| Wednesday, 7th June 2023, 7:10 pm

മലബാര്‍ സിനിമകളുടെ ശ്രേണിയില്‍ സുലൈഖ മന്‍സിലിന്റെ പ്രസക്തി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മാറ്റത്തിന്റെ പാതയില്‍ എന്നും ഒന്നാമത് സഞ്ചരിക്കുന്ന മലയാള സിനിമ ലേറ്റസ്റ്റായി കൊണ്ടുവന്ന മാറ്റമാണ് വടക്കന്‍ കേരളത്തെ പ്രത്യേകിച്ചും മലബാര്‍ ഭാഗത്തെ റെപ്രസെന്റ് ചെയ്യുന്ന സിനിമകള്‍. യാഥാര്‍ത്ഥ്യത്തില്‍ നിന്നും ബഹുദൂരം മാറിനില്‍ക്കുന്ന, വസ്ത്രങ്ങളിലും സംസാര ശൈലിയിലും കാലങ്ങളായി ചാര്‍ത്തപ്പെട്ട ലേബലുകളില്‍ നിന്നും മുസ്‌ലിം കഥാപാത്രങ്ങള്‍ മോചിതരായതും ഈ മലബാര്‍ സിനിമകളിലൂടെയാണ്. സുഡാനി ഫ്രം നൈജിരിയ, ഹലാല്‍ ലവ് സ്റ്റോറി, തല്ലുമാല എന്നീ ശ്രേണിയുടെ തുടര്‍ച്ചയാണ് അഷ്‌റഫ് ഹംസ സംവിധാനം ചെയ്ത് ലുക്മാന്‍ അവറാന്‍, അനാര്‍ക്കലി മരിക്കാര്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായ സുലൈഖ മന്‍സില്‍.

തിയേറ്ററില്‍ റിലീസ് ചെയ്തതിനെക്കാളും കൂടുതല്‍ ചര്‍ച്ചകളാണ് ഒ.ടി.ടിയില്‍ ഇറങ്ങിയപ്പോള്‍ ചിത്രത്തെ പറ്റി നടക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ പ്രശംസിച്ചും വിമര്‍ശിച്ചും വന്ന ചില കുറിപ്പുകള്‍.

മുസ്‌ലിം കഥാപാത്രണങ്ങളെ ഏച്ചുകെട്ടിയും, പരിഹാസ രൂപേണയും മാത്രമവതരിക്കപ്പെട്ടിരുന്ന കാലത്ത് നിന്ന് അതേ ഭാഷപ്രയോഗങ്ങളും സ്ലാങ്ങുമൊന്നും മാറ്റാതെ തന്നെ അംഗീകരിക്കപ്പെടുന്ന രീതിയിലേക്ക് സിനിമ എന്ന കലാരൂപവും
മാറുകയോ വളരുകയോ ഒക്കെ ചെയ്തു കഴിഞ്ഞിരിക്കുന്നു. -ഷാനു കോഴിക്കോടന്‍

വിവാഹ ജീവിതത്തില്‍ പരസ്പര സ്‌നേഹത്തിനും വിശ്വാസത്തിനും എത്രത്തോളം പങ്കുണ്ടെന്നും എല്ലാവരുടെ സന്തോഷത്തിനും അതിന്റേതായ വിലയുണ്ടെന്നും പറയാതെ പറയുന്നുണ്ട് സിനിമ. തലേന്നാള്‍ പോലും ‘നിനക്ക് അവനെ പറ്റിയില്ലങ്കില്‍ നിക്കാഹ് വേണ്ടന്ന് വെക്കാമെന്ന്’ ഉറച്ച് പറയുന്ന പെണ്‍ നിലപാടും, ‘സെമീറെ നീ പെങ്ങളോട് നിക്കാഹിന് സമ്മതം ചോദിച്ചിട്ട് വാ, പിന്നെ എല്ലാവരും കേള്‍ക്കെ ചോദിക്കണെ’ എന്ന മൊല്ലാക്കയുടെ ഓര്‍മപ്പെടുത്തലും മാറുന്ന കാലത്തിന്റെ അടയാളപെടുത്തലാണ്. -ഹനീഫ് ചെറുതാഴം

