സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സില്‍ ഇപ്പോഴത്തെ ചര്‍ച്ചാവിഷയം വിശാലിന്റെ മദഗജരാജ എന്ന സിനിമയാണ്. ചിത്രം പൊങ്കല്‍ റിലീസായി ജനുവരി 12ന് തിയേറ്ററിലെത്തുമെന്ന് നിര്‍മാതാക്കള്‍ അറിയിച്ചതിന് പിന്നാലെയാണ് ചര്‍ച്ചയാരംഭിച്ചത്. ചിത്രം പെട്ടിയിലിരിക്കാന്‍ തുടങ്ങിയിട്ട് 12 വര്‍ഷമായെന്നുള്ളതാണ് ചര്‍ച്ചക്ക് കാരണം. 2013 ജനുവരി 12ന് ചിത്രം തിയേറ്ററുകളിലെത്തുമെന്നായിരുന്നു അറിയിച്ചത്.
പിന്നീട് റിലീസ് തിയതി മാറ്റുകയായിരുന്നു. പിന്നീട് പല തവണ ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിക്കുകയും മാറ്റിവെക്കുകയും ചെയ്തു. നിര്‍മാതാക്കളുടെ മുന്‍ ചിത്രം പരാജയപ്പെട്ടതുകൊണ്ട് ഉണ്ടായ കടം കാരണമാണ് മദഗജരാജ റിലീസ് ചെയ്യാന്‍ കഴിയാത്തതെന്ന് സംവിധായകന്‍ സുന്ദര്‍. സി അടുത്തിടെ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ചിത്രത്തെക്കുറിച്ച് നായകന്‍ വിശാലിനോട് ചോദിക്കുമ്പോഴെല്ലാം മൗനമായിരുന്നു താരത്തിന്റെ മറുപടി.
ഒടുവില്‍ ചിത്രം 12 വര്‍ഷത്തിന് ശേഷം ബിഗ് സ്‌ക്രീനിലേക്കെത്തുന്നത് ആഘോഷമാക്കിയിരിക്കുകയാണ് തമിഴ് സിനിമാപ്രേമികള്‍. വിസാലിന് പുറമെ സന്താനം, മൊട്ട രാജേന്ദ്രന്‍ എന്നിവര്‍ അണിനിരക്കുന്ന ചിത്രത്തില്‍ വരലക്ഷ്മി ശരത്കുമാറും അഞ്ജലിയുമാണ് നായികമാര്‍. വിജയ് ആന്റണി സംഗീതം നല്‍കിയ ഗാനങ്ങള്‍ ഇന്നും വൈറലാണ്.
മദഗജരാജയുടെ റിലീസ് പ്രഖ്യാപനത്തിന് പിന്നാലെ വിക്രം ചിത്രം ധ്രുവ നച്ചത്തിരവും ചര്‍ച്ചയായിരിക്കുകയാണ്. മദഗജരാജയെപ്പോലെ വര്‍ഷങ്ങളായി പെട്ടിയില്‍ തന്നെ കിടക്കുന്ന ചിത്രമാണ് ധ്രുവ നച്ചത്തിരം. സൂര്യയെ നായകനാക്കി ഗൗതം വാസുദേവ് മേനോന്‍ അനൗണ്‍സ് ചെയ്ത ചിത്രമായിരുന്നു ധ്രുവ നച്ചത്തിരം. എന്നാല്‍ അവസാനനിമിഷം ചിത്രത്തില്‍ നിന്ന് സൂര്യ പിന്മാറുകയും വിക്രം നായകനാവുകയുമായിരുന്നു.
2017ലാണ് ധ്രുവ നച്ചത്തിരത്തിന്റെ ആദ്യ ടീസര്‍ പുറത്തിറങ്ങിയത്. സ്റ്റൈലിഷ് ലുക്കില്‍ വിക്രം അവതരിച്ച ടീസര്‍ വലിയ ചര്‍ച്ചയായിരുന്നു. അതേ വര്‍ഷം വിക്രമിന്റെ പിറന്നാള്‍ ദിനത്തോടനുബന്ധിച്ച് രണ്ടാമത്തെ ടീസറും പുറത്തുവിട്ടിരുന്നു. ഇതിന് ശേഷം വര്‍ഷങ്ങളോളം ധ്രുവ നച്ചത്തിരത്തെപ്പറ്റി യാതൊരു വാര്‍ത്തയും പുറത്തുവരാതിരുന്നു. ചിത്രം ഡ്രോപ്പ് ആയെന്നു വരെയുള്ള വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.
2020ല്‍ ചിത്രത്തിലെ ആദ്യഗാനം റിലീസ് ചെയ്തതിന് പിന്നാലെ വീണ്ടും ധ്രുവ നച്ചത്തിരം സോഷ്യല്‍ മീഡിയയില്‍ സംസാരവിഷയമായി. പിന്നീട് വീണ്ടും ചിത്രത്തെപ്പറ്റിയുള്ള വാര്‍ത്തകള്‍ കേള്‍ക്കാതെ വന്നു. 2023ല്‍ ചിത്രം റിലീസാകുമെന്ന് അറിയിക്കുകയും ട്രെയ്‌ലര്‍ പുറത്തുവിടുകയും ചെയ്തു. എന്നാല്‍ റിലീസ് ദിവസം ആദ്യ ഷോയ്ക്ക് മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ റിലീസ് മാറ്റിവെച്ചു. ഇതോടെ ധ്രുവ നച്ചത്തിരം എന്ന സിനിമ സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ മെറ്റീരിയലായി മാറി.
പുതുവര്‍ഷത്തോടനുബന്ധിച്ച് ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തുവന്നതോടെ വീണ്ടും ചര്‍ച്ചകള്‍ സജീവമായി. എന്നാല്‍ ചിത്രത്തിന്റെ ആദ്യ ഷോ കഴിയാതെ ഇങ്ങനെയൊരു സിനിമ റിലീസായത് വിശ്വസിക്കില്ലെന്ന് പലരും അഭിപ്രായപ്പെട്ടു. എട്ട് വര്‍ഷത്തോളം പ്രേക്ഷകരെ കാത്തുനിര്‍ത്തിയ സിനിമയായി ധ്രുവ നച്ചത്തിരം മാറുമ്പോള്‍ എന്ന് ചിത്രം കാണാനാകുമെന്ന ചിന്തയിലാണ് വിക്രം ആരാധകര്‍.
Content Highlight: Social Media Discussion on Vishal’s next movie Madha Gaja Raja movie release