| Saturday, 10th December 2022, 12:45 pm

മായാവിയിലെ മഹി പൊലീസിന് പറഞ്ഞുകൊടുത്തത് മമ്മൂട്ടിയുടെ കോട്ടയത്തെ വീട്ടിലേക്കുള്ള വഴിയോ? ബ്രില്യന്‍സ് കണ്ടെത്തി സോഷ്യല്‍ മീഡിയ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മമ്മൂട്ടിയുടെ സൂപ്പര്‍ ഹിറ്റ് ചലച്ചിത്രമാണ് 2007ല്‍ പുറത്ത് വന്ന മായാവി. ഷാഫി സംവിധാനം ചെയ്ത ചിത്രത്തിന് ഇന്നും പ്രത്യേക ഫാന്‍ ബേസുണ്ട്. കോമഡിക്ക് പ്രാധാന്യമുള്ള ചിത്രത്തില്‍ മായാവി എന്ന് ഇരട്ടപ്പേരുള്ള മഹി എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്. ചിത്രത്തില്‍ സ്ഫടികം ജോര്‍ജ് അവതരിപ്പിച്ച കഥാപാത്രത്തോട് അടഞ്ഞ ശബ്ദത്തില്‍ തന്റെ വീട്ടിലേക്കുള്ള വഴി പറഞ്ഞുകൊടുക്കുന്നത് ചിത്രത്തില്‍ പ്രേക്ഷകരെ ഏറെ ചിരിപ്പിച്ച രംഗങ്ങളിലൊന്നായിരുന്നു.

ഈ രംഗത്തില്‍ മമ്മൂട്ടി യഥാര്‍ത്ഥത്തില്‍ സ്വന്തം വീട്ടിലേക്കുള്ള വഴി തന്നെയാണ് പറഞ്ഞുകൊടുക്കുന്നതെന്നാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ഒരു മൂവി ഗ്രൂപ്പ് കണ്ടെത്തിയിരിക്കുന്നത്. സബ്‌ടൈറ്റില്‍സ് ഉള്‍പ്പെടെയാണ് ഈ വീഡിയോ വന്നിരിക്കുന്നത്.

‘സാറെ നമ്മുടെ കോട്ടയം ബസ് സ്റ്റാന്‍ഡില്‍ നിന്നും വൈക്കത്തേക്ക് ടിക്കറ്റ് കിട്ടും. ഒന്നര മണിക്കൂര്‍ കഴിഞ്ഞാല്‍ നിങ്ങള്‍ കോട്ടയത്ത് നിന്ന് വൈക്കത്ത് എത്തും. വൈക്കത്ത് ഒരു മുസ്‌ലിം പള്ളി ഉണ്ട്. പള്ളിയുടെ അവിടെ നിന്ന് നമ്മള്‍ പുറകോട്ട് നടക്കണം,’ എന്നാണ് അടഞ്ഞ ശബ്ദത്തില്‍ മമ്മൂട്ടി പറയുന്ന ഡയലോഗ്.

വീഡിയോയ്ക്ക് രസകരമായ കമന്റുകളും വരുന്നുണ്ട്. ഒരു ഇക്ക ബ്രില്ലിന്‍സ് അല്ലെ അത്, ഡയറക്ടര്‍ ബ്രില്യന്‍സ് ഇതിലും ഉണ്ടോ, ഇക്ക ആണോ കുമാരി ഷൈന് വേണ്ടി ഡബ്ബ് ചെയ്തത്?, ഭാവിയില്‍ മലയാള സിനിമയിലേക്ക് കടന്നുവരുന്ന നടന്‍ എങ്ങനെ സംസാരിക്കുമെന്ന് കൂടി കാണിച്ചു തരുകയായിരുന്നു ഇക്ക അവിടെ ചെയ്തത്,’ എന്നിങ്ങനെ പോകുന്നു കമന്റുകള്‍.

അതേസമയം വൈക്കത്തെ മമ്മൂട്ടിയുടെ വീടും കമന്റ് ബോക്‌സില്‍ ചര്‍ച്ചയാവുന്നുണ്ട്. വീട്ടില്‍ പോകുന്ന വഴി ആണ് പറയുന്നത്. സിനിമ കണ്ടപ്പോള്‍ തന്നെ ശ്രദ്ധിച്ചതാണ്, മമ്മൂക്കയുടെ വൈക്കത്തെ വീട്ടില്‍ ഒന്ന് രണ്ട് പ്രാവശ്യം പോയിട്ടുമുണ്ട്, വൈക്കത്തെ ചെമ്പില്‍ ഒരു മുസ്‌ലിം പള്ളിയുണ്ട്, പോസ്റ്റുമാന്‍ വൈക്കം കാരന്‍ ആണോ എന്നിങ്ങനെയാണ് മമ്മൂട്ടിയുടെ വീടിനെ കുറിച്ചുള്ള ചര്‍ച്ചകള്‍.

ഇക്കയുടെ വീട്ടില്‍ പോകുന്ന വഴി ഇങ്ങനെ അല്ല എന്ന കമന്റിന് പുള്ളിയുടെ തറവാട്ടിലോട്ട് ഇങ്ങനെ ആണ് പോവുന്നതെന്നും ചെമ്പില്‍ പള്ളിയുടെ സൈഡിലെ വഴിയില്‍ കൂടെ അകത്തേക്കാണ് പോകേണ്ടതെന്നും മറുപടിയുമുണ്ട്.

Content Highlight: social media found the brilliance in mammootty’s dialogue in mayavi movie

We use cookies to give you the best possible experience. Learn more