ആദ്യം മുതല്‍ അവസാനം വരെ ഒരു കല്യാണ വീടിന്റെ വൈബിനെ അതേ പടി നില നിര്‍ത്തി തരുന്നതില്‍ സുലൈഖ മന്‍സില്‍ ടീം പൂര്‍ണമായും വിജയിച്ചു എന്നത് എടുത്ത് പറയണം. സ്ത്രീ പ്രാതിനിധ്യത്തെ ഇകഴ്ത്തി കാണിക്കാന്‍ മത്സരിക്കുന്ന പുരുഷ മേധാവിത്വം മാത്രം പറയുന്ന രീതിയില്‍ നിന്ന് വിഭിന്നമായി തന്നെ ചിത്രീകരിക്കാന്‍ അണിയറ പ്രവര്‍ത്തകരെടുത്ത തീരുമാനം പ്രശംസനീയമാണ്. നിക്കാഹിന് പെങ്ങളുടെ സമ്മതം വാങ്ങാന്‍ പറയുന്ന മുസ്‌ലിയാരും അടുക്കളയുടെ ചുമതലയില്‍ സ്ത്രീയും പുരുഷനും സമന്മാരായതും യാത്ര പറച്ചിലിന്റെ സമയം വരാന്തയിലെ സ്ത്രീകളുമൊക്കെ വലിയൊരു മാറ്റമാണ് പ്രകടമാക്കുന്നത്.- അഷ്‌കര്‍ കുറ്റ്യാടി

ഒരു പരാതിയുണ്ട്. ഈയടുത്ത കാലത്താണ് മുസ്‌ലിം പ്രാതിനിധ്യ വാണിജ്യ സിനിമകള്‍ മലയാള സിനിമയില്‍ വന്നുതുടങ്ങിയത്. അതില്‍ വലിയ സന്തോഷമുണ്ട്. എന്നാല്‍, ഈ സിനിമകളൊക്കെ കാണിക്കുന്നത് ഉപരിവര്‍ഗ കുടുംബങ്ങളുടെ കഥയാണ്. മധ്യവര്‍ഗ, അടിസ്ഥാന വര്‍ഗ കുടുംബങ്ങള്‍ക്കും കഥയുണ്ട്. അവരുടെ ജീവിതത്തിനും നിറങ്ങളുണ്ട്. അതിനും പ്രാതിനിധ്യം ലഭിക്കപ്പെടണം.- ബാസിത് ബിന്‍ ബുഷ്‌റ

കല്യാണതലേന്ന് പെണ്ണിനോട് നീ ഈ കല്യാണത്തിന് എങ്ങനെ സമ്മതിച്ചു നീ ഫോഴ്‌സ്ഡ് ആയിട്ടല്ലേ കല്യാണത്തിന് സമ്മതിച്ചത്. പരസ്പരം അറിയാതെ എങ്ങനെ കല്യാണം കഴിക്കും എന്ന് വരന്‍ ചോദിക്കുമ്പോള്‍ ‘എന്തിനാണ് ജഡ്ജ്‌മെന്റല്‍ ആകുന്നത്. ഇതെന്റെ ചോയ്‌സ് ആണ്’ എന്ന് മാസായി മറുപടി പറയുന്ന നായിക. ‘ഹാല’ എന്ന സുലൈഖ മന്‍സിലിലെ നായികയുടെ ചോയ്‌സ് അങ്ങേയറ്റം റിഗ്രസീവ് ആണെന്നതാണ് എന്റെ പോയിന്റ്.

അപ്പോള്‍ ഇങ്ങനെയും മനുഷ്യരുണ്ട്, അവരുടെ റെപ്രസന്റെഷന്‍ ആണ് അത് എന്ന് ഒരുപാട് മറുപടികള്‍ ഒരു സിനിമ ഗ്രൂപ്പില്‍ നിന്നടക്കം കിട്ടിയിരുന്നു. ഇതേ മനുഷ്യര്‍ തന്നെ കീറി മുറിച്ച മറ്റൊരു സിനിമയാണ് അര്‍ജുന്‍ റെഡ്ഡി. അര്‍ജുന്‍ റെഡ്ഡിയിലെ നായികയുടെ തിരഞ്ഞെടുപ്പും അവളുടെ ചോയ്‌സ് ആണ്. അങ്ങനെയുള്ള മനുഷ്യരും ഉണ്ട് എന്ന വാദവും മുന്നോട്ട് വയ്ക്കാമല്ലോ.- സ്‌കൈ ജിഷ്ണു ഗിരിജ ശേഖര്‍

Content Highlight: social media discussion of sulaikha manzil

We use cookies to give you the best possible experience. Learn more