| Thursday, 25th July 2019, 7:58 am

അശ്ലീല വാക്ക് ഉപയോഗിച്ച് ഹിമാ ദാസിനെ അഭിനനന്ദിച്ച് ജഗ്ഗി വാസുദേവ്; വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ

ഡൂള്‍ന്യൂസ് ഡെസ്‌ക്

യൂറോപ്യന്‍ സര്‍ക്യൂട്ടിലും അടുത്തിലെ സുവര്‍ണ്ണ നേട്ടം കൈവരിച്ച ഇന്ത്യന്‍ അത്‌ലറ്റ് ഹിമാ ദാസിന് രാജ്യത്തിന്റെ വിവിധ തലങ്ങളില്‍ നിന്നുള്ള അഭിനന്ദന പ്രവാഹം തുടരുകയാണ്. രാജ്യത്തെ എല്ലാവര്‍ക്കും മാതൃകയാക്കാന്‍ പറ്റുന്ന വ്യക്തിയാണ് ഹിമാ ദാസ് എന്നായിരുന്നു സച്ചിന്‍ ടെണ്ടുല്‍ക്കറിന്റെ വാക്കുകള്‍. അതിനിടെ അശ്ലീല ശൈലി ഉപയോഗിച്ച് ഹിമാ ദാസിനെ അഭിനന്ദിച്ച ജഗ്ഗി വാസുദേവിനെതിരെ വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ.

‘ഹിമാ ദാസ്, ദ ഗോള്‍ഡന്‍ ഷവര്‍ ഫോര്‍ ഇന്ത്യ, കണ്‍ഗ്രാജുലേഷന്‍സ് ആന്‍ഡ് ബ്ലെസ്സിംഗ്’ എന്നായിരുന്നു ജഗ്ഗി വാസുദേവിന്റെ ട്വീറ്റ്. ജഗ്ഗിയുടെ ‘ഗോള്‍ഡന്‍ ഷവര്‍’ എന്ന പ്രയോഗത്തിനെതിരെയാണ് വിമര്‍ശനം ഉയര്‍ന്നത്.

‘ഗോള്‍ഡന്‍ ഷവര്‍’ എന്ന വാക്ക് പൊതുവേ ലൈംഗിക ബന്ധത്തെ മുന്‍നിര്‍ത്തിയുള്ള അശ്ലീല തമാശകള്‍ക്കിടെയാണ് ഉപയോഗിക്കാറുള്ളത്. ലൈംഗിക ബന്ധത്തിനിടെ ഒരാള്‍ മൂത്രമൊഴിക്കുന്നതിനെയാണ് ‘ഗോള്‍ഡന്‍ ഷവര്‍’ എന്ന് വിളിക്കാറുള്ളത്. ഈ വാക്ക് ഉപയോഗിച്ച് ഹിമാ ദാസിനെ ജഗ്ഗി വാസുദേവ് അഭിനന്ദനം നടത്തിയതിനെതിരെയാണ് വിമര്‍ശനം.

എന്നാല്‍ ഈ വാക്കുകളില്‍ പ്രശ്‌നമില്ലെന്നും ഇന്ത്യന്‍ സംസ്‌കാരത്തിലെ കനകവര്‍ഷത്തെയാണ് ശരിക്കും ഉദ്ദേശിച്ചതെന്നും പറഞ്ഞ് ജഗ്ഗിയെ പിന്തുണക്കുന്നവര്‍ പ്രതിരോധിക്കുന്നുണ്ട്.

നേരത്തെ ‘ഗോള്‍ഡന്‍ ഷവര്‍’ പ്രയോഗം തനിക്കെതിരെ നടത്തിയ വ്യക്തിക്കെതിരെ അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് നിയമനടപടി സ്വീകരിച്ചിരുന്നു. മോസ്‌കോയില്‍ ട്രംപ് ലൈംഗിക വൃത്തി നടത്തുന്നവരോടൊപ്പം ‘ഗോള്‍ഡന്‍ ഷവറി’ല്‍ സമയം പങ്കിട്ടു എന്നെഴുതിയ അഭിഭാഷകനും എഴുത്തുകാരനുമായ ജെയിംസ് കോമേയ്‌ക്കെതിരെയാണ് ട്രംപ് നടപടി സ്വീകരിച്ചത്.

We use cookies to give you the best possible experience. Learn more