ഇനി ഈ പയ്യന്‍ വളര്‍ന്ന് വലുതായതാണോ സൂര്യകുമാര്‍? ഒട്ടും സംശയിക്കേണ്ടെന്ന് സോഷ്യല്‍ മീഡിയ
Sports News
ഇനി ഈ പയ്യന്‍ വളര്‍ന്ന് വലുതായതാണോ സൂര്യകുമാര്‍? ഒട്ടും സംശയിക്കേണ്ടെന്ന് സോഷ്യല്‍ മീഡിയ
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 10th January 2023, 11:25 am

ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ക്കിടയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ചിത്രമാണ് 2007ല്‍ പുറത്തിറങ്ങിയ ചൈന്‍ കുലി കി മെയ്ന്‍ കുലി (Chain Kulii Ki Main Kulii). അനാഥാലയത്തിലെ ഒരു കുട്ടിക്ക് ക്രിക്കറ്റ് ബാറ്റ് ലഭിക്കുന്നതും ഒടുവില്‍ അവന്‍ ഇന്ത്യന്‍ ടീമിലെത്തുന്നതുമാണ് ചിത്രത്തിന്റെ പ്രമേയം. സ്‌പോര്‍ട്‌സ് – കോമഡി ഴോണറില്‍ പുറത്തിറങ്ങിയ ചിത്രത്തിന് ഇന്നും ആരാധകരുടെ മനസില്‍ പ്രത്യേക സ്ഥാനമാണുള്ളത്.

കരണ്‍ എന്ന് പേരുള്ള ഒരു അനാഥ ബാലന് 1983 ലോകകപ്പില്‍ കപില്‍ ദേവ് ഉപയോഗിച്ച ബാറ്റ് ലഭിക്കുന്നു. ആ ബാറ്റിന് മാജിക് പവര്‍ ഉണ്ടെന്നാണ് അവന്‍ വിശ്വസിക്കുന്നത്. ഒരിക്കല്‍ ക്രിക്കറ്റ് കളിക്കുന്നതിനിടെ ഇന്ത്യന്‍ കോച്ചിന്റെ കാറിന്റെ ചില്ലില്‍ കരണ്‍ അടിച്ച സിക്‌സര്‍ ചെന്നുകൊള്ളുകയും തുടര്‍ന്ന് അവന്‍ ഇന്ത്യന്‍ ടീമിലെത്തുകയും ചെയ്യുന്നു.

പാകിസ്ഥാനെതിരായ പരമ്പരയില്‍ 2-0ന് പിന്നില്‍ നില്‍ക്കുമ്പോഴാണ് അവന്‍ ടീമിനൊപ്പം ചേരുന്നത്. തുടര്‍ന്ന് പാകിസ്ഥാന്റെ ഓരോ ബൗളര്‍മാരെയും അടിച്ചു കൂട്ടുകയും ആദ്യ മത്സരത്തില്‍ തന്നെ സെഞ്ച്വറി നേടുകയും തുടര്‍ന്നുള്ള മത്സരത്തിലും കരണ്‍ നൂറടിക്കുകയും ഇന്ത്യക്ക് പരമ്പര നേടിക്കൊടുക്കുകയും ചെയ്യുന്നു എന്നതാണ് ചിത്രത്തിന്റെ കഥ.

 

സെയ്ന്‍ ഖാന്‍, രാഹുല്‍ ബോസ്, രാജ് ബന്‍സാലി, വിജയ് കൃഷ്ണ എന്നിവര്‍ പ്രധാന വേഷത്തിലെത്തിയ ചിത്രത്തില്‍ അതിഥി വേഷത്തില്‍ കപില്‍ ദേവും എത്തിയിരുന്നു.

