അടിയില്‍ മുമ്പന്‍ ആര്‍.ഡി.എക്‌സോ തല്ലുമാലയോ അജഗജാന്തരമോ; ചര്‍ച്ച
Film News
അടിയില്‍ മുമ്പന്‍ ആര്‍.ഡി.എക്‌സോ തല്ലുമാലയോ അജഗജാന്തരമോ; ചര്‍ച്ച
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 3rd September 2023, 9:44 am

ഓണം സീസണില്‍ ഇറങ്ങിയ മലയാളം സിനിമകളില്‍ വലിയ വിജയമായിരിക്കുകയാണ് നവാഗതനായ നഹാസ് ഹിദായത്ത് സംവിധാനം ചെയ്ത ആര്‍.ഡി.എക്‌സ്. ഷെയ്ന്‍ നിഗം, നീരജ് മാധവ്, ആന്റണി വര്‍ഗീസ് എന്നിവര്‍ നായകന്മാരായ ചിത്രം ആക്ഷന് പ്രാധാന്യം കൊടുത്താണ് അണിയിച്ചൊരുക്കിയത്. കെ.ജി.എഫ്, വിക്രം, ഡോക്ടര്‍ തുടങ്ങിയ മുന്‍നിര തെന്നിന്ത്യന്‍ ചിത്രങ്ങള്‍ക്ക് ഫൈറ്റ് കൊറിയോഗ്രഫി ഒരുക്കിയ അന്‍പറിവ് എന്നറിപ്പെടുന്ന അന്‍പുമണി, അറിവുമണി ഇരട്ടസഹോദരങ്ങളാണ് ആര്‍.ഡി.എക്‌സിന്റെ ഫൈറ്റ് കൊറിയോഗ്രഫി ഒരുക്കിയിരിക്കുന്നത്.

മലയാളത്തില്‍ ഏറ്റവും മികച്ച ആക്ഷന്‍ ചിത്രങ്ങളിലൊന്ന് എന്ന നിലക്കാണ് ചിത്രം വിലയിരുത്തപ്പെടുന്നത്. ഇതോടെ പുതിയൊരു തര്‍ക്കമാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്. തല്ലുമാലയാണോ ആര്‍.ഡി.എക്‌സാണോ അടിയില്‍ മുമ്പന്‍ എന്ന ചര്‍ച്ചയാണ് നടക്കുന്നത്. ഇതിനൊപ്പം തന്നെ അജഗജാന്തരവും ചര്‍ച്ചകളില്‍ നിറയുന്നുണ്ട്.

മൂന്ന് ചിത്രങ്ങളുടെയും ഫാന്‍സ് വിട്ടുകൊടുക്കാന്‍ തയാറാവാതെ തര്‍ക്കത്തിലാണ്. ഒരു കോംപ്രമൈസും കൂടാതെ റിയലിസ്റ്റിക് ഫൈറ്റ് ഒരുക്കിയ തല്ലുമാലയാണ് മികച്ചതെന്നും എന്നാല്‍ പ്രേക്ഷകരുമായി ഇമോഷണലി കണക്ടായ ഫൈറ്റ് നല്‍കിയത് ആര്‍.ഡി.എക്‌സാണെന്നുമാണ് ഇരു ചിത്രങ്ങളുടെയും ആരാധകര്‍ പറയുന്നത്. ഉത്സവത്തിനിടയിലെ റോ ഫൈറ്റ് അവതരിപ്പിച്ച അജഗജാന്തരവും ഒട്ടു പിന്നിലല്ലെന്നും സോഷ്യല്‍ മീഡിയ കുറിപ്പുകളുണ്ട്.

അതേസമയം വിവാദങ്ങള്‍ അനാവശ്യമാണെന്നും പറയുന്നവരുണ്ട്. വ്യക്തിപരമായ അഭിരുചികള്‍ക്കും ആസ്വാദന താല്പര്യങ്ങള്‍ക്കും അനുസരിച്ച് സിനിമകളുടെ ആസ്വാദനത്തിലും മാറ്റമുണ്ടാവുമെന്നുമെന്നത് ചിലര്‍ ചൂണ്ടിക്കാട്ടി.

സിനിമകള്‍ ആസ്വദിച്ചാല്‍ പോരെയെന്നും ഏതെങ്കിലും ഒന്ന് ഒന്നാമതാവണമെന്ന് നിര്‍ബന്ധമുണ്ടോയെന്നും ചോദിക്കുന്നവരുണ്ട്. ആര്‍.ഡി.എക്‌സ് കാലാകാലങ്ങളായുള്ള ആക്ഷന്‍ പാറ്റേണ്‍ വൃത്തിക്ക് ഉപയോഗിച്ച് വിജയിച്ച പടമാണ്, തല്ലുമാല പുതുപുത്തന്‍ പാറ്റേണ്‍ സംഭാവന ചെയ്തു. രണ്ടും ആസ്വദിക്കുക എന്നതാണ് ശരിയെന്നാണ് സോഷ്യല്‍ മീഡിയയില്‍ വന്ന ഒരു പ്രതികരണം.

മൂന്ന് സിനിമകളെ സൂക്ഷ്മമായി പരിശോധിച്ചാല്‍, അവതരണത്തിലും പ്ലോട്ടിലും കാര്യമായ വ്യത്യാസമുണ്ടെന്നും മറ്റൊരു കുറിപ്പില്‍ പറയുന്നു. റോ ഫൈറ്റ് സീക്വന്‍സുകളോട് കൂടിയ റിയലിസ്റ്റിക് സമീപനമാണ് അജഗജാന്തരത്തിന് ലഭിച്ചത്. സിനിമയുടെ മൂഡ് ഇരുണ്ടതാണ്, ഫൈറ്റ് പൂര്‍ണമായും രാത്രിയിലാണ് നടക്കുന്നത്.

പുതിയ ആഖ്യാനത്തിലൂടെയും മേക്കിങ് പാറ്റേണിലൂടെയും അമ്പരപ്പിച്ച ഒരു മികച്ച ആക്ഷന്‍ ചിത്രമാണ് തല്ലുമാല. ചിത്രത്തിന്റെ സാങ്കേതിക മികവും വിഷ്വല്‍ ഓഡിയോ മേഖലയിലെ നിലവാരവും മോളിവുഡിന്റെ സെന്‍സിബിലിറ്റിക്കും മുകളിലായിരുന്നു.

ആര്‍.ഡി.എക്‌സ് മാസ് എന്റര്‍ടെയ്ന്‍മെന്റ് ആണ്. ഇമോഷന്‍സും ആക്ഷനും ഒരുമിച്ച് ചേര്‍ത്തതാണ് ചിത്രം. ഫാമിലി ഇമോഷന്‍സ് ഉള്ളത് ഭൂരിപക്ഷം വരുന്ന പ്രേക്ഷകരെ രസിപ്പിക്കുമെന്നാണ് സിനിമാ പാരഡൈസ് ക്ലബ് എന്ന ഗ്രൂപ്പില്‍ വന്ന കുറിപ്പ്.

മൂന്ന് ചിത്രങ്ങളും മലയാളത്തിലെ വലിയ വിജയങ്ങളാണെന്നും, അതില്‍ പരസ്പരം തര്‍ക്കിക്കാതെ മികച്ച സിനിമകളെ ചേര്‍ത്തുപിടിക്കുകയാണ് ചെയ്യേണ്ടതെന്നും ഒരു വിഭാഗം സോഷ്യല്‍ മീഡിയയില്‍ പറയുന്നത്.

Content Highlight: Social media discussion on RDX, Thallumala and RDX