വിശാല്‍, എസ്.ജെ. സൂര്യ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായ മാര്‍ക്ക് ആന്റണിയാണ് ഇപ്പോള്‍ തെന്നിന്ത്യയില്‍ സംസാര വിഷയം. ടൈം ട്രാവല്‍ ഴോണറിലൊരുങ്ങിയ ചിത്രം മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നും നേടുന്നത്. എസ്.ജെ. സൂര്യ അഭിനയിക്കുന്ന രണ്ടാമത്തെ സൈഫൈ (സയന്‍സ് ഫിക്ഷന്‍) മൂവി എന്ന പ്രത്യേകതയും മാര്‍ക്ക് ആന്റണിക്കുണ്ട്. മുമ്പ് സിമ്പു നായകനായ മാനാട് എന്ന ടൈം ലൂപ് ചിത്രത്തിലും എസ്.ജെ. സൂര്യ ഒരു പ്രധാനകഥാപാത്രമായിരുന്നു. മാനാഡും സൂപ്പര്‍ ഹിറ്റായിരുന്നു.
മാര്‍ക്ക് ആന്റണി വിജയകരമായി മുന്നേറുന്നതിനിടയില്‍ എസ്.ജെ. സൂര്യയെ കേന്ദ്രമാക്കി സോഷ്യല്‍ മീഡിയയില്‍ ഒരു ചര്‍ച്ചയും നടക്കുകയാണ്. താരത്തിന്റെ സാന്നിധ്യമുണ്ടെങ്കില്‍ നായകന്മാരുടെ തലവര മാറുമെന്നാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച. ഇത് തെളിയിക്കുന്ന സമീപകാല സിനിമകളും സോഷ്യല്‍ മീഡിയ ഉയര്‍ത്തി കാണിക്കുന്നുണ്ട്.
മാനാട് തന്നെ മികച്ച ഉദാഹരണമാണ്. പരാജയങ്ങളില്‍ ഉഴറിയ സിമ്പു ബോഡി ട്രാന്‍സ്ഫര്‍മേഷന്‍ നടത്തി കിടിലന്‍ തിരിച്ചുവരവാണ് മാനാടില്‍ നടത്തിയത്. 2022ല്‍ പുറത്തുവന്ന ശിവകാര്‍ത്തികേയന്റെ ഡോണ്‍ അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും വലിയ കളക്ഷന്‍ നേടിയ ചിത്രമാണ്. 100 കോടിയിലധികം നേടിയ ചിത്രത്തില്‍ നിര്‍ണായക സാന്നിധ്യമായി എസ്.ജെ. സൂര്യയുണ്ടായിരുന്നു.