| Thursday, 29th December 2022, 10:34 pm

വിസ്മയ മുതല്‍ രാഹുല്‍ ഈശ്വര്‍ വരെ; ജയഹേയിലെ ചില റെഫറന്‍സുകള്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വിപിന്‍ ദാസ് സംവിധാനം ചെയ്ത ജയ ജയ ജയ ജയ ഹേ ഒ.ടി.ടിയില്‍ ഇറങ്ങിയത് ഡിസംബര്‍ 22നാണ്. അന്നു മുതല്‍ ചിത്രത്തെക്കുറിച്ചുള്ള ചൂടന്‍ ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ചിത്രത്തിലെ പല ബ്രില്യന്‍സുകളും കണ്ടുപിടിച്ചാണ് ഇവര്‍ സോഷ്യല്‍ മീഡിയയില്‍ എഴുതുന്നത്.

അത്തരത്തില്‍ ചിത്രത്തിലെ ചില രംഗങ്ങളുമായി സാമ്യമുള്ള ചില സംഭവങ്ങളാണ് ഇത്തവണ ഇവര്‍ ചൂണ്ടികാണിച്ചിരിക്കുന്നത്. ജയ അച്ഛനെയും അമ്മയും വിളിച്ചു എനിക്കിവിടെ പറ്റുന്നില്ല, എന്ന് പറയുന്നത് വിസ്മയ കേസിലെ ഓഡിയോ ക്ലിപ്പുകളില്‍ കേട്ട സംഭാഷണങ്ങള്‍ പോലെ തോന്നിയെന്നാണ് ഇക്കൂട്ടര്‍ പറയുന്നത്.

ഭര്‍തൃ വീട്ടിലെ പീഡനം സഹിക്കാന്‍ കഴിയാതെ ആത്മഹത്യ ചെയ്ത വിസ്മയ സമാനമായി വീട്ടുകാര്‍ക്ക് അയച്ച വാട്‌സ്ആപ്പ് സന്ദേശങ്ങളും സ്‌ക്രീന്‍ ഷോട്ടുകളും മരണത്തിന് പിന്നാലെ പുറത്തു വന്നിരുന്നു. ഇതിന് സമാനമായി തോന്നുന്ന സീനാണ് ജയഹേയിലും കാണുന്നത്.

കൂടാതെ രാജേഷിനെ ചവിട്ടി കൂട്ടിയതിനു പിന്നാലെ വീട്ടുകാരെല്ലാം കൂടി ചര്‍ച്ച ആരംഭിക്കുമ്പോള്‍ വരുന്ന അനിയണ്ണന്‍ (അസീസ് നെടുമങ്ങാട്) രാജേഷിന്റെ അമ്മയോട് എനിക്ക് ഒരു 30 സെക്കന്റ് ചോദിക്കുന്നുണ്ട്. രാഹുല്‍ ഈശ്വര്‍ മാധ്യമപ്രവര്‍ത്തകന്‍ അഭിലാഷ് മോഹനോട് അപേക്ഷിച്ച മുപ്പതു സെക്കന്റ് തന്നെയല്ലേയെന്നും ഒരു വാര്‍ത്ത ചര്‍ച്ച അന്തരീക്ഷം തന്നെയായിരുന്നില്ലേ ആ രംഗവുമെന്നുമാണ് ഇവര്‍ ചൂണ്ടിക്കാണിക്കുന്ന മറ്റൊരു ബ്രില്യന്‍സ്.

ജയയെ പെണ്ണ് കണ്ടു മടങ്ങുമ്പോള്‍ അനിയണ്ണന്‍ പറയുന്നത് സമീപഭാവിയില്‍ തന്നെ ഇന്ത്യ നമ്പര്‍ വണ്ണാവും, പെട്രോളിന്റെ വില കൂടിയോ എന്തോ എന്നാണെന്നും ഇതും വൈറലായ വീഡിയോയില്‍ ഉള്ളതല്ലെയെന്നുമാണ് ചിലരുടെ സംശയങ്ങള്‍. ഇതുപോലെ ചിത്രത്തിലെ സീനുകളെക്കുറിച്ചും ഡയലോഗുകളെക്കുറിച്ചും സോഷ്യല്‍ മീഡിയയിലും സിനിമാഗ്രൂപ്പുകളിലും ചര്‍ച്ചകള്‍ നിറയുന്നുണ്ട്.

ഒക്ടോബര്‍ 28 ന് തിയറ്ററുകളില്‍ എത്തിയ ചിത്രത്തിന് ആദ്യ ദിനങ്ങളില്‍ തന്നെ മികച്ച അഭിപ്രായമാണ് ലഭിച്ചത്. മുത്തുഗൌ, അന്താക്ഷരി എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ സംവിധായകനാണ് വിപിന്‍ ദാസ്. അജു വര്‍ഗീസ്, അസീസ് നെടുമങ്ങാട്, സുധീര്‍ പരവൂര്‍, മഞ്ജു പിള്ള, ശരത് സഭ, ഹരീഷ് പെങ്ങന്‍ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

നിരവധി ബോളിവുഡ് ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ച സ്റ്റണ്ട് മാസ്റ്റര്‍ ഫെലിക്‌സ് ഫുകുയോഷി റുവേ ആണ് സംഘട്ടന രംഗങ്ങള്‍ ഒരുക്കിയിരിക്കുന്നത്. വളരെ റിയലിസ്റ്റിക്കായ ജയയുടെ സ്റ്റണ്ട് സീനുകളെക്കുറിച്ചും പ്രേക്ഷകര്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. ചിത്രത്തിന്റെ ഒ.ടി.ടി റിലീസ് ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ ആയിരുന്നു.

content highlight: social media discussion on jaya jaya jaya jaya hey

We use cookies to give you the best possible experience. Learn more