അമ്പരപ്പിക്കുന്ന വിമോചനമാണ് സോഷ്യല്‍ മീഡിയ സ്ത്രീക്ക് നല്‍കുന്നത്: ശാരദക്കുട്ടി
Kairali International Cultural Festival
അമ്പരപ്പിക്കുന്ന വിമോചനമാണ് സോഷ്യല്‍ മീഡിയ സ്ത്രീക്ക് നല്‍കുന്നത്: ശാരദക്കുട്ടി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 28th January 2019, 11:05 pm

കണ്ണൂര്‍: അമ്പരിപ്പിക്കുന്ന വിമോചനമാണ് സോഷ്യല്‍മീഡിയ സ്ത്രീയ്ക്ക് നല്‍കിയിരിക്കുന്നതെന്ന് എഴുത്തുകാരി ശാരദക്കുട്ടി. മതങ്ങളും വ്യവസ്ഥകളും സ്ത്രീക്കെതിരാണെന്നും എന്നാല്‍ പുതിയ കാലത്ത് സ്ത്രീക്ക് നാവുണ്ടെന്നും അവര്‍ പറഞ്ഞു. കൈരളി ഇന്റര്‍നാഷണല്‍ കള്‍ച്ചറല്‍ ഫെസ്റ്റിവലില്‍ പുതിയ കേരളം പുതിയ സ്ത്രീ എന്ന വിഷയത്തില്‍ ശ്രീബാല കെ മേനോന്‍, ജിസ ജോസ് എന്നിവര്‍ക്കൊപ്പം സംസാരിക്കുകയായിരുന്നു അവര്‍.

സോഷ്യല്‍ മീഡിയ പെണ്ണിന് ഉണര്‍വു നല്‍കിയെന്നും ഫേസ്ബുക്ക് പോലുള്ള സോഷ്യല്‍ മീഡിയകളും സ്മാര്‍ട്ട് ഫോണും സ്ത്രീകള്‍ക്ക് വിപ്ലവകരമായ സ്വാതന്ത്ര്യം നേടാന്‍ സഹായകമായെന്നും മൂവരും അഭിപ്രായപ്പെട്ടു.

പ്രളയത്തില്‍ പലതും ഒലിച്ചുപോയപ്പോഴും കട്ടിയേറിയ നിരവധി മാലിന്യങ്ങള്‍ മലയാളിയുടെ മനസ്സില്‍ ബാക്കിയായെന്ന് ശബരിമല പ്രശ്നം കാട്ടിത്തന്നുവെന്ന് ശാരദക്കുട്ടി പറഞ്ഞു. സ്വന്തം ഇഷ്ടപ്രകാരം ജീവിക്കാന്‍ സ്ത്രീക്ക് പ്രച്ഛന്ന വേഷം കെട്ടേണ്ടിവരുന്നു എന്നതാണ് കനകദുര്‍ഗയുടെ ശബരിമല ദര്‍ശനത്തില്‍ കണ്ടത്. ശബരിമലയിലെ സ്ത്രീപ്രവേശനത്തെ അനുകൂലിച്ചതിന്റെ പേരില്‍ അതിനുശേഷം കുടുംബത്തിലെ ഓരോ ചടങ്ങിനു പോകുമ്പോഴും ആക്ഷേപങ്ങള്‍ കേള്‍ക്കേണ്ടിവരുന്നെന്നും ശാരദക്കുട്ടി പറഞ്ഞു.

“”നീയൊരു പെണ്ണാണ് എന്ന പരാമര്‍ശങ്ങള്‍ ഇന്നും കേള്‍ക്കേണ്ടിവരുന്നു. സ്ത്രീ ഒതുങ്ങിനില്‍ക്കേണ്ടവളാണ് എന്നണിതിനര്‍ഥം. ടീച്ചര്‍ക്ക് എന്തിന്റെ കുറവാണ് എന്ന ചോദ്യം ദിവസേന കേള്‍ക്കേണ്ടിവരുന്നു. മതങ്ങളും വ്യവസ്ഥകളും സ്ത്രീക്കെതിരാണ്. എന്നാല്‍ പുതിയ കാലത്ത് സ്ത്രീക്ക് നാവുണ്ട്. സരസ്വതീബായിയുടെ തലച്ചോറില്ലാത്ത സ്ത്രീകള്‍ മുതല്‍ ഫിക്ഷനിലൂടെ സ്ത്രീ എഴുത്തുകാരികള്‍ അവരുടെ സ്വാതന്ത്ര്യത്തിനായി ശബ്ദിച്ചുപോന്നു. പെണ്‍ എഴുത്തുകാരികളുടെ ആത്മകഥകള്‍ വ്യവസ്ഥിതിയോട് കലഹിക്കുന്നു. അമ്പരപ്പിക്കുന്ന വിമോചനമാണ് സോഷ്യല്‍ മീഡിയ സ്ത്രീക്കു നല്‍കുന്നത്. സ്ത്രീ മുന്നിട്ടിറങ്ങിയ ഒരു സമരവും വിജയിക്കാതിരുന്നിട്ടില്ല. ഒറ്റപ്പെട്ട വന്‍മരങ്ങളില്ലെങ്കിലും ഇന്ന് പെണ്‍പക്ഷരചനകളുടെ ശക്തമായ കുറ്റിക്കാട് ഇവിടെയുണ്ട്. അഭിമാനികളായ സ്ത്രീകളുടെ ഒരു കൂട്ടത്തെയാണ് പുതിയ കാലത്ത് കാണുന്നത്. മാധവിക്കുട്ടിയെ ആരാധിക്കുന്നവര്‍ അതിന്റെ നൂറിലൊന്നു ചെയ്താലും ശാരദക്കുട്ടിയെ അംഗീകരിക്കുന്നില്ല.””

സ്ത്രീകളുടെ ജീവിതത്തെ സ്മാര്‍ട്ട് ഫോണ്‍ വന്നതിനു മുമ്പ്, ശേഷം എന്നിങ്ങനെ വേര്‍തിരിക്കാമെന്നു തോന്നുന്നതായി നടിയും തിരക്കഥാകൃത്തുമായ ശ്രീബാല കെ മേനോന്‍ പറഞ്ഞു.

സ്ത്രീക്ക് അവള്‍ നിലനില്‍ക്കുന്നു എന്നു വെളിപ്പെടുത്താനുള്ള അവസരമാണ് എഴുത്തെന്ന് ജിസ ജോസ് പറഞ്ഞു. സൈബര്‍ സ്പേസ് സ്ത്രീക്ക് വലിയ സ്വാതന്ത്ര്യം നല്‍കുന്നു. ഐഡന്റിറ്റിയില്ലാത്ത സ്ത്രീകള്‍ക്ക് ഒരു പ്രൊഫൈല്‍ ഉണ്ടാവുന്നത് ഫേസ്ബുക്കിലൂടെയാണ്. ആക്ടിവിസ്റ്റ് ഇന്ന് സ്ത്രീയെ ആക്രമിക്കാനുള്ള മോശമായ പദമായി മാറി. മുമ്പ് ഫെമിനിച്ചി എന്നു വിളിച്ചവര്‍ ഇപ്പോള്‍ ആക്റ്റിവിസ്റ്റ് എന്നു വിളിച്ചാണാക്ഷേപിക്കുന്നത്. ശബരിമല പ്രശ്നം മതത്തിലെ പുരുഷാധിപത്യത്തെ വ്യക്തമാക്കുന്നതായും അവര്‍ പറഞ്ഞു.