ചരിത്രത്തില്‍ ഇല്ലാത്ത സംഭവത്തെ ഉണ്ടെന്ന് കാണിക്കുകയാണോ രേഖാചിത്രം? ചര്‍ച്ച ചെയ്ത് സോഷ്യല്‍ മീഡിയ
Film News
ചരിത്രത്തില്‍ ഇല്ലാത്ത സംഭവത്തെ ഉണ്ടെന്ന് കാണിക്കുകയാണോ രേഖാചിത്രം? ചര്‍ച്ച ചെയ്ത് സോഷ്യല്‍ മീഡിയ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 13th August 2024, 1:49 pm

തലവന് ശേഷം ആസിഫ് അലി പൊലീസ് വേഷത്തിലെത്തുന്ന സിനിമയാണ് രേഖാചിത്രം. ദി പ്രീസ്റ്റിന് ശേഷം ജോഫിന്‍ ടി. ചാക്കോ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറാണെന്നുള്ള സൂചനയാണ് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നല്‍കുന്നത്. 1980 കാലഘട്ടത്തില്‍ നടക്കുന്ന കഥയാണെന്ന് പോസ്റ്റര്‍ വ്യക്തമാക്കുന്നത്.

ഇതിന് പിന്നാലെ ചിത്രത്തിന്റെ കഥയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായിരിക്കുകയാണ്. ലോകസിനിമയയില്‍ അധികം പരീക്ഷിച്ചിട്ടില്ലാത്ത ‘ആള്‍ട്ടര്‍നേറ്റ് ഹിസ്റ്ററി’യാണ് ജോഫിന്‍ രേഖചിത്രത്തില്‍ പരീക്ഷിക്കുന്നതെന്നാണ് സൂചനകള്‍. ചരിത്രത്തില്‍ നടക്കാത്ത ഒരു സംഭവത്തെ നടന്നിരുന്നു എന്ന് പറയുന്ന തരത്തിലുള്ള കഥയാണ് ‘ആള്‍ട്ടര്‍നേറ്റ് ഹിസ്റ്ററി’.

1980കളില്‍ ഒരു സിനിമാസെറ്റില്‍ നടക്കുന്ന കൊലപാതകത്തിന്റെ കഥയാണ് രേഖാചിത്രം പറയുന്നത്. ചരിത്രത്തില്‍ നടക്കാത്ത ഒരു സംഭവം നടന്നുവെന്ന് കാണിക്കുന്ന കഥയാണ് സിനിമയുടേതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഇതിനെ സംബന്ധിച്ച് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയാണ് നടക്കുന്നത്. മമ്മൂട്ടി ചിത്രത്തില്‍ അതിഥിവേഷത്തിലെത്തുമെന്ന റൂമറുകളും ഇതോടൊപ്പം പുറത്തുവരുന്നുണ്ട്.

ലോകപ്രശസ്ത സംവിധായകന്‍ ക്വിന്റണ്‍ ടാറന്റിനോ ഇത്തരം കഥകള്‍ വെച്ച് സിനിമയെടുക്കുന്നതിലെ അഗ്രഗണ്യനാണ്. രണ്ടാം ലോക മഹായുദ്ധത്തില്‍ ഹിറ്റ്‌ലറിന്റെ മരണത്തെ വേറിട്ട രീതിയില്‍ അവതരിപ്പിച്ച ചിത്രമായിരുന്നു 2009ല്‍ റിലീസായ ‘ഇന്‍ഗ്ലോറിയസ് ബാസ്‌റ്റേര്‍ഡ്‌സ്’. ബ്രാഡ് പിറ്റ്, ക്രിസ്റ്റഫര്‍ വാല്‍ട്‌സ് എന്നിവര്‍ പ്രധാനവേഷത്തിലെത്തിയ ചിത്രം വന്‍ വിജയമായിരുന്നു.

ടാറന്റിനോയുടെ സംവിധാനത്തില്‍ 2019ല്‍ റിലീസായ ‘വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ ഹോളിവുഡ്’ ഇതുപോലൊരു കഥയാണ് പറഞ്ഞത്. 1969ല്‍ ലോസ് ഏഞ്ചല്‍സിലെ സിനിമാസെറ്റില്‍ നടന്ന മരണത്തെ ആസ്പദമാക്കി അണിയിച്ചൊരുക്കിയ ചിത്രം രണ്ട് ഓസ്‌കര്‍ അവാര്‍ഡുകള്‍ സ്വന്തമാക്കിയിരുന്നു. ചരിത്രത്തിലെ സംഭവത്തെ മറ്റൊരു രീതിയില്‍ അവതരിപ്പിക്കുന്ന ഇത്തരം സിനിമകള്‍ക്ക് ആരാധകരേറെയാണ്.

മലയാളത്തിലും ഇത്തരത്തില്‍ രണ്ട് ചിത്രങ്ങള്‍ പുറത്തിറങ്ങിയിട്ടുണ്ട്. എം.ടിയുടെ രചനയില്‍ പിറന്ന പെരുന്തച്ചന്‍, ഒരു വടക്കന്‍ വീരഗാഥ എന്നീ സിനിമകള്‍ അതുവരെ കേട്ടുശീലിച്ച കഥകളെ മറ്റൊരു രീതിയില്‍ അവതരിപ്പിച്ച സിനിമകളായിരുന്നു. എന്നാല്‍ കാലതീതമായി നില്‍ക്കുന്ന സിനിമ എന്ന കലാരൂപത്തിലൂടെ ഇത്തരം കഥകള്‍ പൊളിച്ചെഴുതുന്നത് വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കാന്‍ സാധ്യതയുണ്ട്.

Content Highlight: Social media discussions on Asif Ali’s new movie Rekhachithram