അടുത്ത കാലത്ത് ഇറങ്ങുന്ന മലയാള സിനിമകളുടെ ടൈറ്റിലുകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരുന്നു. ക്രിയേറ്റീവായ ടൈറ്റിലുകള്‍ ഒന്നും ഇപ്പോഴില്ലെന്നും നിലവാരം പുലര്‍ത്താത്തതാണ് ഒട്ടുമിക്ക ടൈറ്റിലുകളെന്നുമാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്ന വിമര്‍ശനം.
പുതിയ രീതിക്കനുസരിച്ച് പഴയ ഹിറ്റ് ചിത്രങ്ങളുടെ പേര് മാറ്റിയാല്‍ എങ്ങനെയിരിക്കും. സോഷ്യല്‍ മീഡിയയില്‍ അത്തരമൊരു ചര്‍ച്ച കൂടി ശ്രദ്ധ നേടുകയാണ്. സിനിഫൈല്‍ ഗ്രൂപ്പില്‍ ആര്‍.വി. ദീപു എന്ന പ്രൊഫൈലില്‍ നിന്നുമാണ് ഇത്തരമൊരു ചര്‍ച്ചക്ക് തുടക്കമായത്. ഇന്‍ ഹരിഹര്‍ നഗര്‍ എന്ന ചിത്രം മാറ്റിയാല്‍ ‘യുവതിയും കോഴികളും,’ എന്നാക്കാം എന്ന് പേര് മാറ്റി ദീപു ഉദാഹരണവും നല്‍കി. ഈ പോസ്റ്റിന് നിരവധി കമന്റുകളാണ് ലഭിച്ചത്.
‘പെട്ടിയും മായയും പിന്നെ ഞങ്ങളും’, ‘അമ്മച്ചീ, ആന്‍ഡ്രൂസ് വിളിക്കുന്നു’, എന്നാണ് ഇന്‍ ഹരിഹര്‍ നഗറിന് കമന്റില്‍ സജെഷന്‍ കിട്ടിയ മറ്റ് പേരുകള്‍.
കമന്റ് ബോക്‌സില്‍ വന്ന ചില രസകരമായ പേരുമാറ്റങ്ങള്‍
മേരി ടീച്ചറിന്റെ മൂത്ത പുത്രന്‍- ബിഗ് ബി
ബെന്നിയും ലോട്ടറിയും -ഭാഗ്യദേവത
സ്ഫടികം – അച്ഛന്റെ മകന്‍
ആറാം തമ്പുരാന്‍ – കൊട്ടാരത്തിലെ രാജകുമാരന്‍
കിലുക്കം – ജോജിയുടെ നന്ദിനി
ഹിസ് ഹൈനസ് അബ്ദുല്ല – കൊട്ടാരത്തിലെ കൊലപാതകം
വാത്സല്യം – ഏട്ടനും അനിയനും
ഏയ് ഓട്ടോ – ഒരു ഓട്ടോ പ്രേമം
ദാദ സാഹിബ് – വാപ്പയും മോനും
ജോക്കര്‍ – സര്‍ക്കസ്‌കൂടാരത്തിലെ പ്രണയം
സമ്മര്‍ ഇന്‍ ബത്‌ലഹേം – ഫാം ഹൗസിലെ കസിന്‍സ്
റസിയയുടെ പ്രതികാരം -ക്ലാസ്സ്മേറ്റ്‌സ്
അച്ഛനെ അറിയാതെ – ലൂസിഫര്‍
നാടോടിക്കാറ്റ് – എന്താടാ ദാസാ
പോക്കിരിരാജ -എനിക്കൊരു മകന്‍ കൂടിയുണ്ട്.
ഇങ്ങനെ നിരവധി പേരുമാറ്റങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വരുന്നത്. അതേസമയം നല്ല പേരുകളും മലയാള സിനിമക്കുണ്ടെന്നും ഒരു കൂട്ടര്‍ വാദിക്കുന്നുണ്ട്. റോഷാക്ക്, ബസൂക്ക, ഭീഷ്മ പര്‍വ്വം, എമ്പുരാന്‍, മലൈക്കോട്ടൈ വാലിബന്‍, റാം, കിങ് ഓഫ് കൊത്ത, ടൈസണ്‍ എന്നീ ചിത്രങ്ങളുടെ പേരുകളാണ് ഉദാഹരണങ്ങളായി എടുത്ത് പറയുന്നത്. ദൃശ്യം, മെമ്മറീസ്, കൂമന്‍ എന്നിങ്ങനെ ചിത്രങ്ങളുടെ കേന്ദ്രാശയത്തോട് ചേര്‍ന്ന് നില്‍ക്കുന്ന ജീത്തു ജോസഫ് ചിത്രങ്ങളുടെ പേരുകള്‍ക്കും അഭിനന്ദനങ്ങള്‍ ഉയരുന്നുണ്ട്.
Content Highlight: social media discussion on malayalam movie titles