എല്ലാ തമാശയും തമാശയല്ല, ഫഹദ് ഫാസില്‍ നല്‍കിയ കോണ്‍ഫിഡന്‍സ് മമ്മൂട്ടി തകര്‍ത്തോ? വിമര്‍ശനം
Entertainment news
എല്ലാ തമാശയും തമാശയല്ല, ഫഹദ് ഫാസില്‍ നല്‍കിയ കോണ്‍ഫിഡന്‍സ് മമ്മൂട്ടി തകര്‍ത്തോ? വിമര്‍ശനം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 14th December 2022, 1:02 pm

നമ്മള്‍ പറയുന്ന ചില തമാശകള്‍ മറ്റുള്ളവരെ എത്രമാത്രം വേദനിപ്പിക്കുന്നുണ്ടെന്ന തിരിച്ചറിവാണ് ബോഡി ഷെയ്മിങ്ങിനെതിരെ പ്രതികരിക്കാന്‍ ആളുകളെ ഒരു തരത്തില്‍ പ്രാപ്തരാക്കിയത്. ബോഡി ഷെയ്മിങ്ങ് പരാമര്‍ശം നടത്തുന്ന വ്യക്തി അതാരായാലും അവര്‍ക്കെതിരെ ശക്തമായി തന്നെ മലയാളികള്‍ പ്രതികരിക്കാറുണ്ട്.

സാംസ്‌കാരിക വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍ നടന്‍ ഇന്ദ്രന്‍സിനെക്കുറിച്ച് പറഞ്ഞ ഒരു പരാമര്‍ശം വിവാദമാകുന്ന സാഹചര്യത്തിലാണ് നടന്‍ മമ്മൂട്ടി പറഞ്ഞ വാക്കുകളും ഇപ്പോള്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുന്നത്. മമ്മൂട്ടി ജൂഡ് ആന്തണിയുടെ മുടിയെക്കുറിച്ച് പറഞ്ഞ ഒരു കാര്യമാണ് സോഷ്യല്‍ മീഡിയയിലും സിനിമാ ഗ്രൂപ്പുകളിലും ചര്‍ച്ച വിഷയമായിരിക്കുന്നത്.

പ്രളയത്തെ ആസ്പദമാക്കി ജൂഡ് ആന്തണി സംവിധാനം ചെയ്ത 2018 എന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ ലോഞ്ചില്‍ വെച്ചായിരുന്നു മമ്മൂട്ടിയുടെ പരാമര്‍ശം. ട്രെയ്‌ലര്‍ കണ്ടതിന് ശേഷം ‘ജൂഡ് ആന്തണിയുടെ തലയില്‍ കുറച്ച് മുടി കുറവുണ്ടന്നേയുള്ളു, തലയില്‍ നിറയേ ബുദ്ധിയാണെ’ന്നായിരുന്നു മമ്മൂട്ടി പറഞ്ഞത്.

ഇതോടെ മമ്മൂട്ടി നടത്തിയത് ബോഡി ഷെയിമിങ്ങാണെന്ന വിമര്‍ശനം ഉയര്‍ന്നു. എന്നാല്‍ ഇതിന് മറുപടിയുമായി മമ്മൂട്ടിയെ വിമര്‍ശിക്കുന്നവര്‍ക്കെതിരെ ജൂഡ് ആന്തണി അദ്ദേഹത്തിന്റെ ഫേസ്ബുക്കില്‍ ഒരു കുറിപ്പ് പങ്കുവെച്ചിരുന്നു. ‘മമ്മൂക്ക എന്റെ മുടിയെക്കുറിച്ചു പറഞ്ഞത് ബോഡി ഷെയിമിങ്ങാണെന്ന് പൊക്കിപ്പിടിച്ചുക്കൊണ്ടു വരുന്നവരോട്, എനിക്ക് മുടി ഇല്ലാത്തതില്‍ എനിക്കോ എന്റെ കുടുംബത്തിനോ പ്രശ്‌നമില്ല.

