| Wednesday, 19th April 2023, 8:01 am

ഒരാള്‍ക്ക് രണ്ട് ഡബ്ബിങ്ങോ? മമ്മൂട്ടിയുടെ ശബ്ദത്തിന് എന്ത് പറ്റി? ഏജന്റ് ട്രെയ്‌ലറിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

അഖില്‍ അക്കിനേനി, മമ്മൂട്ടി എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളാവുന്ന ഏജന്റ് റിലീസിനൊരുങ്ങുകയാണ്. സ്‌പൈ ആക്ഷന്‍ ഴോണറിലൊരുങ്ങുന്ന ചിത്രത്തില്‍ റോ ചീഫ് കേണല്‍ മേജര്‍ മഹാദേവനായാണ് മമ്മൂട്ടി എത്തുന്നത്. ഏപ്രില്‍ 18ന് രാത്രി ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്ത് വന്നിരുന്നു. ആക്ഷന്‍ രംഗങ്ങളാല്‍ സമ്പന്നമായിരുന്നു ചിത്രത്തിന്റെ ട്രെയ്‌ലര്‍.

ട്രെയ്‌ലര്‍ പുറത്ത് വന്നതിന് പിന്നാലെ മമ്മൂട്ടിയുടെ ശബ്ദത്തിനെ കുറിച്ചാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച. വീഡിയോയില്‍ ആദ്യം വരുന്ന മമ്മൂട്ടിയുടെ ഡയലോഗിന് അദ്ദേഹത്തിന്റെ ശബ്ദവും പിന്നീട് മറ്റൊരാളുടെ ശബ്ദവുമാണ് കേള്‍ക്കുന്നത്. ഏത് ഭാഷയാണെങ്കിലും ഡബ്ബിങ്ങില്‍ വിസ്മയം തീര്‍ക്കുന്ന മമ്മൂട്ടിയുടെ യഥാര്‍ത്ഥ ശബ്ദം കേള്‍ക്കാത്തതിലുള്ള അമര്‍ഷവും നിരാശയും സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുകയാണ് പ്രേക്ഷകര്‍.

മുമ്പ് വന്ന യാത്ര സിനിമയില്‍ സ്വന്തം ശബ്ദത്തില്‍ ഡബ്ബ് ചെയ്ത മമ്മൂട്ടിക്ക് എന്തുകൊണ്ടാണ് ഏജന്റില്‍ മാറ്റം വന്നതെന്നും സോഷ്യല്‍ മീഡിയ ചോദിക്കുന്നു. തെലുങ്ക് ചിത്രത്തില്‍ മമ്മൂട്ടിയുടെ ശബ്ദത്തിന് വന്ന മാറ്റം പ്രേക്ഷകര്‍ക്ക് അംഗീകരിക്കാനാവുന്നില്ല എന്നാണ് സോഷ്യല്‍ മീഡിയ പ്രതികരണങ്ങളില്‍ നിന്നും വ്യക്തമാകുന്നത്.

ഹൈ ബജറ്റില്‍ ഒരുങ്ങിയ ഒരു ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളിലൊരാള്‍ക്ക് രണ്ട് ശബ്ദം വന്നത് അണിയറപ്രവര്‍ത്തകര്‍ ഉത്തരവാദിത്തത്തോടെ കാണണമെന്നും സോഷ്യല്‍ മീഡിയ ആവശ്യപ്പെടുന്നു. ഇത് ട്രെയ്‌ലറില്‍ മാത്രം തെറ്റായിരിക്കാമെന്നും തിയേറ്ററിലെത്തുമ്പോള്‍ മമ്മൂട്ടിയുടെ തന്നെ ശബ്ദത്തില്‍ സിനിമ കാണാമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പ്രേക്ഷകര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

സുരേന്ദര്‍ റെഡ്ഡി രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ഏജന്റ് ഏപ്രില്‍ 28നാണ് റിലീസ് ചെയ്യുന്നത്. സാക്ഷി വൈദ്യയാണ് നായികാ വേഷം ചെയ്തിരിക്കുന്നത്.

അഖില്‍, ആഷിക് എന്നിവര്‍ നേതൃത്വം നല്‍കുന്ന യൂലിന്‍ പ്രൊഡക്ഷന്‍സ് ആണ് ചിത്രം കേരളത്തില്‍ വിതരണം ചെയ്യുന്നത്. ഹിപ്പ് ഹോപ്പ് തമിഴാ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്ന ഈ ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത് റസൂല്‍ എല്ലൂരാണ്. എഡിറ്റര്‍ ദേശീയ അവാര്‍ഡ് കരസ്ഥമാക്കിയ നവീന്‍ നൂലിയാണ്. കലാസംവിധാനം നിര്‍വഹിച്ചിരിക്കുന്നത് അവിനാഷ് കൊല്ല.

Content Highlight: social media discussion on the voice of mammootty in agent trailer

We use cookies to give you the best possible experience. Learn more