| Saturday, 4th May 2024, 7:08 pm

കോപ്പിയാണോ? അല്ല, സെയിം സെയിം ബട്ട് ഡിഫ്രന്റ്; പ്രേമലുവിലെ ബി.ജി.എം വന്ന വഴി കണ്ടെത്തി സോഷ്യല്‍ മീഡിയ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മമിത ബൈജു – നസ്‌ലെന്‍ എന്നിവര്‍ ഒന്നിച്ച ചിത്രമായിരുന്നു പ്രേമലു. ഈ വര്‍ഷത്തെ ഏറ്റവും വലിയ വിജയചിത്രങ്ങളില്‍ ഒന്നായിരുന്നു ഇത്. തണ്ണീര്‍മത്തന്‍ ദിനങ്ങള്‍, സൂപ്പര്‍ ശരണ്യ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഗിരീഷ് എ.ഡി സംവിധാനം ചെയ്ത പ്രേമലു 100 കോടിയിലധികം കളക്ഷന്‍ നേടിയിരുന്നു.

ഏറെക്കാലത്തിന് ശേഷം മലയാളത്തിലെത്തിയ പെര്‍ഫക്ട് റോം – കോം ചിത്രമായാണ് പ്രേമലുവിനെ കണക്കാക്കുന്നത്. ചിത്രത്തില്‍ സംഗീതം ഒരുക്കിയത് വിഷ്ണു വിജയ് ആയിരുന്നു. പ്രേമലുവില്‍ ഏറെ ശ്രദ്ധിക്കപെട്ട പാട്ടായിരുന്നു ‘വെല്‍കം റ്റു ഹൈദരബാദ്’.


സുഹൈല്‍ കോയ വരികള്‍ എഴുതിയപ്പോള്‍ ശക്തിശ്രീ ഗോപാലന്‍, കപില്‍ കപിലന്‍, വിഷ്ണു വിജയ് എന്നിവരാണ് ഈ പാട്ട് പാടിയത്. ഇപ്പോള്‍ വെല്‍കം റ്റു ഹൈദരബാദിന്റെ ബി.ജി.എമ്മിന് മറ്റ് പല പാട്ടുകളുടെ ബി.ജി.എമ്മിനോടും സാമ്യം കണ്ടെത്തിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ.

ജി. മാര്‍ത്താണ്ഡന്‍ സംവിധാനം ചെയ്ത് 2018ല്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു ‘ജോണി ജോണി യെസ് അപ്പാ’. കുഞ്ചാക്കോ ബോബനും അനു സിത്താരയും ഒന്നിച്ച ചിത്രത്തിലെ അരികെ ആരോ എന്ന പാട്ടിന്റെ ബി.ജി.എമ്മുമായി പ്രേമലുവിന്റെ ഗാനത്തിലെ ബി.ജി.എമ്മിന് സാമ്യമുണ്ടെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.

ഷാന്‍ റഹ്‌മാന്‍ സംഗീതം ഒരുക്കിയ അരികെ ആരോ എന്ന പാട്ട് പാടിയിരിക്കുന്നത് ദേവദത്ത് ബിജിബാലും ദേവിക ദീപക് ദേവുമാണ്. സനൂപും അനിഖയും അഭിനയിച്ച ഈ പാട്ടിന്റെ യൂട്യൂബ് വീഡിയോയുടെ താഴെ പലരും പ്രേമലുവിലെ ബി.ജി.എമ്മിനെ കുറിച്ച് കമന്റുകളിട്ടിട്ടുണ്ട്.

ആദ്യം മുതല്‍ക്ക് തന്നെ ഈ സാമ്യം തോന്നിയിരുന്നു എന്നാണ് മിക്കവരുടെയും കമന്റുകള്‍. ഇത് കോപ്പിയല്ല ഇന്‍സ്പിറേഷന്‍ ആണെന്നും അരികെ ആരോ പാട്ടിനേക്കാള്‍ മികച്ചത് പ്രേമലുവിലെ ബി.ജി.എമ്മാണെന്നും കമന്റുകളുണ്ട്.

അതേസമയം, വെല്‍കം റ്റു ഹൈദരബാദിന്റെ ബി.ജി.എമ്മിന് കോല്‍പോനാര്‍ ബൈറെ എന്ന ബംഗാളി ആല്‍ബത്തിലെ ആസിഡ് കെ എന്ന ഗാനത്തിലെ ബി.ജി.എമ്മിനോടും ബംഗ്ലാദേശി ഡ്രാമയായ ‘ജോക്കര്‍ ജാസിം’ലെ ബി.ജി.എമ്മിനോടും സാമ്യമുള്ളതായി സോഷ്യല്‍ മീഡിയ കണ്ടെത്തിയിട്ടുണ്ട്.


Content Highlight: Social Media Found Premalu Movie’s BGM Is Copied Another Songs

We use cookies to give you the best possible experience. Learn more