ഇപ്പോള്‍ സൂര്യകുമാറിന്റെ ബാറ്റിങ് കാണുമ്പോള്‍ ആ ചിത്രത്തിലെ കരണ്‍ വളര്‍ന്ന് വലുതായതാണോ എന്ന ചോദ്യമാണ് സോഷ്യല്‍ മീഡിയ ഉയര്‍ത്തുന്നത്. ഇന്ത്യ-ശ്രീലങ്ക പരമ്പരയിലെ അവസാന ടി-20ക്ക് ശേഷമാണ് സോഷ്യല്‍ മീഡിയയില്‍ ഇത്തരമൊരു ചര്‍ച്ചക്ക് തുടക്കമായത്.

ചിത്രത്തില്‍ കരണ്‍ റണ്‍സ് നേടുന്നത് പോലെയാണ് റിയല്‍ ലൈഫില്‍ സൂര്യകുമാറും റണ്ണടിച്ചുകൂട്ടുന്നത്. ശ്രീലങ്കക്കെതിരായ മത്സരത്തില്‍ തലങ്ങും വിലങ്ങും സിക്‌സര്‍ പായിക്കുന്ന സൂര്യകുമാറിനെയായിരുന്നു ആരാധകരും എതിരാളികളും ഒരുപോലെ കണ്ടത്.

സെഞ്ച്വറിയടിച്ചായിരുന്നു സ്‌കൈ ഇന്ത്യന്‍ നിരയില്‍ നിര്‍ണായകമായത്. ഒന്നോ രണ്ടോ മത്സരങ്ങളില്‍ കാലിടറിയപ്പോള്‍ തനിക്ക് നേരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്കുള്ള മറുപടിയെന്നോണമായിരുന്നു സൂര്യകുമാറിന്റെ ഇന്നിങ്സ്.

തന്റെ കരിയറിലെ മൂന്നാം അന്താരാഷ്ട്ര ടി-20 സെഞ്ച്വറിയായിരുന്നു രാജ്കോട്ടില്‍ സൂര്യ നേടിയത്. ഇതോടെ ഏറ്റവുമധികം അന്താരാഷ്ട്ര ടി-20 സെഞ്ച്വറിയുള്ള ഇന്ത്യന്‍ താരങ്ങളുടെ പട്ടികയില്‍ രോഹിത് ശര്‍മക്ക് പിന്നില്‍ രണ്ടാമനായി സ്ഥാനം പിടിക്കാനും സൂര്യക്കായി. നാല് സെഞ്ച്വറികളാണ് രോഹിത് ശര്‍മക്കുള്ളത്.

 

പരമ്പരയിലെ മൂന്നാം ടി-20യില്‍ 51 പന്തില്‍ നിന്നും 112 റണ്‍സാണ് താരം സ്വന്തമാക്കിയത്. ഏഴ് ബൗണ്ടറിയും ഒമ്പത് സിക്സറുമായി 219.61 എന്ന പ്രഹരശേഷിയിലായിരുന്നു സ്‌കൈ റണ്ണടിച്ചുകൂട്ടിയത്.

ഇതോടെ നിരവധി റെക്കോഡുകളും സ്‌കൈ സ്വന്തമാക്കിയിരുന്നു. 200+ സ്ട്രൈക്ക് റേറ്റില്‍ ഏറ്റവുമധികം ടി-20 സെഞ്ച്വറി നേടുന്ന താരം, സീരീസ് ഡിസൈഡര്‍ മത്സരത്തില്‍ ഏറ്റവുമധികം റണ്‍സ് നേടുന്ന ഇന്ത്യന്‍ താരം, ഏറ്റവുമധികം ടി-20 സെഞ്ച്വറി നേടുന്ന നോണ്‍ ഓപ്പണര്‍, ഒരു ടി-20 ഇന്നിങ്സില്‍ ഏറ്റവുമധികം സിക്സര്‍ നേടുന്ന നോണ്‍ ഓപ്പണര്‍ തുടങ്ങിയ റെക്കോഡുകളാണ് താരം സ്വന്തമാക്കിയത്.

 

Content highlight:  Social media discussion on Suryakumar Yadav and Chain Kulii ki Main Kulii movie