അടുത്തിടെ ഇന്ത്യന്‍ സിനിമാ ലോകത്ത് ശ്രദ്ധ നേടിയ ചിത്രമാണ് റിഷഭ് ഷെട്ടി സംവിധാനം ചെയ്ത് നായകനായ കാന്താര. സാന്‍ഡല്‍വുഡിന് പുറത്തേക്കും വമ്പന്‍ ഹിറ്റായ ചിത്രത്തിന് വിവിധ ഭാഷകളില്‍ നിന്നും അഭിനന്ദനപ്രവാഹമായിരുന്നു. എന്നാല്‍ വിജയാഘോഷം തുടങ്ങി അധികം വൈകാതെ തന്നെ ചിത്രത്തിനെ തേടി വിവാദവും എത്തിയിരുന്നു.
സിനിമയിലെ വരാഹരൂപം എന്ന പാട്ട് തങ്ങളുടെ നവരസം പാട്ടിന്റെ കോപ്പിയടിയാണെന്ന് ചൂണ്ടിക്കാട്ടി തൈക്കുടം ബ്രിഡ്ജ് ബാന്‍ഡ് രംഗത്തെത്തുകയായിരുന്നു. പകര്‍പ്പവകാശ നിയമത്തിന്റെ ലംഘനമാണ് കാന്താര നടത്തിയിരിക്കുന്നതെന്നും പ്രചോദനവും കോപ്പിയടിയും തമ്മില്‍ വലിയ വ്യത്യാസമുണ്ടെന്നും പറഞ്ഞ തൈക്കുടം ബ്രിഡ്ജ് ശക്തമായ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും അറിയിച്ചിരുന്നു. റിഷഭ് ഷെട്ടി ഉള്‍പ്പെടെയുള്ള ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ തൈക്കുടത്തിന്റെ വാദത്തിനെ എതിര്‍ത്തെങ്കിലും പാട്ട് തിയേറ്ററിലും ഒ.ടി.ടിയിലും യൂട്യൂബിലും പ്രദര്‍ശിപ്പിക്കരുതെന്ന് കോടതി ഉത്തരവ് വരികയായിരുന്നു.
ഇതോടെ കാന്താരയില്‍ നിന്നും പാട്ട് മാറ്റേണ്ടി വന്നു. ചിത്രം ഇപ്പോള്‍ ആമസോണ്‍ പ്രൈമില്‍ ഒ.ടി.ടി റിലീസ് ചെയ്തിരിക്കുകയാണ്. എന്നാല്‍ വരാഹരൂപമില്ലാത്ത കാന്താരയുടെ ഫീല്‍ പോയെന്നാണ് പ്രേക്ഷകര്‍ പറയുന്നത്. വരാഹരൂപമാണ് കാന്താരായുടെ ആത്മാവ്. അത് മാറ്റിയതോടെ ചിത്രത്തിന്റെ രസം മുഴുവനും പോയെന്നാണ് പലരും സോഷ്യല്‍ മീഡിയയില്‍ കുറിക്കുന്നത്.
‘പടത്തിന്റെ ജീവന്‍ ആയിരുന്നു വരാഹരൂപം, ഒ.ടി.ടിക്ക് ആ ജീവന്‍ ഇല്ലാത്ത പോലെ തോന്നി, കാന്താര തിയേറ്ററില്‍ കാണാത്തവര്‍ക്കുള്ള ഏറ്റവും വലിയ നഷ്ട്ം ആണ് വരാഹരൂപം സോങ് ഉണ്ടാക്കിയ ഫീല്‍. ഇന്നിപ്പോള്‍ ഒ.ടി.ടിയില്‍ ഇറങ്ങിയപ്പോള്‍ ആ പാട്ട് ആകെ മാറ്റിയ രൂപത്തില്‍ ആണ് വന്നിരിക്കുന്നത്. പാട്ടിന് തിയേറ്ററില്‍ നിന്ന് കിട്ടിയ ഇമ്പാക്ട് ഇപ്പോള്‍ മിസ്സ് ആയിരിക്കുന്നു, തിയേറ്ററില്‍ കണ്ടവര്‍ക്ക് ഭാഗ്യം ഉണ്ട്,’ എന്നിങ്ങനെ പോകുന്നു സോഷ്യല്‍ മീഡിയ കമന്റുകള്‍.
എന്നാല്‍ കേസ് കൊടുത്ത തൈക്കുടം ബ്രിഡ്ജിനെ കുറ്റം പറയാനില്ലെന്നും കാരണം പകര്‍പ്പവകാശങ്ങള്‍ വാങ്ങേണ്ടിയിരുന്നത് കാന്താരയുടെ അണിയറപ്രവര്‍ത്തകരായിരുന്നു എന്നും അഭിപ്രായങ്ങളുയരുന്നുണ്ട്.
അതേസമയം ചിത്രത്തില്‍ നിന്നും പാട്ട് മാറ്റിയതോടെ നീതി നടപ്പായെന്നാണ് തൈക്കുടം ബ്രിഡ്ജ് പ്രതികരിച്ചത്. ‘കാന്താരയില്‍ നിന്നും നവരസത്തിന്റെ കോപ്പിയടിച്ച വേര്‍ഷന്‍ ആമസോണ്‍ നീക്കം ചെയ്തു. നീതി നടപ്പിലായി.