ഇനി അത്രേം കണ്‍സേണ്‍ ഉള്ളവര്‍ മമ്മൂക്കയെ ചൊറിയാന്‍ നിക്കാതെ എന്റെ മുടി പോയതിന്റെ കാരണക്കാരായ ബാംഗ്ലൂര്‍ കോര്‍പറേഷന്‍ വാട്ടര്‍, വിവിധ ഷാംപൂ കമ്പനികള്‍ ഇവര്‍ക്കെതിരെ ശബ്ദമുയര്‍ത്തുവിന്‍. ഞാന്‍ ഏറെ ബഹുമാനിക്കുന്ന ആ മനുഷ്യന്‍ ഏറ്റവും സ്നേഹത്തോടെ പറഞ്ഞ വാക്കുകളെ ദയവു ചെയ്തു വളച്ചൊടിക്കരുത്. എന്ന് മുടിയില്ലാത്തതില്‍ അഹങ്കരിക്കുന്ന ഒരുവന്‍,” എന്നാണ് ജൂഡ് ആന്തണി ഫേസ്ബുക്കില്‍ കുറിച്ചത്.

ജൂഡിന്റെ പ്രതികരണത്തിന് ശേഷവും ബോഡി ഷെയ്മിങ്ങിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ കൂടുതല്‍ സജീവമാകുകയായിരുന്നു. വിനയ് ഫോര്‍ട്ട് പ്രധാന വേഷത്തിലെത്തിയ തമാശ എന്ന ചിത്രത്തെ ആസ്പദമാക്കിയാണ് സിനിമ ഗ്രൂപ്പുകളില്‍ പലരും ഈ ചര്‍ച്ചക്ക് തുടക്കമിട്ടത്. ബോഡി ഷെയ്മിങ്ങ് എത്രമാത്രം വ്യക്തികളെ ബാധിക്കുന്നുണ്ടെന്ന് വളരെ കൃത്യമായി ചിത്രം കാണിച്ചു തന്നിട്ടുണ്ടായിരുന്നു.

 

എല്ലാ തമാശയും തമാശയായി കാണാന്‍ കഴിയില്ലെന്നാണ് ഇവര്‍ പറയുന്നത്. മുടിയില്ലയെന്നെയുള്ളു എന്ന് പറയുമ്പോള്‍ മുടിയില്ലാത്തത് ഒരു കുറവായിട്ട് തന്നെയാണ് മമ്മൂട്ടിയുടെ സംസാരത്തിലുള്ളതെന്നാണ് ചില പോസ്റ്റുകളിലുള്ളത്. മുടിയില്ലാത്തവരോട് ഇതിന് മുമ്പും മമ്മൂട്ടി ഇതുപോലെ മറുപടി പറഞ്ഞിട്ടുണ്ടെന്നാണ് ചിലര്‍ അഭിപ്രായപ്പെടുന്നത്.

മുടിയില്ലാത്തവരോട് ഇതിന് മുമ്പും മമ്മൂട്ടി ഇതേ രീതിയില്‍ പ്രതികരിച്ചിട്ടുണ്ടെന്നാണ് ചിലര്‍ ചൂണ്ടിക്കാട്ടുന്നത്. നടന്‍ സിദ്ദിഖ് ഒരു അഭിമുഖത്തില്‍ അദ്ദേഹത്തിന്റെ മുടിയെ കുറിച്ച് മമ്മൂട്ടി പറഞ്ഞ കാര്യങ്ങള്‍ പങ്കുവെച്ചിരുന്നു. നിനക്ക് ഒരു വിഗ്ഗ് വാങ്ങി വെച്ചുകൂടേ എന്ന് മമ്മൂക്ക തന്നോട് ചോദിച്ചു എന്നായിരുന്നു സിദ്ദിഖ് പറഞ്ഞത്. സിദ്ദിഖിന്റെ ഈ പരാമര്‍ശം കൂടി ഓര്‍മിപ്പിച്ചുകൊണ്ടായിരുന്നു മമ്മൂട്ടിയ്ക്കെതിരെ ചിലര്‍ വിമര്‍ശനമുന്നയിച്ചത്.

