റോഷാക്കിന്റെ തുടക്കം മുതല്‍ തന്നെ ലൂക്ക് ആന്റണിയെ എന്ന പോലെ പ്രേക്ഷകരെയും വലക്കുന്ന കഥാപാത്രമാണ് ദിലീപ്. ചിത്രത്തിലൊരിടത്തുപോലും ഈ കഥാപാത്രത്തിന്റെ മുഖം കാണിക്കുന്നില്ല. പഴയ കുടുംബചിത്രം കാണിക്കുന്നത് പോലും ലൂക്ക് ആന്റണി വരച്ച മുഖംമൂടിയുടെ മറവിലാണ്.
ആസിഫ് അലിയാണ് ദിലീപിനെ അവതരിപ്പിച്ചതെന്ന് അണിയറപ്രവര്‍ത്തകര്‍ തന്നെ വെളിപ്പെടുത്തിയിരുന്നു. ട്രെയ്‌ലര്‍ പുറത്ത് വന്നപ്പോള്‍ തന്നെ ഇത് ആസിഫ് അലിയാണെന്ന് ചര്‍ച്ചകള്‍ ഉയര്‍ന്നിരുന്നതാണ്.
ദിലീപെന്ന കഥാപാത്രത്തെയും ആസിഫ് അലി അത് അവതരിപ്പിച്ചതിനെ പറ്റിയും പല ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. റോഷാക്ക് എന്ന പേരിനെ സൂചിപ്പിക്കുന്നത് പോലെ പല രീതിയിലാണ് പല പ്രേക്ഷകരും ദിലീപിനെ നോക്കി കാണുന്നത്. ആസിഫ് ദിലീപിനെ അവതരിപ്പിച്ചതിന് പിന്നിലുള്ള കാരണത്തെ പറ്റി ഉയര്‍ന്ന സോഷ്യല്‍ മീഡിയ ചര്‍ച്ചകളില്‍ ചിലത് പരിശോധിക്കാം.
സിനിമയില്‍ ഒരിടത്ത് പോലും മുഖം കാണിക്കാനാവാത്ത കഥാപാത്രം ആസിഫ് എന്തിനാണ് ചെയ്തത് എന്നാണ് ഒരു കൂട്ടം പ്രേക്ഷകര്‍ ചോദിക്കുന്നത്. ഏതെങ്കിലും ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ ചെയ്യേണ്ട റോള്‍ ഇത്രയും സ്റ്റാര്‍ വാല്യു ഉള്ള ആസിഫ് ചെയ്യണമായിരുന്നോ എന്നും അഭിപ്രായങ്ങളുയരുന്നു. ബിന്ദു പണിക്കരുടെയും കോട്ടയം നസീറിന്റേതുമുള്‍പ്പെടെയുള്ള കഥാപാത്രങ്ങള്‍ക്ക് എന്തെങ്കിലും ഇംപാക്ട് ഉണ്ടാകുന്നത് ആ കഥാപാത്രങ്ങളുടെ രൂപീകരണം കൊണ്ടാണ്. അതുകൊണ്ട് ഒരു ജൂനിയര്‍ ആര്‍ട്ടിസ്റ്റ് വന്ന് നിന്നാലും കഥാപാത്രത്തിന് ഡെപ്ത് ഉണ്ടെങ്കില്‍ അത് പ്രേക്ഷകരിലേക്ക് എത്തുമെന്നും പറയുന്നവരുണ്ട്.
മാത്രവുമല്ല ആരും അറിയാത്ത ഒരാളായിരുന്നെങ്കില്‍ സല്യൂട്ടിലെ വില്ലനെയൊക്കെ പോലെ കൂടുതല്‍ മിസ്റ്റീരിയസ് ഇംപാക്ട് ആ കഥാപാത്രം ഉണ്ടാക്കിയേനെയെന്നും ചില പ്രേക്ഷകര്‍ പറയുന്നു.
