| Wednesday, 7th June 2023, 3:33 pm

വെള്ളം കേറി മുങ്ങാന്‍ നില്‍ക്കുമ്പോള്‍ ഓട് മാറ്റണമായിരുന്നോ; ഒ.ടി.ടിയിലെത്തി; ചര്‍ച്ചയില്‍ ടൊവിനോയും ലാലും

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ജൂഡ് ആന്തണി സംവിധാനം ചെയ്ത 2018 ഒ.ടി.ടിയില്‍ റിലീസ് ചെയ്തിരിക്കുകയാണ്. ജൂണ്‍ ഏഴിന് റിലീസ് ചെയ്യുമെന്ന് പറഞ്ഞിരുന്നുവെങ്കിലും ജൂണ്‍ ആറിന് രാത്രി മുതല്‍ തന്നെ സോണി ലിവില്‍ സ്ട്രീമിങ് ആരംഭിച്ചിരുന്നു.

**********************Spoiler Alert***********************

ഒ.ടി.ടി റിലീസ് ചെയ്തതോടെ പതിവ് പോലെ സോഷ്യല്‍ മീഡിയ ചര്‍ച്ചകള്‍ തുടങ്ങിയിരിക്കുകയാണ്. ടൊവിനോയുടെയും ലാലിന്റെയും കഥാപാത്രങ്ങളെ വെച്ചാണ് ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്. പ്രേക്ഷകരെ കരയിക്കാന്‍ മനപ്പൂര്‍വം ഒരു ദുരന്തപൂര്‍ണമായ ഒടുക്കം ടൊവിനോയുടെയും ലാലിന്റേയും കഥാപാത്രങ്ങള്‍ക്ക് നല്‍കിയതാണോ എന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്ന ഒരു ചര്‍ച്ച.

ഒരുപാട് പേരുടെ ജീവന്‍ രക്ഷിക്കുന്ന ആള്‍ ഹീറോ ആകണമെങ്കില്‍ അയാള്‍ മരിക്കണം എന്ന് നിര്‍ബന്ധം ഉണ്ടോയെന്നും മരിച്ചില്ലെങ്കില്‍ ടൊവിനോയുടെ കഥാപാത്രം ഹീറോ ആകുമായിരുന്നില്ലേയെന്നുമാണ് ഫേസ്ബുക്കില്‍ വന്ന ഒരു കുറിപ്പില്‍ ചോദിക്കുന്നത്.

ടൊവിനോയുടെ പിന്നേയും സമ്മതിച്ചുതരാമെന്നും എന്നാല്‍ ലാലിന്റെ കഥാപാത്രത്തിന്റെ മരണം തികച്ചും അനാവശ്യമായാണ് തോന്നിയതെന്നും സോഷ്യല്‍ മീഡിയയില്‍ പ്രതികരണങ്ങളുണ്ട്.

കാണുന്നവരെ മനപൂര്‍വം വിഷമിപ്പിക്കാന്‍ ഉണ്ടാക്കിയെടുത്ത ഒരു സീന്‍ ആണ് അതെന്നും അല്ലെങ്കില്‍ വെള്ളം കയറികൊണ്ടിരിക്കുന്ന, ആളുകളെ മറ്റെവിടെക്കെങ്കിലും മാറ്റാന്‍ തയ്യാറെടുക്കുന്ന സമയത്ത് ആരെങ്കിലും ഓട് പൊട്ടിയത് മാറ്റാന്‍ കയറുമോ എന്നും ചില കമന്റുകളുണ്ട്. തൊട്ടുപിന്നാലെ വരുന്ന സീനിന് ഇംപാക്ട് ഉണ്ടാക്കാനാണ് ലാലിന്റെ മരണം ഉണ്ടാക്കിയതെന്നും ചില നിരീക്ഷണങ്ങളുണ്ട്.

അതേസമയം ഒ.ടി.ടി റിലീസിന് പിന്നാലെ സിനിമയെ കീറിമുറിക്കുന്ന സോഷ്യല്‍ മീഡിയ നിരീക്ഷകരെത്തിയെന്ന വിമര്‍ശനവും ചിലര്‍ ഉന്നയിക്കുന്നുണ്ട്.

Content Highlight: social media discussion on tovino thomas’s and lal’s characters in 2018 movie

We use cookies to give you the best possible experience. Learn more