| Friday, 16th June 2023, 6:33 pm

'രാജീവ് ചന്ദ്രശേഖര്‍ കേസ് കൊടുത്ത സിദ്ധാര്‍ത്ഥ് വരദരാജന്‍ വേണം ഏഷ്യാനെറ്റിന്റെ മാധ്യമ ക്യാമ്പയിനിന്'; കാലത്തിന്റെ കാവ്യനീതിയെന്ന് സോഷ്യല്‍ മീഡിയ

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസിന്റെ ‘മിണ്ടാനാണ് തീരുമാനം’ എന്ന ക്യാമ്പയിനില്‍ ദി വയറിന്റെ ഫൗണ്ടര്‍ എഡിറ്റര്‍ സിദ്ധാര്‍ത്ഥ് വരദരാജനെ പങ്കെടുപ്പിച്ചത് കാലത്തിന്റെ കാവ്യനീതിയെന്ന് സോഷ്യല്‍ മീഡിയ.

ബി.ജെ.പിയും കേന്ദ്ര സര്‍ക്കാരും ഏറ്റവുമധികം വേട്ടയാടിയ മാധ്യമപ്രവര്‍ത്തകനാണ് സിദ്ധാര്‍ത്ഥ് വരദരാജ്. ഇതുകൂടാതെ ബി.ജെ.പി എം.പിയും ഏഷ്യാനെറ്റ് ന്യൂസിന്റെ ഉടമസ്ഥരിലൊരാളുമായ രാജീവ് ചന്ദ്രശേഖര്‍ വയറിനെതിരെ കേസ് കൊടുത്തതും ആളുകള്‍ സൂചിപ്പിക്കുന്നു.

2017ല്‍ പ്രസിദ്ധീകരിച്ച രണ്ട് റിപ്പോര്‍ട്ടുകളുടെ പേരിലാണ് രാജീവ് ചന്ദ്രശേഖര്‍ വയറിനെതിരെ പരാതികൊടുത്തിരുന്നത്. ‘മോദിയുടെ ഐഡിയോളജി’ എന്ന തലക്കെട്ടില്‍ രാജീവ് ചന്ദ്രശേഖറിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന റിപബ്ലിക് ടി.വിയുടെ എഡിറ്റോറിയല്‍ നയത്തെ ചോദ്യം ചെയ്ത റിപ്പോര്‍ട്ടിനെതിരെയായിരുന്നു ഒരു കേസ്.

പ്രതിരോധ രംഗത്തെ സ്വകാര്യ നിക്ഷേപകനായ രാജീവ് ചന്ദ്രശേഖര്‍ പ്രതിരോധത്തിനായുള്ള പാര്‍ലമെന്ററി കമ്മിറ്റിയുടെ ഭാഗമാകുന്നതിലെ വൈരുധ്യം ചൂണ്ടിക്കാണിച്ച റിപ്പോര്‍ട്ടിനെതിരെയായിരുന്നു രണ്ടാമത്തെ കേസ്.

രണ്ട് വര്‍ഷത്തോളം നീണ്ട നിയമപോരാട്ടത്തിനൊടുവല്‍ സിദ്ധാര്‍ത്ഥ് വരദരാജന്‍ അനുകൂല വിധി നേടിയെടുക്കുകയും, ഈ രണ്ട് വാര്‍ത്തകളും വീണ്ടും പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു.

ഇങ്ങനെയുള്ള ഒരാളെ രാജീവ് ചന്ദ്രശേഖരന്റെ ഉടമസ്ഥതയിലുള്ള ഏഷ്യാനെറ്റ് ന്യൂസിന്റെ മാധ്യമ ക്യാമ്പയിനില്‍ പങ്കെടുപ്പിച്ചത് കാലത്തിന്റെ കാവ്യനീതിയാണെന്നാണ് സമൂഹ മാധ്യമങ്ങളില്‍ ഉയരുന്ന പ്രതികരണങ്ങള്‍.

ജോസി ജോസഫ്, രാജേഷ് രാമചന്ദ്രന്‍, രവി നായര്‍ തുടങ്ങിയ പ്രമുഖ മാധ്യമപ്രവര്‍ത്തകരെ അണിനിരത്തിയാണ് ഏഷ്യാനെറ്റ് ന്യൂസ് ക്യാമ്പയിന്‍ സംഘടിപ്പിച്ചത്. എന്നാല്‍ ഈ മാധ്യമപ്രവര്‍ത്തകരെയൊക്കെ കേന്ദ്ര സര്‍ക്കാര്‍ വേട്ടയാടിപ്പോള്‍ ഏഷ്യാനെറ്റ് ന്യൂസിന് അഭിപ്രായമുണ്ടായിരുന്നില്ലേ എന്ന ചോദ്യവും ഉയരുന്നുണ്ട്.

ദല്‍ഹി കലാപവുമായി ബന്ധപ്പെട്ട ഒരു വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തതിന് മൂന്ന് വര്‍ഷം മുമ്പ് ഏഷ്യാനെറ്റ് ന്യൂസിന് 48 മണിക്കൂര്‍ നിരോധനം ലഭിച്ചിരുന്നു. ഈ സമയത്തും ഇപ്പോഴത്തേതിന് സമാനായ ധാര്‍മികരോഷം ചാനലിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിരുന്നില്ലെന്നും അഭിപ്രായമുയരുന്നുണ്ട്.

അതേസമയം, എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം ആര്‍ഷോയുടെ പരാതിയില്‍ ചീഫ് റിപ്പോര്‍ട്ടര്‍ അഖില നന്ദകുമാറിനെതിരായ കേസിന്റെ പശ്ചാത്തലത്തിലാണ് ഏഷ്യാനെറ്റ് ന്യൂസിന്റെ മാധ്യമ ക്യാമ്പയിന്‍. മഹാരാജാസ് കോളേജിലെ മാര്‍ക്ക് ലിസ്റ്റ് വിവാദത്തില്‍ ഗൂഢാലോചനയുണ്ടായെന്ന് ആര്‍ഷോ പരാതി നല്‍കിയിരുന്നു. ഈ കേസിലാണ് അഖില നന്ദകുമാര്‍ പ്രതിചേര്‍ക്കപ്പെട്ടിട്ടുള്ളത്.

Content Highlight: Social media discussion about ‘Siddharth Varadarajan hunted by Rajeev Chandrasekhar in Asianet’s media campaign’

Latest Stories

We use cookies to give you the best possible experience. Learn more