ഇലുമിനാണ്ടിയെന്ന് പറഞ്ഞാല്‍ പലര്‍ക്കും ആദ്യം ഓര്‍മ വരിക മലയാളത്തിന്റെ പ്രിയനടന്‍ പൃഥ്വിരാജ് സുകുമാരനെയാകാം. താരത്തിന്റെ ചില സിനിമകളും അഭിമുഖങ്ങളിലും മറ്റും പറഞ്ഞിട്ടുള്ള കാര്യങ്ങളും പിന്നീട് ഇലുമിനാണ്ടിയെന്ന് പറഞ്ഞ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകളും ട്രോളുകളും ആവാറുണ്ട്.
ഇപ്പോള്‍ സോഷ്യല്‍ മീഡിയ വീണ്ടും പൃഥ്വിരാജിനെ ഒരു ഇലുമിനാണ്ടി ആക്കിയിരിക്കുകയാണ്. വരാനിരിക്കുന്ന ആടുജീവിതവും ഈയടുത്ത് വന്ന താരത്തിന്റെ അഭിമുഖവും മുമ്പ് അഭിനയിച്ചിട്ടുള്ള ഒരു സിനിമയിലെ ഡയലോഗും ചേര്‍ത്താണ് ചര്‍ച്ചകള്‍.
സിനിമാപ്രേമികള്‍ ഇപ്പോള്‍ ഏറ്റവുമധികം കാത്തിരിക്കുന്ന സിനിമയാണ് ആടുജീവിതം. ബെന്യാമിന്റെ ഇതേപേരിലുള്ള പ്രശസ്ത നോവലിനെ ആസ്പദമാക്കി ബ്ലെസി സംവിധാനം ചെയ്യുന്ന സിനിമയാണ് ഇത്. ചിത്രത്തില്‍ പൃഥ്വിരാജാണ് നായകന്‍.
ഭൂരിഭാഗം മലയാളികളും വായിച്ചുതീര്‍ത്ത നോവലിന്റെ ചലച്ചിത്ര ആവിഷ്‌കാരത്തിനാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. 2008ലായിരുന്നു ചിത്രത്തിനെ കുറിച്ചുള്ള ആദ്യ ചര്‍ച്ചകള്‍ നടന്നത്. എന്നാല്‍ 2018ലാണ് ആടുജീവിതത്തിന്റെ ഷൂട്ടിങ് ആരംഭിക്കുന്നത്.
ചിത്രത്തിനായി പൃഥ്വിരാജ് നടത്തിയ മേക്ക് ഓവര്‍ അമ്പരപ്പിക്കുന്നതായിരുന്നു. അന്താരാഷ്ട്ര ചലച്ചിത്ര മേളക്കായി പുറത്തുവിട്ട സിനിമയുടെ ട്രെയ്‌ലറും അതിനു പിന്നാലെ വന്ന ഫസ്റ്റ് ലുക്കും സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചാവിഷയമായിരുന്നു.
മലയാളത്തില്‍ ഒരു നടന്‍ നടത്തിയ ഏറ്റവും വലിയ ട്രാന്‍സ്‌ഫോര്‍മേഷനാണ് പൃഥ്വിരാജ് ആടുജീവിതത്തിനായി നടത്തിയിട്ടുള്ളത്. ചിത്രത്തിനായി പൃഥ്വി 30 കിലോയോളം കുറച്ചത് വാര്‍ത്തയായിരുന്നു. ആടുജീവിതം പുറത്തു വരുന്നതോടെ പൃഥ്വിരാജ് എന്ന നടന്‍ ലോകസിനിമയുടെ ശ്രദ്ധനേടുമെന്നും ഓസ്‌കര്‍ സ്വന്തമാക്കുമെന്നുമാണ് പലരും അഭിപ്രായപ്പെടുന്നത്.
അടുത്ത ഏപ്രിലില്‍ തിയേറ്ററിലെത്തുന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി പൃഥ്വിരാജ് വിവിധ ചാനലുകള്‍ക്ക് അഭിമുഖങ്ങള്‍ നല്‍കുന്നുണ്ട്. പോക്കിരിരാജ സിനിമയുടെ സമയത്താണ് ബ്ലെസി ആടുജീവിതത്തെ കുറിച്ച് പറയാന്‍ തന്റെ അടുത്ത് വന്നതെന്ന് കഴിഞ്ഞ ദിവസത്തെ ഒരു അഭിമുഖത്തില്‍ താരം പറഞ്ഞിരുന്നു.
പൃഥ്വിരാജ് – മമ്മൂട്ടി എന്നിവര്‍ ഒന്നിച്ച പോക്കിരിരാജയില്‍ സൂര്യയെന്ന പൃഥ്വിയുടെ കഥാപാത്രം മമ്മൂട്ടിയുടെ കഥാപാത്രത്തോട് പറഞ്ഞ ഡയലോഗാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ‘ഞാന്‍ പഠിച്ചു വരുന്നതല്ലേയുള്ളു. ചേട്ടന്റെ അത്ര ആകുമ്പോഴേക്കും ഞാന്‍ ഓസ്‌കര്‍ വാങ്ങും’ എന്നതാണ് ആ ഡയലോഗും.
ബ്ലെസി പോക്കിരിരാജയുടെ ലൊക്കേഷനില്‍ വന്ന കാര്യം പുറത്തുവന്നതോടെ പൃഥ്വി ഇലുമിനാണ്ടി തന്നെയെന്ന് പറഞ്ഞ് ട്രോളുകളും പോസ്റ്റുകളും വന്ന് തുടങ്ങി. അതിനിടയില്‍ ചിലര്‍ അന്ന് ആടുജീവിതത്തിന്റെ കഥ കേട്ട പൃഥ്വിരാജ് സംവിധായകന്റെ അടുത്തെത്തി ആ ഡയലോഗ് ഉള്‍പ്പെടുത്തിയതാകാം എന്നും പറയുന്നുണ്ട്.
Content Highlight: Social Media Discussion On Illuminati And Prithviraj Sukumaran