കോഴിക്കോട്: നടി പാര്‍വ്വതി മമ്മൂട്ടി ചിത്രമായ കസബയിലെ ഒരു രംഗത്തെ വിമര്‍ശിച്ചതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ആളിക്കത്തിയ വിവാദം ഇന്നും കെട്ടടങ്ങിയിട്ടില്ല. പാര്‍വ്വതിയുടെ പുതിയ ചിത്രമായ മൈ സ്റ്റോറിയിലെ ഗാനത്തിന് ഡിസ് ലൈക്ക് അടിച്ചു കൊണ്ടായിരുന്നു കഴിഞ്ഞ ദിവസങ്ങളിലെ സോഷ്യല്‍ മീഡിയ പ്രതിഷേധം. അതില്‍ നിന്നും ഒരുപടി കൂടി മുന്നോട്ട് പോയി വനിതാ സിനിമാ പ്രവര്‍ത്തകരുടെ സംഘടനയായ വുമണ്‍ ഇന്‍ സിനിമാ കളക്ടീവിനെതിരായാണ് സോഷ്യല്‍ മീഡിയയിലെ ഒരു വിഭാഗത്തിന്റെ ആക്രമണമിപ്പോള്‍. കസബ വിവാദവും ദിലീപ് വിഷയുമെല്ലാം ചര്‍ച്ച ചെയ്തു കൊണ്ടുള്ള ലേഖനം ഷെയര്‍ ചെയ്തതിന് പിന്നാലെയാണ് വിമണ്‍ കളക്ടീവിനെതിരെ സൈബര്‍ ആക്രമണം നടക്കുന്നത്.
വിമണ്‍ കളക്ടീവിന്റെ പേജിന്റെ റേറ്റിംഗ് കുറച്ചാണ് സോഷ്യല്‍ മീഡിയയുടെ പ്രതികരണം. വണ്‍ സ്റ്റാര്‍ നല്‍കിയിലും മോശം റിവ്യൂ എഴുതിയും തങ്ങളുടെ അമര്‍ഷം തീര്‍ക്കാന്‍ ശ്രമിക്കുകയാണ് സോഷ്യല്‍ മീഡിയയിലെ ഒരു വിഭാഗം. അതേസമയം, വിമണ്‍ കളക്ടീവിനെ അനുകൂലിച്ചും നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്. നേരത്തെ, കസബ വിവാദവുമായി ബന്ധപ്പെട്ട് മമ്മൂട്ടിയെ വിമര്‍ശിച്ചുകൊണ്ടുള്ള ലേഖനം ഫേയ്സ്ബുക്കില്‍ ഷെയര്‍ ചെയ്തതിന് വിമര്‍ശനം ശക്തമായതോടെ പോസ്റ്റ് പേജില്‍ നിന്നും നീക്കം ചെയ്തിരുന്നു.
ഇന്നലെ വൈകിട്ട് ഷെയര്‍ ചെയ്ത ലേഖനത്തിനെതിരെയുള്ള പ്രതികരണങ്ങള്‍ കടുത്ത ഭാഷയിലായതോടെയാണ് നീക്കം ചെയ്യേണ്ടിവന്നത്. സിനിമാ മേഖലയില്‍ നിന്നുള്‍പ്പെടെയുള്ളവര്‍ സംഘടനയുടെ വനിതാ സംഘടനയുടെ ഈ നീക്കം തരംതാഴ്ന്ന പ്രവര്‍ത്തിയായിപ്പോയെന്ന് പറഞ്ഞ് രംഗത്തുവരികയായിരുന്നു.
ഒരു ഇംഗ്ലീഷ് പത്രത്തില്‍ വന്ന ലേഖനമാണ് പുതുവര്‍ഷദിവസം ആശംസകളോടൊപ്പം സ്വന്തം പേജില്‍ സംഘടന ഷെയര്‍ ചെയ്തത്. 2017 എന്നത് സിനിമാലോകത്തിന് വളരെ അര്‍ത്ഥവത്തായ വര്‍ഷമായിരുന്നു. മലയാളസിനിമയെ സംബന്ധിച്ചടത്തോളം ഒരു ഉയര്‍ത്തെഴുന്നേല്‍പ്പിന്റെ വര്‍ഷമായിരുന്നു. സ്വാതന്ത്ര്യവും ജനാധിപത്യവും തുല്യതയും ഉറപ്പുവരുത്തുന്ന രീതിയിലാകട്ടെ ആ ഉയര്‍ത്തെഴുന്നേല്‍പ്പും വിമര്‍ശനങ്ങളും ചെന്നെത്തേണ്ടതെന്ന് ഞങ്ങള്‍ ആശംസിക്കുന്നു” ഈ അടികുറിപ്പോടെയാണ് വനിതാ സംഘടന ഫെയ്‌സ്ബുക്ക് പേജില്‍ പോസ്റ്റ് ഷെയര്‍ ചെയ്തത്.
ഇതോടെ പ്രേക്ഷകരും ആരാധകരും വനിതാ സംഘടനയ്ക്കെതിരെ രൂക്ഷ പ്രതികരണവുമായി എത്തി. പാര്‍വതി വിഷയത്തില്‍ എത്രയോ മാന്യമായും സമചിത്തതയോടുമാണ് മമ്മൂട്ടി പ്രതികരിച്ചതെന്നും അതിനു ശേഷവും വുമണ്‍ കളക്ടീവ് തുടരുന്ന നിലപാട് അപഹാസ്യമാണെന്നുമായിരുന്നു നടന്‍ അനില്‍ കുമാറിന്റെ പ്രതികരണം.