അരുണ്‍ ഡി. ജോസിന്റെ സംവിധാനത്തില്‍ പുറത്ത് വന്ന ജോ ആന്റ് ജോ എന്ന ചിത്രം ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്തിരിക്കുകയാണ്. കൊവിഡ് കാലത്ത് ജോമോന്റെയും ജോമോളുടെയും വീട്ടില്‍ നടക്കുന്ന സംഭവവികാസങ്ങളാണ് ചിത്രത്തില്‍ കാണിക്കുന്നത്. ജോമോനെ മാത്യു തോമസും ജോമോളെ നിഖില വിമലും അവതരിപ്പിച്ചപ്പോള്‍ ജോമോന്റെ കൂട്ടുകാരായ സുന്ദരനും എബിയുമായി നസ്‌ലിനും മെല്‍വിനുമാണെത്തിയത്.
ഒ.ടി.ടി റിലീസോടെ ജോ ആന്റ് ജോയെ പറ്റിയുള്ള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ ഉയരുകയാണ്. ചിത്രം മുന്നോട്ട് വെക്കുന്ന ജെന്‍ഡര്‍ പൊളിറ്റിക്‌സിനെ പറ്റിയാണ് സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്യുന്നത്. സഹോദരന്‍/ അച്ഛന്‍ കൊണ്ടുപോകുമെങ്കില്‍ മാത്രം പുറത്ത് കറങ്ങാന്‍ പോകാന്‍ അനുവാദം ലഭിക്കുന്ന അല്ലെങ്കില്‍ പുറത്തേക്കിറങ്ങാന്‍ വീട്ടിലെ സകലരുടെയും അനുവാദവും, പോകുന്ന സ്ഥലത്തിന്റെയും തിരിച്ചു വരുന്ന സമയത്തിന്റെയും മുഴുവന്‍ ഡീറ്റെയ്ല്‍സും വീട്ടിലെ പെണ്‍കുട്ടിക്ക് മാത്രം ബോധ്യപ്പെടുത്തേണ്ട അവസ്ഥയും ജോ ആന്റ് ജോ ഓര്‍മിപ്പിക്കുന്നെന്ന് പ്രേക്ഷകര്‍ പറയുന്നു.
തന്റെ മകളെ മാത്രം വീട്ടിലെ ജോലികള്‍ ചെയ്യാന്‍ നിര്‍ബന്ധിക്കുന്ന അമ്മയോട് നല്ല ഭാര്യ മാത്രം ഉണ്ടായാല്‍ മതിയോ നല്ല ഭര്‍ത്താവും ഉണ്ടാകണ്ടേ എന്ന് ജോമോള്‍ ഒരു സീനില്‍ പറയുന്നുണ്ട്. പൊരിച്ച മീനിന്റെ രാഷ്ട്രീയം മുന്നോട്ട് വെക്കുന്ന ചെറിയൊരു നല്ല സിനിമയാണ് ജോ ആന്റ് ജോ എന്നും സോഷ്യല്‍ മീഡിയയില്‍ പ്രതികരണങ്ങള്‍ വരുന്നുണ്ട്.
ജോ ആന്റ് ജോയുടെ ചില സോഷ്യല്‍ മീഡിയ പ്രതികരണങ്ങള്‍
‘കേരളസമൂഹത്തില്‍ ലിംഗവിവേചനം എത്ര സാധാരണമായ ഒന്നാണ് എന്ന് അറിയണമെങ്കില്‍ ജോ ആന്റ് ജോ കണ്ടാല്‍ മതി. പബ്ജി കളിച്ചും, കൃത്യസമയത്ത് തിന്നും, ഉറങ്ങിയും ജീവിക്കുന്ന ജോമോന്റെ ദിനചര്യ അവന്റെ അമ്മയ്ക്ക് ഒരു പ്രശ്നമേയല്ല. എന്നാല്‍ വീട്ടിലെ സകല പണികളും എടുക്കുന്ന ജോമോള്‍ മടുപ്പ് കാരണം ഏതെങ്കിലും ഒരു വീട്ടുജോലിയില്‍ നിന്ന് ഒഴിഞ്ഞു മാറിയാല്‍ അത് അവരുടെ അമ്മ കണ്ടുപിടിക്കുകയും എതിര്‍ക്കുകയും ചെയ്യും’
