തിരുവനന്തപുരം: ഫേസ്ബുക്ക് ഉള്‍പ്പെടെയുള്ള വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ ഹാക്ക് ചെയ്യാന്‍ പുതിയ തന്ത്രവുമായി തട്ടിപ്പുകാര്‍ രംഗത്തുണ്ടെന്ന് സ്റ്റേറ്റ് പൊലീസ് മീഡിയ സെന്റര്‍ മുന്നറിയിപ്പ് നല്‍കി.
മെറ്റയുടേതിനു സമാനമായ കൃത്രിമ വെബ്‌സൈറ്റ് സൃഷ്ടിക്കുകയാണ് തട്ടിപ്പുകാരുടെ രീതി.
ഇന്‍ഫ്‌ലുവന്‍സര്‍മാര്‍ തയ്യാറാക്കുന്ന വീഡിയോയിലെ ഉള്ളടക്കം, സംഗീതം, തുടങ്ങിയവ സോഷ്യല്‍ മീഡിയയിലെ കമ്മ്യൂണിറ്റി സ്റ്റാന്‍ഡേര്‍ഡ് നിയമങ്ങള്‍ പാലിക്കുന്നില്ലെന്നും മോണിറ്റൈസേഷന്‍ നടപടിക്രമങ്ങള്‍ കോപ്പിറൈറ്റ് നിയമലംഘനം നടത്തിയെന്നും ചൂണ്ടിക്കാണിച്ചായിരിക്കും തട്ടിപ്പുകാര്‍ നിങ്ങള്‍ക്ക് സന്ദേശങ്ങള്‍ അയക്കുന്നത്. സമൂഹമാധ്യമ കമ്പനികളില്‍ നിന്നുള്ള സന്ദേശങ്ങളുടെ മാതൃകയില്‍ ആയിരിക്കും ഇത്.
യഥാര്‍ത്ഥ സന്ദേശമാണെന്ന് കരുതി ഉപഭോക്താക്കള്‍ സന്ദേശങ്ങളുടെ ലിങ്കില്‍ ക്ലിക്ക് ചെയ്യുന്നതോടുകൂടി സോഷ്യല്‍ മീഡിയ ഹാന്റിലുകളുടെ നിയന്ത്രണം ഹാക്കര്‍മാര്‍ കൈവശപ്പെടുത്തും.
മാത്രവുമല്ല തട്ടിയെടുത്ത അക്കൗണ്ടുകള്‍ വിട്ടു കിട്ടുന്നതിന് അവര്‍ വന്‍ തുകയായിരിക്കും ആവശ്യപ്പെടുക. അക്കൗണ്ടുകള്‍ വിട്ടു കിട്ടുന്നതിന് അവര്‍ അയച്ചു നല്‍കുന്ന ക്രിപ്‌റ്റോ കറന്‍സി വെബ്‌സൈറ്റുകളില്‍ പണം നിക്ഷേപിക്കാനും ഭീഷണിപ്പെടുത്തുമെന്ന് സ്റ്റേറ്റ് പൊലീസ് മീഡിയ സെന്റര്‍ അറിയിച്ചു.
അതിനാല്‍ സമൂഹമാധ്യമങ്ങളില്‍ വ്യക്തിഗതമായ അക്കൗണ്ടുകള്‍ ഉപയോഗിക്കുന്നവര്‍ എല്ലാവരും ജാഗ്രത പുലര്‍ത്തേണ്ടതുണ്ടെന്ന് സ്റ്റേറ്റ് പൊലീസ് മീഡിയ സെന്റര്‍ മുന്നറിയിപ്പ് നല്‍കി.
സെന്ററിന്റെ നിര്‍ദ്ദേശപ്രകാരം സമൂഹമാധ്യമ അക്കൗണ്ടുകള്‍ക്ക് ദ്വിതല സുരക്ഷാ സംവിധാനം ഏര്‍പ്പെടുത്താനുള്ള ക്രമീകരണം ഉപയോഗപ്പെടുത്താനും അക്കൗണ്ടുകളുടെ പാസ്‌വേഡ് നിര്‍മ്മിക്കുമ്പോള്‍ ജന്മദിനം,വര്‍ഷം, മൊബൈല്‍ ഫോണ്‍ നമ്പര്‍, വാഹനങ്ങളുടെ നമ്പര്‍, കുടുംബാംഗങ്ങളുടെ പേര് മുതലായവ ഉള്‍പ്പെടുത്താതിരിക്കാനും ശ്രദ്ധിക്കുക. കൂടാതെ മറ്റാര്‍ക്കും ഊഹിച്ചെടുക്കാന്‍ പറ്റാത്ത പാസ്വേഡുകള്‍ നിര്‍മ്മിക്കുകയും അവ എവിടെയും എഴുതിവെക്കാതിരിക്കാന്‍ ശ്രദ്ധിക്കുകയും ചെയ്യുക.
സമൂഹമാധ്യമങ്ങളോട് ബന്ധിപ്പിച്ചിട്ടുള്ള ഇമെയില്‍ മെസഞ്ചര്‍, ഇന്‍സ്റ്റഗ്രാം ഡയറക്ട് തുടങ്ങിയവയില്‍ നിന്നും വരുന്ന സന്ദേശങ്ങളോടും മൊബൈല്‍ ഫോണില്‍ വരുന്ന എസ്.എം.എസ് സന്ദേശങ്ങളോടും സൂക്ഷ്മതയോടു കൂടി മാത്രം പ്രതികരിക്കുക ഒരു കാരണവശാലും ലിങ്കുകളില്‍ ക്ലിക്ക് ചെയ്യാന്‍ പാടില്ല എന്നും നിര്‍ദ്ദേശങ്ങള്‍ സ്റ്റേറ്റ് പൊലീസ് മീഡിയ സെന്റര്‍ നല്‍കുന്നുണ്ട്.
Content Highlight: Social media Hackers