Entertainment
ഒരുകാലത്ത് മലയാളികളെ രസിപ്പിച്ച നടന്‍ ഇപ്പോള്‍ അന്യഭാഷയില്‍ കോമാളിവേഷം കെട്ടുന്നു, സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി ജയറാമിന്റെ സ്‌ക്രിപ്റ്റ് സെലക്ഷന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Apr 20, 12:51 pm
Sunday, 20th April 2025, 6:21 pm

പത്മരാജന്‍ മലയാളികള്‍ക്ക് സമ്മാനിച്ച നടന്മാരില്‍ ഒരാളാണ് ജയറാം. ആദ്യ ചിത്രമായ അപരനിലൂടെ തന്നെ മലയാളത്തിലെ മികച്ച നടന്മാരില്‍ ഒരാളായി മാറിയ ജയറാം 100ലധികം ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറി. എന്നാല്‍ പിന്നീട് മലയാളത്തില്‍ തുടര്‍ പരാജയങ്ങള്‍ സംഭവിക്കാന്‍ തുടങ്ങിയപ്പോള്‍ ജയറാം തമിഴ്, തെലുങ്ക് തുടങ്ങിയ അന്യഭാഷകളില്‍ കൂടുതല്‍ സജീവമാവുകയായിരുന്നു.

വലിയൊരു ഇടവേളക്ക് ശേഷം മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത അബ്രഹാം ഓസ്‌ലര്‍ എന്ന ചിത്രം മോളിവുഡിലേക്കുള്ള ജയറാമിന്റെ തിരിച്ചുവരവായിരുന്നു. ബോക്‌സ് ഓഫീസില്‍ 40 കോടിയോളമാണ് ചിത്രം സ്വന്തമാക്കിയത്. ഓസ്‌ലറിന് ശേഷം താന്‍ ഇനി മോശം സിനിമകള്‍ ചെയ്യില്ലെന്ന് ജയറാം പറഞ്ഞിരുന്നു.

എന്നാല്‍ ഓസ്‌ലറിന് ശേഷം മലയാളത്തില്‍ ഒരു പ്രൊജക്ട് പോലും ജയറാം കമ്മിറ്റ് ചെയ്തിരുന്നില്ല. അന്യഭാഷയില്‍ ജയറാമിന് ലഭിച്ചതാകട്ടെ, തീരെ പ്രാധാന്യമില്ലാത്ത വേഷങ്ങളും. വിജയ് നായകനായ ദി ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈമില്‍ എ.ടി.എസ് ഗ്രൂപ്പ് ഹെഡ് നസീര്‍ എന്ന കഥാപാത്രത്തെയാണ് ജയറാം അവതരിപ്പിച്ചത്. ഇന്റര്‍വെല്‍ സീനില്‍ മരിക്കുന്ന, വലിയ പ്രാധാന്യമില്ലാത്ത വേഷമായിരുന്നു ഇത്.

ഷങ്കര്‍- റാം ചരണ്‍ കൂട്ടുകെട്ടില്‍ പിറന്ന ഗെയിം ചേഞ്ചറായിരുന്നു ജയറാം ഭാഗമായ അടുത്ത അന്യഭാഷാ ചിത്രം. വില്ലന്റെ സഹായിയായ കഥാപാത്രത്തെയായിരുന്നു ജയറാമിന് ഗെയിം ചേഞ്ചറില്‍ ലഭിച്ചത്. തെലുങ്കില്‍ പോയി ഇത്തരത്തിലൊരു തല്ലുകൊള്ളി കഥാപാത്രത്തെ എന്തിനാണ് ജയറാമിനെപ്പോലൊരു വലിയ നടന്‍ അവതരിപ്പിച്ചത് എന്നായിരുന്നു പലരും ഗെയിം ചേഞ്ചര്‍ കണ്ടപ്പോള്‍ ചോദിച്ചത്. മലയാളത്തിലെ മുന്‍നിര നടന്മാരിലൊരാളായ ജയറാമിനെ ഷങ്കര്‍ എന്ന സംവിധായകന്‍ ട്രീറ്റ് ചെയ്ത രീതിയെ പലരും വിമര്‍ശിച്ചിരുന്നു.

കാര്‍ത്തിക് സുബ്ബരാജ് സൂര്യയെ നായകനാക്കി ഒരുക്കുന്ന റെട്രോയാണ് ജയറാമിന്റെ പുതിയ പ്രൊജക്ട്. സൂര്യയുടെ ഗ്യാങ് മെമ്പറായാണ് ജയറാം വേഷമിടുന്നത്. ട്രെയ്‌ലറില്‍ ജയറാമിന്റെ ചേഷ്ടകള്‍ ഇതിനോടകം ട്രോള്‍ പേജുകളില്‍ വൈറലായിട്ടുണ്ട്. എന്നാല്‍ തന്റെ മുന്‍ ചിത്രങ്ങളില്‍ മലയാളി താരങ്ങള്‍ക്ക് ശക്തമായ കഥാപാത്രങ്ങളെ സമ്മാനിച്ച കാര്‍ത്തിക് സുബ്ബരാജ് ജയറാമിന് മോശം കഥാപാത്രം നല്‍കില്ലെന്നാണ് പ്രതീക്ഷ.

ഒരുകാലത്ത് മമ്മൂട്ടിക്കും മോഹന്‍ലാലിനും ശേഷം മലയാളിപ്രേക്ഷകരുടെ ഇഷ്ടതാരമായിരുന്ന, തമിഴില്‍ കമല്‍ ഹാസനെക്കാള്‍ മികച്ച പെര്‍ഫോമന്‍സ് നടത്തി സംസ്ഥാന അവാര്‍ഡ് നേടിയ ജയറാം ഇത്തരത്തില്‍ സൈഡ് റോള്‍ ചെയ്യുന്നത് പലരെയും വിഷമിപ്പിക്കുന്നുണ്ട്. ജയറാം എന്ന പെര്‍ഫോമറുടെ തിരിച്ചുവരവാണ് പലരും കാത്തിരിക്കുന്നത്.

Content Highlight: Social media discussion on Jayaram’s Script selection in Tamil and Telugu movies