റൊസാരിയോ തെരുവിലെ മുത്തശ്ശിമാര്‍ അവരുടെ കൊച്ചുമക്കളോട് ഇനിയും കഥകള്‍ പറയും; ഫൈനലിസ്സിമയ നേട്ടത്തിന് പിന്നാലെ വീണ്ടും ചര്‍ച്ചയായി റൊസാരിയോ മുത്തശ്ശിമാര്‍
football news
റൊസാരിയോ തെരുവിലെ മുത്തശ്ശിമാര്‍ അവരുടെ കൊച്ചുമക്കളോട് ഇനിയും കഥകള്‍ പറയും; ഫൈനലിസ്സിമയ നേട്ടത്തിന് പിന്നാലെ വീണ്ടും ചര്‍ച്ചയായി റൊസാരിയോ മുത്തശ്ശിമാര്‍
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 2nd June 2022, 2:55 pm

 

യൂറോ കപ്പ്- കോപ്പാ അമേരിക്ക ചാമ്പ്യന്മാരുടെ പോരാട്ടമായ ഫൈനലിസിമയില്‍ തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയതിന് പിന്നാലെ മേജര്‍ ട്രോഫി നേട്ടത്തിലെ വരള്‍ച്ചക്ക് വീണ്ടും വിരാമമിട്ടിരിക്കുകയാണ് അര്‍ജന്റീന. 2021ലെ കോപ്പാ അമേരിക്ക നേട്ടത്തിന് പിന്നാലെ കഴിഞ്ഞ 11 മാസത്തിനിടെയുള്ള അര്‍ജന്റീനയുടെ രണ്ടാമത്തെ കിരീടമാണിത്.

ഇനി റൊസാരിയോ തെരുവിലെ മുത്തശ്ശിയുടെ വരവാണ്. ഫുട്‌ബോള്‍ ലോകകപ്പ് കാലത്ത് അര്‍ജന്റീനിയന്‍ ആരാധകരുടെ ഫ്‌ളക്സിലെ റൊസാരിയോ തെരുവുകളില്‍ കാല്‍പ്പന്തുകളിയുടെ ബാല പാഠങ്ങള്‍ പഠിച്ച അവരുടെ ‘മിശിഹാ’യെ പറ്റി വര്‍ണ്ണിക്കുമ്പോഴാണ് റൊസാരിയോയിലെ മുത്തശ്ശി കടന്നുവരാറുള്ളത്.

അര്‍ജന്റീന വീണ്ടും കിരീടം നേടിയതോടെ റൊസാരിയോയിലെ മുത്തശ്ശിമാര്‍ ഹാപ്പിയാണെന്നാണ് ആരാധകര്‍ പറയുന്നത്.

എന്നാലിപ്പോള്‍ വര്‍ണനകള്‍ക്കുമപ്പുറം അര്‍ജന്റീനയിലെ മുത്തശ്ശിമാര്‍ക്ക് വരും തലമുറയിലേക്ക് ഊര്‍ജം പകരാനുള്ള സാരോപദേശകഥകളിലെ വീരനായി സൂപ്പര്‍ താരം മെസി മാറിയിരിക്കുകയാണ്. തുടര്‍ച്ചയായ കിരീട നേട്ടങ്ങളോടെ ആ വര്‍ണ്ണനകളില്‍ മറ്റുള്ളവര്‍ക്ക് അതിശയോക്തി തോന്നേണ്ട കാര്യവുമില്ല എന്നുകൂടിയാണ് മെസി ഇപ്പോള്‍ തെളിയിച്ചിരിക്കുന്നത്.

ഇനി അര്‍ജന്റീനയുടെ മുന്നിലുള്ളത് ഈ വര്‍ഷം ഖത്തറിലെ ലോക കിരീടമാണ്. അതോടെ രാത്രികളിലെ റൊസാരിയോയിലെ മുത്തശ്ശിക്കഥകള്‍ യാഥാര്‍ത്ഥ്യമാകും. അതുകൊണ്ട് തന്നെ റൊസാരിയോ തെരുവിലെ മുത്തശ്ശിമാര്‍ അവരുടെ കൊച്ചുമക്കളോട് പിന്നെയും പിന്നെയും പറയാനുള്ള കഥകള്‍ ഇനിയുമുണ്ടാകുമെന്ന് പറയുകയാണ് ആരാധകര്‍.

അതേസമയം, ക്യാപ്റ്റന്‍ ലയണല്‍ മെസിയും കോച്ച് ലയണല്‍ സ്‌കലോനിയും അര്‍ജന്റീനയെ ലോകകപ്പ് കിരീടത്തിലേക്ക് നയിക്കുമെന്നാണ് ആരാധകര്‍ വിശ്വസിക്കുന്നത്. 28 വര്‍ഷങ്ങളോളം കപ്പ് ഇല്ലാതിരുന്ന അര്‍ജന്റീനയെ കോപ്പ കിരീടം അണിയിച്ചതും ഫൈനലിസിമ്മ ജേതാക്കളാക്കിയതിലും ഇരുവരും അര്‍ജന്റീന ടീമും ഒരുപാട് പ്രയത്നിച്ചിട്ടുണ്ട്.

2019 മുതല്‍ ഇന്നലെ കളിച്ച ഫൈനലിസിമ്മ വരെ ഒരു കളി പോലും സ്‌കലോനിയും സംഘവും തോറ്റിട്ടില്ല. അര്‍ജന്റൈന്‍ സംഘത്തിന്റെ ഡോമിനെന്‍സാണ് ഇത് വിളിച്ച് കാണിക്കുന്നത്.

31 മത്സരങ്ങളാണ് അര്‍ജന്റീന ഈ കാലയളവില്‍ കളിച്ചത്. ഇതില്‍ ഒരു മത്സരം പോലും തോല്‍ക്കാതെ നേടിയ കോപ്പ അമേരിക്ക ടൂര്‍ണമെന്റും ഉള്‍പ്പെടും.

ഒരു മത്സരം പോലും തോല്‍ക്കാതെ ഏറ്റവും കൂടുതല്‍ മത്സരങ്ങളില്‍ കളിച്ച ടീമുകളില്‍ മൂന്നാം സ്ഥാനത്താണ് അര്‍ജന്റീന. 2018-21 കാലയളവില്‍ 37 കളികള്‍ തോല്‍ക്കാതെ മുന്നേറിയ ഇറ്റലിയാണ് ഈ ലിസ്റ്റില്‍ ഒന്നാമത്.1993-96 കാലഘട്ടത്തില്‍ 35 കളികള്‍ വിജയിച്ച ബ്രസീലാണ് ലിസ്റ്റില്‍ രണ്ടാമത്. 35 വിജയങ്ങളുമായി 2007-09 കാലഘട്ടത്തിലെ സ്‌പെയിന്‍ പടയും ഒപ്പം തന്നെയുണ്ട്. 1991-93 കാലഘട്ടത്തിലെ അര്‍ജന്റൈന്‍ സംഘവും 31 കളികള്‍ തോല്‍ക്കാതെ മുന്നേറിയിരുന്നു.

CONTENT HIGHLIGHTS: Social media discussion on Grandmother of Rosario Street