്ട് വീതം വിക്കറ്റുമായി ജെയിംസ് ആന്‍ഡേഴ്സണ്‍, ആദില്‍ റഷീദ്, ബെന്‍ സ്റ്റോക്സ് എന്നിവരാണ് വിക്കറ്റ് പട്ടികയില്‍ ഇടം നേടിയ മറ്റു താരങ്ങള്‍.

നേരത്തെ, ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്സ് 287 റണ്‍സില്‍ അവസാനിച്ചിരുന്നു.