താന്‍ സംവിധാനം ചെയ്ത ചിത്രങ്ങളില്‍ ഏതെങ്കിലുമൊക്കെ വേഷത്തില്‍ മുഖം കാണിക്കാറുള്ള ആളാണ് ജീത്തു ജോസഫ്. കഴിഞ്ഞ ദിവസമാണ് ജീത്തുവിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായ 12വേ മാന്‍ ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ പുറത്ത് വന്നത്. വളരെ ചുരുങ്ങിയ കഥാപാത്രങ്ങള്‍ മാത്രമാണ് ചിത്രത്തില്‍ ഉള്ളത്.
ഇത്രയും ചുരുങ്ങിയ കഥാപാത്രങ്ങള്‍ മാത്രമേ ഉള്ളൂ എന്നതിനാല്‍ ജീത്തു ജോസഫ് ചിത്രത്തില്‍ ഉണ്ടാവില്ലെന്നാണ് ആരാധകര്‍ കരുതിയിരുന്നത്. എന്നാല്‍ ചിത്രത്തില്‍ ജീത്തു ഭാഗമായെന്നാണ് ഇപ്പോള്‍ ആരാധകരുടെ കണ്ടെത്തല്‍.
ചിത്രത്തില്‍ അനു സിത്താരയുടെ ചേട്ടന്റെ ശബ്ദമായി എത്തിയത് ജീത്തുവാണോ എന്ന സംശയമാണ് സോഷ്യല്‍ മീഡിയയില്‍ ചിലര്‍ ഉയര്‍ത്തിയത്.
ഒരു കഥാപാത്രം എന്ന നിലയില്‍ ആദ്യമായിട്ടാണ് ശബ്ദത്തിലൂടെ ജീത്തു ജോസഫ് അഭിനയിക്കുന്നതെങ്കിലും തന്റെ മുന്‍ ചിത്രങ്ങളിലെ കഥാപാത്രങ്ങള്‍ക്ക് ഇതിന് മുന്‍പ് ജീത്തു ജോസഫ് ശബ്ദം നല്‍കിയിട്ടുണ്ട്.
ദൃശ്യം 2 വിലെ ജോര്‍ജ്കുട്ടിയുടെ തീയറ്ററിലെ ജീവനക്കാരന് ശബ്ദം നല്‍കിയത് ജീത്തു ജോസഫ് ആയിരുന്നു. ബാറില്‍ വരുന്ന ആളായി ജീത്തു ജോസഫ്- ദിലീപ് ചിത്രം ലൈഫ് ഓഫ് ജോസൂട്ടിയിലും, വഴിപോക്കനായി പ്രണവിന്റെ ആദ്യ ചിത്രം ആദിയിലും ദൃശ്യത്തിന്റെ ആദ്യ ഭാഗത്ത് പൊലീസ് സ്റ്റേഷന്‍ നിര്‍മ്മിക്കാന്‍ വരുന്ന എന്‍ജിനിയര്‍ ആയിട്ടും ഒക്കെ ജീത്തു ജോസഫ് അഭിനയിച്ചിട്ടുമുണ്ട്.
ചിത്രത്തില്‍ ഇത്തരത്തില്‍ ശബ്ദം കൊണ്ട് സാന്നിധ്യം അറിയിച്ച മറ്റൊരു താരം അജു വര്‍ഗീസാണ്. അനു മോഹന്‍ അവതരിപ്പിച്ച സിദ്ധാര്‍ത്ഥ് എന്ന കഥാപാത്രത്തിന്റെ കൂട്ടുകാരനായിട്ടാണ് അജു എത്തിയത്.
ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് 12th മാന്‍ നിര്‍മിച്ചത്. നവാഗതനായ കെ.ആര്‍. കൃഷ്ണകുമാര്‍ ആണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചത്. ഉണ്ണി മുകുന്ദന്‍, അനുശ്രീ, അദിതി രവി, ലിയോണ ലിഷോയ്, വീണ നന്ദകുമാര്‍, ഷൈന്‍ ടോം ചാക്കോ, സൈജു കുറുപ്പ്, ശാന്തി പ്രിയ, പ്രിയങ്ക നായര്‍, ശിവദ തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
2007ല്‍ സുരേഷ് ഗോപി ഇരട്ട വേഷങ്ങളിലെത്തിയ ‘ഡിറ്റക്റ്റീവ്’ എന്ന ചിത്രത്തിലൂടെയാണ് ജിത്തു സിനിമ രംഗത്തേക്ക് കടന്ന് വന്നത്. ‘ദൃശ്യം’ സിനിമയുടെ റീമേക്കായ ‘പാപനാസം’ എന്ന ചിത്രത്തിലൂടെ തമിഴിലും ദി ബോഡിയിലൂടെ ഹിന്ദിയിലും ജീത്തു അരങ്ങേറ്റം കുറിച്ചു.
Content highlight: Social Media finds out Jeethu Joseph Brilliance in 12th man