ഐ.പി.എല്ലില്‍ ഏറ്റവുമധികം ആരാധാകരുള്ള ടീമുകളിലൊന്നാണ് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളുരു. മുന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയുടെ ടീം എന്ന നിലയില്‍ മികച്ച ആരാധകപിന്തുണയാണ് ആര്‍.സി.ബിക്ക് ഉള്ളത്. ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ ഇന്നേവരെ കിരീടം നേടാന്‍ സാധിച്ചിട്ടില്ലെങ്കിലും ആരാധകപിന്തുണയുടെ കാര്യത്തില്‍ ഇന്നേവരെ കുറവ് സംഭവിച്ചിട്ടില്ല.
എന്നാല്‍ ആരാധകരെപ്പോലും അമ്പരപ്പിക്കുന്ന പ്രകടനമാണ് ഈ സീസണില്‍ ആര്‍.സി.ബിയുടേത്. വിരാട് കോഹ്‌ലി ഒഴികെ മറ്റ് ബാറ്റര്‍മാര്‍ക്ക് കാര്യമായ സംഭാവനകള്‍ നല്‍കാന്‍ കഴിയാത്തതും മോശം ബൗളിങ് പ്രകടനവും ടീമിനെ വട്ടം കറക്കുന്നുണ്ട്. നാല് കളികളില്‍ മൂന്ന് തോല്‍വിയും ഒരു ജയവുമായി പോയിന്റ് ടേബിളില്‍ എട്ടാം സ്ഥാനത്താണ് ടീം.
ടീമിലെ സ്റ്റാര്‍ ബാറ്റര്‍മാരില്‍ ഒരാളായ ഗ്ലെന്‍ മാക്‌സ്‌വെല്ലും, പ്രധാന ബൗളറായ സിറാജും തമ്മിലുള്ള താരതമ്യമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍. ഈ സീസണില്‍ ബാറ്റിങ്ങില്‍ കാര്യമായി ശ്രദ്ധിക്കാന്‍ കഴിയാത്ത പ്രകടനമാണ് മാക്‌സ്വെല്ലിന്റേത്. നാല് കളികളില്‍ നിന്ന് 31 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം. എന്നാല്‍ ബൗളിങ്ങില്‍ താരം ഇതുവരെ നാല് വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട്.
അതേസമയം പ്രധാന ബൗളറായ മുഹമ്മദ് സിറാജിന് ഈ സീസണില്‍ ആകെ രണ്ട് വിക്കറ്റ് മാത്രമേ നേടാന്‍ സാധിച്ചിട്ടുള്ളൂ. എന്നാല്‍ സ്റ്റാര്‍ ബാറ്ററായ മാക്‌സ്‌വെല്ലിനില്ലാത്ത മറ്റൊരു നേട്ടം സിറാജിനുണ്ട്. ഈ സീസണില്‍ താരം ഇതുവരെ രണ്ട് കളികളില്‍ നിന്ന് നാല് സിക്‌സറുകള്‍ നേടിയിട്ടുണ്ട്. മാക്‌സ്‌വെല്ലാകട്ടെ ഒരൊറ്റ സിക്‌സ് മാത്രമേ സീസണില്‍ നേടിയിട്ടുള്ളൂ. സിക്‌സറടിക്കുന്ന സിറാജും, വിക്കറ്റുകളെടുക്കുന്ന മാക്‌സ്‌വെല്ലുമാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ സംസാരവിഷയം.
ടീമിന്റെ അടുത്ത മത്സരം രാജസ്ഥാന്‍ റോയല്‍സിനെതിരെയാണ്. ശനിയാഴ്ച ജയ്പൂരിലെ സവായ് മാന്‍സിങ് സ്റ്റേഡിയമാണ് വേദി.
Content Highlight: Social media discussion on weird performances of Glenn Maxwell and Mohammed Siraj