| Monday, 6th March 2023, 10:51 pm

'ദുരന്തം വിടാതെ പിന്തുടരുന്ന നായകന്‍'; ജോജു ജോര്‍ജിനെ പറ്റി സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ജോജു ജോര്‍ജ് കേന്ദ്രകഥാപാത്രമായി ഒടുവില്‍ പുറത്ത് വന്ന സിനിമയാണ് ഇരട്ട. ഇരട്ടകളായ രണ്ട് പൊലീസ് ഉദ്യോഗസ്ഥരുടെ കഥ പറഞ്ഞ ചിത്രത്തിന് വലിയ നിരൂപക പ്രശംസയാണ് ലഭിച്ചത്. ചിത്രം കഴിഞ്ഞ ദിവസം ഒ.ടി.ടിയിലും റിലീസ് ചെയ്തിരുന്നു. പിന്നാലെ സോഷ്യല്‍ മീഡിയയിലും ചിത്രം വലിയ ചര്‍ച്ചയായിരിക്കുകയാണ്.

മന്ത്രി പങ്കെടുക്കേണ്ട പരിപാടി നടക്കുന്നതിന് മിനിട്ടുകള്‍ക്ക് മുമ്പ് പൊലീസ് സ്റ്റേഷനില്‍ വെച്ച് വിനോദ് എന്ന പൊലീസുകാരന്‍ വെടിയേറ്റ് മരണപ്പെടുന്നു. തുടര്‍ന്ന് ഒറ്റദിവസം കൊണ്ട് പൊലീസ് സ്റ്റേഷന്‍ കേന്ദ്രീകരിച്ച് തന്നെ മുന്നോട്ട് പോകുന്ന അന്വേഷണമാണ് ചിത്രത്തില്‍ കാണിക്കുന്നത്. ഒറ്റ ദിവസത്തില്‍, ഒരു പൊലീസ് സ്റ്റേഷന്‍ എന്ന പരിധിയില്‍ നിന്നുകൊണ്ടാണ് ഇരട്ടയുടെ കഥ പറഞ്ഞുപോകുന്നത്.

ത്രില്ലര്‍ സ്വഭാവത്തിലൊരുങ്ങിയ ചിത്രത്തിന്റെ ക്ലൈമാക്‌സ് പ്രേക്ഷകരെ അസ്വസ്ഥതപ്പെടുത്തുന്ന വിധത്തില്‍ ദുരന്തപൂര്‍ണമാണ്. പേര് പോലെ തന്നെ ഇരട്ട ക്ലൈമാക്‌സാണ് ചിത്രത്തിനുള്ളതും. ഇരട്ട പോലെ തന്നെ സമീപ കാലത്തിറങ്ങിയ ജോജു ചിത്രങ്ങളിലെല്ലാം ക്ലൈമാക്‌സ് പ്രേക്ഷകരെ അസ്വസ്ഥതപ്പെടുത്തുന്നതായിരുന്നു. ഇതോടെ ഇദ്ദേഹം ദുരന്തങ്ങളുടെ നായകനാണെന്ന ചര്‍ച്ചയാണ് സോഷ്യല്‍ മീഡിയയില്‍ സജീവമാകുന്നത്.

അഭിനയിക്കുന്ന ചിത്രങ്ങളിലെല്ലാം ഒന്നുകില്‍ സ്വയം കൊല്ലുന്ന അല്ലെങ്കില്‍ കൊല്ലപ്പെടുന്ന കഥാപാത്രങ്ങളെയാണ് അദ്ദേഹം അവതരിപ്പിക്കുന്നതെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. മാലിക്കില്‍ ജോജുവിന്റെ കഥാപാത്രം ആക്‌സിഡന്റിന് ശേഷം കിടപ്പിലാവുകയാണ്. ജോസഫിലാണെങ്കില്‍ കാമുകിയും മകളും ഭാര്യയും ജോജുവിന്റെ നായക കഥാപാത്രവും കൊല്ലപ്പെടുന്നു.

മധുരത്തില്‍ ഭാര്യ അരക്ക് കീഴ്‌പ്പോട്ട് തളര്‍ന്നുപോകുന്നു. ആക്ഷന്‍ ഹീറോ ബിജുവില്‍ അറിയാതെ തോക്ക് പൊട്ടി സസ്‌പെന്‍ഷനിലാവുന്നു. ഇരട്ടയിലും ആര്‍ക്കും ചിന്തിക്കാന്‍ പോലും പറ്റാത്ത ദുരന്തത്തിലേക്കാണ് ജോജുവിന്റെ കഥാപാത്രം എത്തിപ്പെടുന്നത്. അടുത്തത് തുറമുഖമാണ് റിലീസെന്നും അതില്‍ എന്താണ് സംഭവിക്കുക എന്ന് കണ്ടറിയണമെന്നും സോഷ്യല്‍ മീഡിയ പറയുന്നു.

Content Highlight: social media discussion joju george’s characters

We use cookies to give you the best possible experience. Learn more