ഈ വര്‍ഷത്തെ വലിയ ഹിറ്റുകളിലൊന്നാണ് വിപിന്‍ ദാസിന്റെ സംവിധാനത്തിലെത്തിയ ജയ ജയ ജയ ജയ ഹേ. ദര്‍ശന രാജേന്ദ്രന്‍, ബേസില്‍ ജോസഫ് എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായെത്തിയ ചിത്രം വീട്ടകങ്ങളില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളെ തുറന്നുകാട്ടുന്നതായിരുന്നു.
ചിത്രം കഴിഞ്ഞ ദിവസം ഡിസ്‌നി പ്ലസ് ഹോട് സ്റ്റാറിലും റിലീസ് ചെയ്തിരുന്നു. ഒ.ടി.ടി റിലീസിന് പിന്നാലെ വലിയ ചര്‍ച്ചകളാണ് ചിത്രത്തെ പറ്റി സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്. ഇതില്‍ മുന്നില്‍ നില്‍ക്കുന്നത് ദര്‍ശന അവതരിപ്പിച്ച നായികയായ ജയയുടെ ഫൈറ്റ് തന്നെയാണ്. റിലീസ് സമയത്തും പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയത് ഈ ഫൈറ്റ് സീന്‍ തന്നെയായിരുന്നു.
നായികയുടെ ചവിട്ടിന് പ്രശംസകള്‍ ഉയരുമ്പോഴും ചിലര്‍ ഇതില്‍ സംശയങ്ങളും ഉന്നയിക്കുന്നുണ്ട്. യൂട്യൂബ് നോക്കി മാര്‍ഷ്യല്‍ ആര്‍ട്ട്‌സ് പഠനം സാധ്യമാണോ എന്നാണ് ഇക്കൂട്ടരുടെ സംശയം. എന്നാല്‍ ഇതിന് മറുപടിയും വരുന്നുണ്ട്.
കൊവിഡ് കാലത്ത് യൂട്യൂബ് നോക്കി സംഗീതവും കുക്കിങും മുതല്‍ വിദേശ ഭാഷകള്‍ പോലും ആളുകള്‍ പഠിച്ചുവെന്നും അതിനാല്‍ കരാട്ടെ പഠിക്കുന്നത് അത്ര പ്രയാസകരമല്ലെന്നുമാണ് തിരിച്ച് സോഷ്യല്‍ മീഡിയയിലുള്ള മറുപടി. മാത്രവുമല്ല ദര്‍ശന യൂട്യൂബ് നോക്കിയല്ല ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്താണ് മാര്‍ഷ്യല്‍ ആര്‍ട്‌സ് പഠിച്ചതെന്നും പ്രശ്‌നങ്ങളെല്ലാം അവസാനിച്ചു എന്ന് തോന്നുമ്പോള്‍ അത് അണ്‍ഇന്‍സ്റ്റാള്‍ ചെയ്യുന്ന രംഗം ചിത്രത്തിലുണ്ടെന്നും സോഷ്യല്‍ മീഡിയ ചൂണ്ടിക്കാണിക്കുന്നു.
ദര്‍ശനയുടെ പെര്‍ഫോമന്‍സിനും അഭിനന്ദനങ്ങള്‍ ഉയരുന്നുണ്ട്. ഒരാള്‍ തന്നെക്കാള്‍ ആരോഗ്യമുള്ള ആളുമായി ഫൈറ്റിന് വരുമ്പോള്‍ അല്ലെങ്കില്‍ ഒരാള്‍ ഒന്നിലധികം ആളുകളെ ഇടിക്കുമ്പോഴോ ബിഗ് ബജറ്റ് സിനിമകളില്‍ പോലും പലപ്പോഴും അവിശ്വസിനീയത തോന്നാറുണ്ടെന്നും അങ്ങനെ നോക്കുമ്പോള്‍ ജയയുടെ ഫൈറ്റിലൂടെ ദര്‍ശന ഞെട്ടിച്ചു എന്നും പ്രേക്ഷകര്‍ പറയുന്നു. ഫൈറ്റിന്റെ പെര്‍ഫെക്ഷന് വേണ്ടി വിദേശത്ത് നിന്നുമുള്ള ട്രെയ്‌നേഴ്‌സിനെ വെച്ച് പരിശീലിച്ച ദര്‍ശനയുടെ കഠിനാധ്വാനത്തിനും കയ്യടി ഉയരുന്നുണ്ട്.
Content Highlight: social media discussion on jaya’s fight in jaya jaya jaya jaya hey