‘കമഴ്ന്ന് കിടക്കുന്ന ഇല നിവര്‍ത്തിയിടാത്ത കേരള യൂത്തിന്റെ പ്രതിനിധിയാണ് ജോമോന്‍. അങ്ങനെയുള്ള ജോയ്ക്ക് പക്ഷേ പെങ്ങള്‍ക്ക് ഒരു പ്രണയമുണ്ടെന്ന് കേള്‍ക്കുമ്പോള്‍ നിയന്ത്രണം നഷ്ടപ്പെടുന്നു. അവിടെ ആണ്‍ അധികാരത്തിന്റെ ഹുങ്ക് ജോമോനെ നിയന്ത്രിക്കുന്നു. ജോമോന് ചേച്ചിയുടെ ലൈനിനെ കണ്ടുപിടിക്കാഞ്ഞിട്ട് ഉറക്കം പോലും നഷ്ടപ്പെടുന്നു. ഒടുവില്‍ ആ കാമുകന്‍ ആരാണെന്ന് അറിയാന്‍ ഒരു വഴിയുമില്ലെന്ന് അറിയുമ്പോള്‍ സ്വന്തം കൂടപ്പിറപ്പിനെ പിഴച്ചവള്‍ എന്ന് വിളിച്ച് കലി തീര്‍ക്കുന്നു,’
‘പാട്രിയാര്‍ക്കിയെ അഡ്രസ്സ് ചെയ്യുന്ന ജോ ആന്റ് ജോ കാണാന്‍ എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു. ഒരുപക്ഷേ നിങ്ങളുടെ തന്നെ വീടുകളിലെ കഥയാവാം ഇത്. ആണെങ്കില്‍ ജോമോനെ മനസ്സിലാക്കാന്‍ ഇവിടുത്തെ ആണുങ്ങള്‍ക്ക് വലിയ വിഷമം ഉണ്ടാവില്ല. അതുകൊണ്ടു പടം കാണുന്ന നേരത്ത് ജോമോളെ ഒന്ന് അറിയാന്‍ ശ്രമിക്കാം. എന്നെ ഒന്ന് ഈ വീട്ടീന്ന് പുറത്ത്‌കൊണ്ട് പോകാവോടാ എന്ന് നമ്മളോട് ഒരിക്കല്‍ എങ്കിലും ചോദിച്ച ചേച്ചിയെ/അനിയത്തിയെ/കസിനെ ഒക്കെ ജോമോളില്‍ കാണാന്‍ സാധിക്കും. ആ നിസഹായാവസ്ഥ എത്ര വലിയ ദുരിതം ആണെന്ന് മനസ്സിലാക്കാനും ജോമോള്‍ നമ്മളെ സഹായിക്കും’
‘നമ്മുടെ കുടുംബങ്ങളില്‍ കാലാകാലങ്ങളായി പെണ്‍കുട്ടികള്‍ നേരിടുന്ന വിവേചനങ്ങളാണ് ജോ ആന്റ് ജോ എന്ന സിനിമയുടെ വിഷയം. ഒരു വീട്ടില്‍ ആണ്‍കുട്ടിയും പെണ്‍കുട്ടിയുമുണ്ടെങ്കില്‍ വീട്ടിലെ പണികള്‍ എല്ലാം പെണ്‍കുട്ടിയ്ക്കാകും. ആണ്‍കുട്ടികള്‍ക്ക് സ്വതന്ത്രരായി പുറത്തിറങ്ങി നടക്കാം. പെണ്‍കുട്ടികള്‍ക്ക് വീട്ടിലിരുന്ന് എത്ര ബോറടിച്ചാലും അതിനൊന്നുമുള്ള സ്വാതന്ത്ര്യമില്ല. ഭൂരിഭാഗം വീടുകളിലും ഇതൊക്കെതന്നെയാണ് അവസ്ഥ. പ്രണയത്തിന്റെ കാര്യത്തിലും ഈ സ്വാതന്ത്ര്യമില്ലായ്മ പെണ്‍കുട്ടികള്‍ അനുഭവിക്കുന്നുണ്ട്. ഈ വക ജെന്‍ഡര്‍ ഇക്വാലിറ്റിയിലെ പ്രശ്‌നങ്ങള്‍ ഒരു പ്രൊപ്പഗാന്‍ഡ സിനിമയിലെ പോലെ അവതരിപ്പിക്കുന്നതിന് പകരം തമാശരൂപത്തില്‍ രസകരമായി അവതരിപ്പിച്ചതാണ് ജോ ആന്റ് ജോയെ ആസ്വാദ്യകരമാക്കുന്നത്’.
Content Highlight: Social media discussing gender politics at Joe & Joe