മറ്റ് ഇന്‍ഡസ്ട്രികള്‍ക്ക് മുന്നില്‍ മലയാളസിനിമക്ക് തലയുയര്‍ത്തിപ്പിടിച്ച് നില്‍ക്കാന്‍ കഴിയുന്ന വര്‍ഷമാണ് 2024. കഴിഞ്ഞ രണ്ടുമൂന്ന് വര്‍ഷങ്ങളായി മലയാളസിനിമകളില്‍ പലതും ബോക്‌സ് ഓഫീസില്‍ കാര്യമായി ശോഭിക്കാതെ വരികയും, അന്യഭാഷാ സിനിമകള്‍ കേരളത്തില്‍ നിന്ന് കോടികള്‍ വാരുകയും ചെയ്തപ്പോള്‍ പലരും ചോദിച്ച ചോദ്യമായിരുന്നു മലയാളസിനിമക്ക് ഇനിമ തിരിച്ചുവരാന്‍ സാധിക്കുമോ എന്ന്.
എന്നാല്‍ 2024 തുടങ്ങിയതിന് ശേഷം മൂന്ന് മാസത്തിനുള്ളില്‍ നാല് ഗംഭീര സിനിമകളാണ് മലയാളത്തിന്റേതായി വന്നത്. പ്രേമലു കേരളത്തിലും തെലങ്കാനയിലും സെന്‍സേഷണലായപ്പോള്‍ മഞ്ഞുമ്മല്‍ ബോയ്‌സ് കേരളത്തിന് പുറമേ തമിഴ്‌നാട്ടില്‍ അവിശ്വസനീയമായ കുതിപ്പ് നടത്തി. പൂര്‍ണമായും ബ്ലാക്ക് ആന്‍ഡ് വൈറ്റിലെത്തിയ പരീക്ഷണ ചിത്രമായ ഭ്രമയുഗവും ബോക്‌സ് ഓഫീസില്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ഏറ്റവുമൊടുവില്‍ ആടുജീവിതവും കേരളത്തിനകത്തും പുറത്തും മികച്ച പ്രതികരണം നേടി മുന്നേറുന്നു.
ആടുജീവിതത്തിലെ പൃഥ്വിയുടെ അഭിനയവും സിനിമയുടെ മേക്കിങും എല്ലാം ചര്‍ച്ചയാകുമ്പോള്‍ ചിത്രത്തിന് കിട്ടാന്‍ സാധ്യതയുള്ള അവാര്‍ഡുകളെപ്പറ്റി സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച നടക്കുന്നുണ്ട്. ലോകോത്തര നിലവാരമുള്ള സിനിമക്ക് കുറഞ്ഞത് നാല് നാഷണല്‍ അവാര്‍ഡെങ്കിലും കിട്ടുമെന്നാണ് സിനിമാപ്രേമികള്‍ കരുതുന്നത്. എന്നാല്‍ ഭ്രമയുഗവും ഇതേ വര്‍ഷം ഇറങ്ങിയതുകൊണ്ട് ആടുജീവിതത്തിന് അവാര്‍ഡുകള്‍ ലഭിക്കുമോ എന്ന് പലരും സംശയം പ്രകടിപ്പിക്കുന്നുണ്ട്.
എന്നാല്‍ പലര്‍ക്കും അറിയാത്ത കാര്യമെന്താണെന്ന് വെച്ചാല്‍, കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ചത് 2021ലെ സിനിമകള്‍ക്കുള്ള അവാര്‍ഡുകളാണ്. കൊവിഡ് കാരണം ഒരു വര്‍ഷം വൈകിയാണ് ഇപ്പോള്‍ അവാര്‍ഡുകള്‍ പ്രഖ്യാപിക്കുന്നത്. അങ്ങനെ വരുമ്പോള്‍ ഈ വര്‍ഷം പ്രഖ്യാപിക്കുന്നത് 2022ലെ സിനിമകള്‍ക്കുള്ള അവാര്‍ഡുകളാണ്. അതില്‍ ഉള്‍പ്പെടാന്‍ സാധ്യതയുള്ള മലയാള സിനിമകള്‍ റോഷാക്, പുഴു, സൗദി വെള്ളക്ക, ന്നാ താന്‍ കേസ് കൊട് തുടങ്ങിയവയാണ്.
ആടുജീവിതം സെന്‍സറിങ് പൂര്‍ത്തിയാക്കിയത് 2023ലാണ്. 2025ലെ ദേശീയ അവാര്‍ഡില്‍ മാത്രമേ ആടുജീവിതം പരിഗണിക്കപ്പെടുള്ളൂ. ഭ്രമയുഗം സെന്‍സര്‍ ബോര്‍ഡിന് സമര്‍പ്പിച്ചത് 2024 തുടക്കത്തിലാണ്. 2026ലെ അവാര്‍ഡിലാകും ഭ്രമയുഗത്തെ പരിഗണിക്കുകയുള്ളൂ. രണ്ട് സിനിമകളും ഒരേസമയം അവാര്‍ഡിനായി മത്സരിക്കില്ല.
രണ്ട് സിനിമകള്‍ക്കും അവാര്‍ഡ് ലഭിച്ചാല്‍ തുടര്‍ച്ചയായി രണ്ട് വര്‍ഷം ദേശീയ അവാര്‍ഡ് വേദിയില്‍ മലയാളസിനിമ തിളങ്ങുമെന്നതില്‍ സംശയമില്ല. ഒരര്‍ത്ഥത്തില്‍ സുഷിന്‍ ശ്യാം പറഞ്ഞതുപോലെ ഇന്‍ഡസ്ട്രിയുടെ സീന്‍ മാറിക്കൊണ്ടിരിക്കുകയാണ്.
Content Highlight: Social media discussion about the National award for Bramayugam and Aadujeevitham