ടി-20 ലോകകപ്പിലെ രണ്ടാം സെമി ഫൈനല്‍ മത്സരത്തില്‍ ഇന്ത്യക്കെതിരെ പത്ത് വിക്കറ്റിന്റെ ത്രസിപ്പിക്കുന്ന വിജയമാണ് ഇംഗ്ലണ്ട് സ്വന്തമാക്കിയത്. 169 റണ്‍സ് ടാര്‍ഗെറ്റുമായി കളത്തിലിറങ്ങിയ ഇംഗ്ലണ്ടിനെ ഓപ്പണര്‍മാരായ അലക്സ് ഹെല്‍സും ക്യാപ്റ്റന്‍ ജോസ് ബട്ലറും ചേര്‍ന്നാണ് വിജയത്തിലെത്തിച്ചത്.
നാല് ഓവറും പത്ത് വിക്കറ്റും ബാക്കി നില്‍ക്കവെയാണ് ഇംഗ്ലണ്ടിന്റെ വിജയം. ഇന്ത്യന്‍ പരാജയത്തിന് പിന്നാലെ ടീമിന്റെ തോല്‍വിയുടെ കാരണങ്ങള്‍ അന്വേഷിക്കുകയാണ് സോഷ്യല്‍ മീഡിയ.
ഒരു ലോകകപ്പിന്റെ സെമി ഫൈനല്‍ പോലുള്ള ഒരു ക്രൂഷ്യല്‍ മാച്ചില്‍ കളിയുടെ സമസ്ത മേഖലകളിലും എതിരളികള്‍ക്ക് മേല്‍ക്കൈ നല്‍കി 10 വിക്കറ്റിനൊക്കെ തോല്‍ക്കുന്ന ടീമാണോ ഇന്ത്യ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്.
ഹര്‍ദിക് പാണ്ഡ്യ നന്നായി ബാറ്റ് ചെയ്തില്ലായിരുന്നെങ്കില്‍ ഇന്ത്യ 150 കടക്കില്ലായിരുന്നു. ലോകത്തില്‍ തന്നെ വലിയ പേരുള്ള ഇന്ത്യന്‍ ബാറ്റര്‍മാര്‍ റണ്ണെടുക്കാന്‍ ബുദ്ധിമുട്ടുമ്പോള്‍ ഇംഗ്ലണ്ട് എങ്ങനെയാണ് അനായാസം റണ്ണടിച്ചെടുത്തതെന്ന മറു ചോദ്യവും ഉയരുന്നുണ്ട്.
‘ഇന്ത്യ ബാറ്റ് ചെയ്യുമ്പോള്‍ ബൗളിങ് പിച്ചായിരുന്നു അഡ്‌ലെയ്ഡ്, ഇംഗ്ലണ്ട് ബാറ്റ് ചെയ്തപ്പോള്‍ ബാറ്റിങ് പിച്ചായി,’ എന്നാണ് ഇതിനെ പരിഹസിച്ച് ഒരാള്‍ സോഷ്യല്‍ മീഡിയയല്‍ എഴുതിയത്.
വലിയ താരനിരയുള്ള ഇന്ത്യന്‍ ടീം നിര്‍ണായക മത്സരത്തില്‍ പരാജായപ്പെടുത്തുന്നതില്‍ സെലക്ടര്‍മാര്‍ക്കും പങ്കുണ്ടെന്നും ചിലര്‍ പറയുന്നു. ടീമന്റെ കളിക്കാരെ പോലെ സെലക്ടര്‍മാരും പരാജയത്തില്‍ ഓഡിറ്റിങിന് വിധേയമാക്കണമെന്നും ഇവര്‍ പറയുന്നത്.
അതേസമയം, ഇന്ത്യന്‍ ടീമിനെ ഒന്നാകെ നോക്കുകുത്തികളാക്കിയാണ് ഇംഗ്ലണ്ട് വിജയം പിടിച്ചടക്കിയത്.
നേരത്തെ ടോസ് നേടിയ ഇംഗ്ലണ്ട് നായകന്‍ ജോസ് ബട്ലര്‍ ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ഇന്ത്യയുടെ ഓപ്പണിങ് കൂട്ടുകെട്ട് വീണ്ടും പരാജയമായ മത്സരത്തില്‍ വിരാടും ഹര്‍ദിക്കും ചേര്‍ന്നാണ് ടീമിന് തരക്കേടില്ലാത്ത സ്‌കോര്‍ സമ്മാനിച്ചത്.