മോളിവുഡിലും ടോളിവുഡിലും ബോളിവുഡിലും ഒരുപോലെ തിളങ്ങിയ നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ റൊമാന്റിക് ഹീറോയെന്ന നിലയിലാണ് കൂടുതലും അറിയപ്പെടുന്നത്.
റൊമാന്റിക് ഹീറോയും ചാമിങ് ചോക്ലേറ്റ് നായകനുമായി നില്‍ക്കാന്‍ തനിക്ക് താല്‍പര്യമില്ലെന്ന് ദുല്‍ഖര്‍ ഈയടുത്ത് പറഞ്ഞെങ്കിലും ആരാധകര്‍ക്കിപ്പോഴും ദുല്‍ഖര്‍ പ്രണയനായകന്‍ തന്നെയാണ്. കാരണം, നടന്‍ ഇതുവരെ ചെയ്ത ചിത്രങ്ങളില്‍ മിക്കതിലും ഒരു ലവ് ട്രാക്കുണ്ടായിരുന്നുവെന്ന് മാത്രമല്ല, ഇത്തരം കഥാപാത്രങ്ങളില്‍ പലതും ശ്രദ്ധ നേടുകയും ചെയ്തിരുന്നു.
തീവ്രം, പട്ടം പോലെ, നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി, 100 ഡെയ്‌സ് ഓഫ് ലവ്, ഒ.കെ കണ്‍മണി, കലി, ചാര്‍ലി, ബാംഗ്ലൂര്‍ ഡെയ്‌സ്, സി.ഐ.എ, സോളോ, മഹാനടി തുടങ്ങിയ ചിത്രങ്ങളെല്ലാം ഇതിന്റെ ഉദാഹരണങ്ങളാണ്.
ദുല്‍ഖറിന്റെ ഏറ്റവും ഒടുവിലിറങ്ങിയ ഹിറ്റ് ചിത്രം സീതാ രാമവും ഡാര്‍ക് ത്രില്ലറായി ഇറങ്ങിയ ചുപുമെല്ലാം അദ്ദേഹത്തിന്റെയുള്ളിലെ റൊമാന്റിക് ഹീറോയെ കൂടുതല്‍ കാണിച്ചുതരുന്നതായിരുന്നു.
എന്നാല്‍ ഈ റൊമാന്റിക് ഹീറോ ആഘോഷങ്ങള്‍ക്കിടയില്‍ ദുല്‍ഖറിനെ ചുറ്റിപ്പറ്റി മറ്റു ചില ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയില്‍ സജീവമാകുന്നത്.
ഇത്രയും റൊമാന്റിക് ചിത്രങ്ങളില്‍ അഭിനയിച്ചിട്ടും, ബോളിവുഡ് വരെ എത്തിയിട്ടും ദുല്‍ഖര്‍ എന്താണ് ചുംബനരംഗങ്ങളില്‍ അഭിനയിക്കാത്തതെന്നാണ് ഈ ചര്‍ച്ചയിലെ പ്രധാന ചോദ്യം.
ലിപ് ലോക്ക് സീനുകളില്‍ പഴയകാല ചിത്രങ്ങളിലേതു പോലെ, ക്യാമറ തലയുടെ പുറകിലേക്ക് നീങ്ങുകയോ ഷോട്ട് മാറുകയോ ബ്ലര്‍ ആവുകയോ ചെയ്യുന്ന രീതി തന്നെയാണ് ഏറ്റവും അവസാന ചിത്രത്തില്‍ വരെ ദുല്‍ഖര്‍ പിന്തുടര്‍ന്നിരിക്കുന്നതെന്നും ഇവര്‍ ചൂണ്ടിക്കാണിക്കുന്നു.
ദുല്‍ഖര്‍ ലിപ് ലോക്ക് ചെയ്യാത്തതിന് കാരണം ‘കണ്ടെത്തി’ എത്തുന്ന പോസ്റ്റുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. ഈ കാരണങ്ങളുടെ കൂട്ടത്തില്‍ ട്രോളുകളും പിന്തിരിപ്പന്‍ ആശയങ്ങളുമെല്ലാമുണ്ട്.
ലിപ് ലോക്ക് ചെയ്യാന്‍ തയ്യാറാകാത്തത് നടന്റെ സംസ്‌കാരത്തെയും മൂല്യത്തെയും കാണിക്കുന്നുവെന്നാണ് ചില പോസ്റ്റുകളില്‍ പറയുന്നത്. നടന്റെ അച്ഛന്റെ പേര് മമ്മൂട്ടിയാണെന്നും അതാണ് ഈ സംസ്‌കാരത്തിന് കാരണമെന്നും ഇവര്‍ കൂട്ടിച്ചേര്‍ക്കുന്നു. ഈ പോസ്റ്റിന് കണക്കിന് ട്രോളും കിട്ടുന്നുണ്ട്.
ഒരു ആക്ടര്‍ സിനിമയില്‍ ചുംബനരംഗങ്ങള്‍ ഒഴിവാക്കുന്നു എന്ന് കരുതി അത്തരം രംഗങ്ങളില്‍ അഭിനയിക്കുന്നവരെ മോശക്കാരാക്കുന്നത് അംഗീകരിക്കാനാകാത്ത പ്രവണതയാണെന്നാണ് ഈ ട്രോളുകളില്‍ പറയുന്നത്. അതേസമയം ചുംബനരംഗങ്ങള്‍ കൂടാതെ തന്നെ കഥാപാത്രത്തിന്റെ പ്രണയത്തെ പ്രേക്ഷകരിലേക്ക് എത്തിക്കാന്‍ നടന് കഴിയുന്നുണ്ട് എന്നതിനെ ഒരുവിധം പേരെല്ലാം അംഗീകരിക്കുന്നുണ്ട്.
ഒരു നടന്റെ അഭിനയം മാത്രം നോക്കിയാല്‍ പോരേ ലിപ് ലോക്ക് ചെയ്യുന്നുണ്ടോ ഇല്ലയോ എന്ന് ചര്‍ച്ചയാക്കണമോ എന്ന് സൂചിപ്പിക്കുന്നവരുമുണ്ട്.
നടിമാരുടെ മാത്രം ലിപ് ലോക്ക് സീനുകള്‍ ചര്‍ച്ചയാക്കുന്നതില്‍ നിന്നും കാര്യങ്ങള്‍ അല്‍പം മാറാന്‍ തുടങ്ങിയതില്‍ സന്തോഷമുണ്ടെന്നാണ് മറ്റ് ചിലരുടെ അഭിപ്രായങ്ങള്‍. സിനിമയിലെ ചുംബനം ചര്‍ച്ച ചെയ്യുകയാണെങ്കില്‍ അതില്‍ പിന്നെ ലിംഗ ഭേദം കാണിക്കേണ്ട കാര്യമില്ലെന്നാണ് ഇവര്‍ പറയുന്നത്.
ലിപ് ലോക്ക് സീനുകളുടെ പേരില്‍ നടിമാരെ മാത്രം ടാര്‍ഗറ്റ് ചെയ്ത് നടക്കുന്ന സൈബര്‍ അറ്റാക്കുകളും ഇതിന് പിന്നാലെ ചര്‍ച്ചയാകുന്നുണ്ട്.
Content Highlight: Social media discussion on Dulquer Salmaan and kissing scenes