കോഴിക്കോട്: തിരുവനന്തപുരം സെക്രട്ടേറിയറ്റിന് മുന്നില്‍ വെച്ച് വേണുഗോപാലന്‍ നായര്‍ എന്നയാള്‍ തീകൊളുത്തി ആത്മഹത്യ ചെയ്ത സംഭവത്തില്‍ സംസ്ഥാന വ്യാപകമായി ഹര്‍ത്താല്‍ പ്രഖ്യാപിച്ച ബി.ജെ.പിക്കെതിരെ സോഷ്യല്‍ മീഡിയ. ശബരിമല വിഷയവുമായി ബന്ധപ്പെട്ടാണ് ബി.ജെ.പി. സമരപ്പന്തലിനു മുന്നില്‍ വെച്ച് വേണുഗോപാലന്‍ നായര്‍ ആത്മഹത്യ ചെയ്തതെന്ന വാദം പൊളിച്ചുകൊണ്ട് അദ്ദേഹത്തിന്റെ മരണമൊഴി പുറത്ത് വന്നതിന് പിന്നാലെയാണ് ബി.ജെ.പിയെ പരിഹസിച്ചു കൊണ്ടും രൂക്ഷമായി വിമര്‍ശിച്ചു കൊണ്ടും സോഷ്യല്‍ മീഡിയ രംഗത്തെത്തിയത്.
ശബരിമല പ്രായഭേദമന്യേ സ്ത്രീപ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിക്കെതിരെ പ്രക്ഷോഭം നടത്തുന്ന ബി.ജെ.പി നേരത്തേയും പല കാരണങ്ങള്‍ പറഞ്ഞും ഹര്‍ത്താല്‍ നടത്തിയിരുന്നു. ശബരിമല വിഷയത്തില്‍ ബി.ജെ.പി അടക്കമുള്ള സംഘപരിവാര്‍ സംഘടനകള്‍ നടത്തുന്ന ഇരട്ടത്താപ്പിനെ തുറന്നു കാട്ടിയും ട്രോളിയുമാണ് സോഷ്യല്‍ മീഡിയ വിമര്‍ശിക്കുന്നത്.
ഒരു ബലിധാനിയെ കിട്ടാന്‍ വേണ്ടി എന്തും ചെയ്യാന്‍ മടിക്കാത്ത പാര്‍ട്ടിയാണ് ബി.ജെ.പിയെന്നും നാളത്തെ ഹര്‍ത്താല്‍ ആത്മഹത്യ ചെയ്തു മരിച്ച വേണുഗോപാലന്റെ കുടുംബത്തെ അപമാനിക്കുകയാണെന്നുമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന വിമര്‍ശനം.
“അയാള്‍ ജീവിതം മടുത്തതിന് കേരള ജനത എന്തു പിഴച്ചടോ, നിങ്ങളുടെ രാഷ്ട്രീയ മുതലെടുപ്പ് ജനത്തിന്റെ ജീവിതം പൊറുതി മുട്ടിച്ചു വേണോ”. തുടങ്ങി നിരവധി പോസ്റ്റുകളും ട്രോളുകളും ഇതിനകം തന്നെ വന്നു തുടങ്ങിയിട്ടുണ്ട്.
കൂടാതെ ഒടിയന്റെ റിലീസ് നാളെ നടക്കാനിരിക്കെയുള്ള ബി.ജെ.പിയുടെ ഹര്‍ത്താലില്‍ പ്രതിഷേധവുമായി മോഹല്‍ലാല്‍ ഫാന്‍സും രംഗത്തെത്തിയിട്ടുണ്ട്. “ഹര്‍ത്താല്‍ കൊര്‍ത്താല്‍ എന്ന് പറഞ്ഞ് ഏട്ടന്റെ ഒടിയന്‍ റിലീസെങ്ങാനും തടയാന്‍ നിന്നാലുണ്ടോ പരട്ട സംഘികളേ ഏട്ടന്‍ ഫാന്‍സിന്റെ ശക്തി എന്താണെന്ന് നിങ്ങളറിയും, “നിങ്ങള്‍ ഹര്‍ത്താലോ എന്തു കോപ്പ് വേണേലും നടത്തിക്കോ പക്ഷെ നാളെ പടത്തിനു പോകുന്ന ഏതേലും ഒരുത്തനെ തൊടുകയോ തിയ്യേറ്ററില്‍ കയറി അലമ്പ് കളിക്കുകയോ ചെയ്താല്‍ ഏട്ടന്റെ പിള്ളേരേ ശെരിക്കും സ്വാഭാവം നിങ്ങള്‍ അറിയും” തുടങ്ങി നിരവധി കമന്റുകളാണ് ബി.ജെ.പിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലടക്കം വന്നുകൊണ്ടിരിക്കുന്നത്.
ജീവിതം മടുത്തത് കൊണ്ടാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത് എന്നാണ് വേണുഗോപാലന്‍ നായര്‍ മരണത്തിനു കീഴടങ്ങുന്നതിനു തൊട്ടുമുന്‍പ് പൊലീസ് രേഖപ്പെടുത്തിയ മൊഴിയില്‍ പറയുന്നത്. കൂടാതെ ചികില്‍സിച്ച ഡോക്ടറോടും വേണുഗോപാലന്‍ നായര്‍ ഇതേ കാര്യം പറഞ്ഞിരുന്നു. ശബരിമല പ്രതിഷേധത്തെക്കുറിച്ചോ സ്ത്രീപ്രവേശനത്തെക്കുറിച്ചോ ഈ മൊഴിയില്‍ ഒന്നും പറയുന്നില്ല.
വേണുഗോപാലന്‍ നായരുടെ ആത്മഹത്യ ശബരിമലയ്ക്ക് വേണ്ടിയാണെന്ന് വരുത്തിത്തീര്‍ത്ത് കൊണ്ടാണ് നാളെ ബി.ജെ.പി ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്.
പുലര്‍ച്ചെ ഒന്നരയോടെയാണ് വേണുഗോപാലന്‍ നായര്‍ തിരുവനന്തപുരം സെക്രട്ടേറിയറ്റിന് മുന്നില്‍ വെച്ച് തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചത്. ഗുരുതരമായി പൊള്ളലേറ്റ നിലയില്‍ വേണുഗോപാലന്‍ നായരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അധികം താമസിയാതെ മരണപ്പെടുകയായിരുന്നു.
വേണുഗോപാലന്‍ നായര്‍ അയ്യപ്പ ഭക്തനാണെന്ന് പറഞ്ഞ് കൊണ്ട് ബി.ജെ.പി നേതാക്കള്‍ രംഗത്തെത്തിയെങ്കിലും വേണുഗോപാലിന്റെ കുടുംബം പറയുന്നത്. ഇദ്ദേഹം ആര്‍.എസ്.എസ് പ്രവര്‍ത്തകനാണെന്നാണ്.