ദിലീപിന്റെ കഥാപാത്രത്തിന് അത്രയും ഇംപാക്ട് ഉണ്ടായത് ആസിഫ് അലി വന്നതുകൊണ്ടാണെന്നാണ് മറ്റൊരു തിയറി. പ്രധാനമായും കണ്ണ് കാണുമ്പോള്‍ തന്നെ ദിലീപ് ആസിഫ് അലിയാണെന്ന് പ്രേക്ഷകര്‍ക്ക് വ്യക്തമാവുന്നുണ്ട്. അതിനാല്‍ തന്നെ ദിലീപിനെ പറ്റി നാട്ടുകാരും വീട്ടുകാരും പറയുമ്പോഴും ദിലീപിന്റെ ഫ്‌ളാഷ് ബാക്ക് പറയുമ്പോഴും ആസഫിനെയാണ് പ്രേക്ഷകര്‍ മനസില്‍ കാണുന്നത്.
ഒരു വാക്കുപോലും ഉരിയാടാതെ, പ്രതിനായകനായി, രക്തം പുരണ്ട മുഖം മൂടിയണിഞ്ഞു മാത്രം സ്‌ക്രീനില്‍ പ്രത്യക്ഷപ്പെടുന്ന ദിലീപ്, നായകന്‍ വെല്‍ക്കം ബാക്ക് പറഞ്ഞു കഴിഞ്ഞിട്ടും, പ്രേക്ഷകന്റെ മനസില്‍ നിറഞ്ഞു നില്‍ക്കുന്നുണ്ടെങ്കില്‍ അത് ആസിഫ് അലിയുടെ അദൃശ്യനടനം കൊണ്ട് മാത്രമാണെന്നാണ് സോഷ്യല്‍ മീഡിയയില്‍ വന്ന ഒരു കമന്റ്.
ഇത്ര ചെറിയ വേഷത്തില്‍ വരെ അഭിനയിക്കുന്ന ആസിഫ് അലിയുടെ മഹാമനസ്‌കതയാണ് ചിലര്‍ ചൂണ്ടിക്കാണിക്കുന്നത്. മുഖം കാണിക്കാനാവാത്ത ഒരു ഡയലോഗ് പോലുമില്ലാത്ത ദിലീപിനെ അവതരിപ്പിക്കാന്‍ ആസിഫ് അലി മാത്രമേ തയ്യാറാവൂ എന്നും ഇവര്‍ പറയുന്നു.
സംവിധായകരായ നിസാം ബഷീറിന്റെയും ഖാലിദ് റഹ്മാന്റെയും ആദ്യസിനിമയില്‍ നായകനും രണ്ടാം സിനിമയില്‍ ഗസ്റ്റ് റോളിലുമെത്തിയ നടനാണ് ആസിഫ്. ഖാലിദ് റഹ്മാന്‍ രണ്ടാമത്തെ ചിത്രമായ ഉണ്ടയില്‍ മുഖം കാണിക്കാനെങ്കിലും അവസരം കൊടുത്തു. സൂപ്പര്‍ ഹിറ്റായ ആദ്യസിനിമയിലെ നായകന് രണ്ടാമത്തെ ചിത്രത്തില്‍ മുഖം പോലും കാണിക്കാന്‍ നിസാം ബഷീര്‍ അവസരം കൊടുത്തില്ലെന്ന പരിഭവവും ചില പ്രേക്ഷകര്‍ പറയുന്നുണ്ട്.
സാധാരണ സിനിമകളില്‍ ഇങ്ങനെ മിസ്റ്റീരിയസ് ആയി മുഖം കാണിക്കാത്ത കഥാപാത്രങ്ങളെ വലിയ സര്‍പ്രൈസായി അവസാനമൊക്കെ കാണിക്കാറുണ്ട്. ദിലീപിനെ ഒടുവിലെങ്കിലും കാണിക്കുമെന്ന് പ്രതീക്ഷ സിനിമ കാണുന്ന ഓരോ പ്രേക്ഷകനും ഉണ്ടായിരുന്നിരിക്കണം. എന്നാല്‍ പ്രേക്ഷകന്റെ പ്രതീക്ഷകളെ അസ്ഥാനത്താക്കി ദിലീപിന്റെ കാര്യത്തില്‍ വ്യത്യസ്തമായ ഒരു അപ്രോച്ചാണ് ചിത്രം സ്വീകരിച്ചത്. റോഷാക്കിന്റെ തുടക്കം മുതല്‍ ഒടുക്കം വരെ ദിലീപ് മുഖമില്ലാത്തവനായി ഒടുങ്ങി.
Content Highlight: social media discussion on Why did Asif play Dileep who has no face or dialogue in rorschach