ജൂഡിന് കുഴപ്പമില്ലാത്തതിന്റെ കാരണം പറഞ്ഞത് മമ്മൂട്ടി ആയതുകൊണ്ടാണെന്നാണ് സോഷ്യല്‍ മീഡിയലിലൂടെ ഇവര്‍ പ്രതികരിക്കുന്നത്. മമ്മൂട്ടിക്ക് പകരം മറ്റാരെങ്കിലുമാണ് ഇത്തരം പരാമര്‍ശം നടത്തിയതെങ്കില്‍ ഉറപ്പായും വിമര്‍ശനവുമായി നിരവധി ആളുകള്‍ എത്തുമായിരുന്നുവെന്നും ഇവര്‍ പറഞ്ഞുവെക്കുന്നു. മമ്മൂട്ടി പറഞ്ഞത് ജൂഡിന് കുഴപ്പമില്ലായിരിക്കാം പക്ഷെ കേള്‍ക്കുന്നവര്‍ക്ക് മുടിയില്ലാത്തത് ഒരു കുറവാണെന്ന് തന്നെ തോന്നുമെന്നും ബോഡി ഷെയ്മിങ്ങ് ഒരിക്കലെങ്കിലും അനുഭവിച്ചവര്‍ക്ക് മമ്മൂട്ടിയെ പോലെ ഒരാള്‍ പറയുന്നത് കേള്‍ക്കുമ്പോള്‍ വിഷമമാവുമെന്നും ഇക്കൂട്ടര്‍ പറയുന്നു.

 

അതേസമയം മമ്മൂട്ടിയുടെ ഈ പരാമര്‍ശത്തിന് ഫഹദ് ഫാസിലിന്റെ ഫോട്ടോ പങ്കുവെച്ചും മറുപടി പറയുന്നവരുമുണ്ട്. തലയില്‍ മുടി ഇല്ലാത്തത് ഒരു കുറവായി കണ്ടു പോന്നിരുന്ന ഒരു തലമുറക്ക് ഫഹദ് ഫാസില്‍ കാരണം ഉണ്ടായ കോണ്‍ഫിഡന്‍സ് ചെറുതൊന്നുമല്ല. എല്ലാവിധ സിനിമ സൗന്ദര്യ സങ്കല്‍പങ്ങളെയും പാടെ ഇല്ലാതാക്കിയ നടനാണ് ഫഹദെന്നാണ് പലരില്‍ നിന്നും അഭിപ്രായമുയരുന്നത്.

ജൂഡ് ആന്റണിക്ക് കുഴപ്പം ഉണ്ടാകില്ല പക്ഷെ കേള്‍ക്കുന്ന ആള്‍ക്കാര്‍ക്ക് മുടി ഇല്ലാത്ത ആളുകള്‍ കഴിവ് ഇല്ലാത്തവരാണെന്ന സന്ദേശം തന്നെയാണ് മമ്മൂട്ടിയുടെ പരാമര്‍ശം നല്‍കുന്നതെന്നാണ് ഇവര്‍ അഭിപ്രായപ്പെടുന്നത്. എന്നാല്‍ ജൂഡിനോടുള്ള അടുപ്പവും സ്വാതന്ത്ര്യവും കൊണ്ടാണ് ഇത്തരത്തിലൊരു കമന്റ് മമ്മൂട്ടി നടത്തിയതെന്നാണ് ആരാധകരുടെ പക്ഷം. ജൂഡ് ആന്റണിക്കില്ലാത്ത കുഴപ്പമാണ് മറ്റുള്ളവര്‍ക്കെന്നുമാണ് ഇവര്‍ പറയുന്നത്.

content highlight: social media discussion against mammootty