സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി ഫ്‌ളവേഴ്‌സ് ചാനലിലെ ഉപ്പും മുളകും പരിപാടി. മലയാളത്തിലെ ഏറ്റവും മികച്ച സിറ്റ്- കോമുകളില്‍ ( സിറ്റുവേഷണല്‍ കോമഡി) ഒന്നായ ഉപ്പും മുളകിന്റെയും നിലവാരം ഇപ്പോള്‍ തകര്‍ന്നിരിക്കുകയാണെന്നും സീരിയല്‍ ലെവലിലേക്ക് പോയെന്നുമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന വിമര്‍ശനം. പഴയ എപ്പിസോഡുകളുടെ എന്റര്‍ടെയ്ന്‍മെന്റ് വാല്യുവോ റിപ്പീറ്റ് വാച്ചബിലിറ്റിയോ ഇപ്പോള്‍ പരിപാടിക്കില്ലെന്നും പ്രേക്ഷകര്‍ പറയുന്നുണ്ട്.
അമ്മയും അച്ഛനും അഞ്ച് മക്കളുമടങ്ങുന്ന കുടുംബത്തില്‍ ഓരോ ദിവസവും നടക്കുന്ന രസകരമായ സംഭവങ്ങളിലൂടെയായിരുന്നു ഉപ്പും മുളകും മുന്നോട്ട് പോയിരുന്നത്. അഭിനേതാക്കളുടെ സ്വഭാവിക അഭിനയവും മടുപ്പിക്കാത്ത കോമഡികളുമായിരുന്നു ഉപ്പും മുളകിന്റെയും പ്രത്യേകത.
സീരിയലുകളില്‍ കാണുന്നതുപോലെ തുടര്‍ച്ചയായിരുന്നില്ല, ഓരോ എപ്പിസോഡിലും ഓരോ വിഷയങ്ങളായിരുന്നു പരമ്പര പറഞ്ഞിരുന്നത്. ഉപ്പും മുളകിന്റേയും കോറായിരുന്ന സിറ്റ് കോം പോയി സീരിയല്‍ സ്വഭാവം കൈവരിച്ചതോടെയാണ് ആരാധകര്‍ ഉപ്പും മുളകിനേയും കൈവിട്ടത്.
കഴിഞ്ഞ ദിവസം ഉപ്പും മുളകിലും അഭിനയിച്ചിരുന്ന മുടിയന്‍ എന്നറിയപ്പെടുന്ന ഋഷിയുടെ അഭിമുഖം ശ്രദ്ധ നേടിയിരുന്നു. എന്നാല്‍ കഴിഞ്ഞ കുറെ നാളുകളിലായി പരമ്പരയില്‍ നിന്നും ഋഷിയെ കാണാനില്ലായിരുന്നു. വിവാഹശേഷം മുടിയന്‍ ബെംഗളൂരുവില്‍ പോയതായിട്ടായിരുന്നു പരമ്പരിയില്‍ ചിത്രീകരിച്ചിരുന്നത്. ആ മാറ്റിനിര്‍ത്തിലിനെ പറ്റിയാണ് ഋഷി വെറൈറ്റി മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്.
തന്നെ പരമ്പരയില്‍ പൂര്‍ണ്ണമായിട്ടും മാറ്റി നിര്‍ത്താന്‍ സംവിധായകന്‍ ശ്രമിക്കുകയാണെന്നാണ് ഋഷി ആരോപിച്ചു. സിറ്റ്‌കോം പരമ്പരയായ ഉപ്പും മുളകിനെ ഒരു സീരിയല്‍ പോലെയാക്കി മാറ്റുന്നതിനെ സംവിധായകനെ ചോദ്യം ചെയ്തതിനാണ് തന്നെ കഥയില്‍ നിന്നും മാറ്റിയതെന്ന് ഋഷി തന്റെ അഭിമുഖത്തില്‍ പറഞ്ഞു.
കഴിഞ്ഞ് നാല് മാസമായി സീരിയലില്‍ നിന്നും തന്നെ യാതൊരു കാരണമില്ലാതെയാണ് സംവിധായകന്‍ ഉണ്ണി കൃഷ്ണന്‍ മാറ്റി നിര്‍ത്തിയിരിക്കുന്നത്. സഹതാരങ്ങള്‍ക്ക് ഒന്ന് പ്രതികരിക്കാന്‍ പോലും സാധിക്കാത്ത സ്ഥിതിയാണ് ഉപ്പും മുളകിന്റെ സെറ്റില്‍ നടക്കുന്നതെന്നും ഋഷി പറഞ്ഞു.
Content Highlight: social media discussion uppum mulakum