| Sunday, 13th March 2022, 2:28 pm

നോ ബീഫ് ഒണ്‍ലി ഉള്ളിക്കറി; ഞാന്‍ കഴിച്ചത് ഉള്ളിക്കറിയാണ് ബീഫല്ല; ഉള്ളി സുര വന്ന വഴിയിലൂടെ സഞ്ചരിച്ച് ഭീഷ്മ പര്‍വ്വം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഒരു നീണ്ട ഇടവേളക്ക് ശേഷം മമ്മൂട്ടിയെ നായകനാക്കി അമല്‍ നീരദ് അണിയിച്ചൊരുക്കിയ ചിത്രമാണ് ഭീഷ്മ പര്‍വ്വം. മമ്മൂട്ടിയുടെ മൈക്കിളപ്പനെ ഇരുകൈയും നീട്ടിയാണ് ആരാധകര്‍ ഏറ്റെടുത്തത്.

മമ്മൂട്ടിയെ പോലെ തന്നെ ആരാധക പ്രശംസ പിടിച്ചുപറ്റിയ രണ്ട് കഥാപാത്രങ്ങളായിരുന്നു ഷൈന്‍ ടോം ചാക്കോയുടെ പീറ്ററും സൗബിന്റെ അജാസും.

രാജന്‍ മാധവന്‍ നായരെ കാണാന്‍ പോകുന്ന സമയത്ത് ബീഫ് കഴിക്കുമോ എന്ന ചോദ്യത്തിന് ഇല്ല ഒണ്‍ലി ഉള്ളി കറിയെന്ന് ദിലീഷ് പോത്തന്‍ പറയുന്നതാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നത്.

ഇന്ത്യയില്‍ ബീഫ് വലിയ രീതിയില്‍ വിവാദമായതോടെയാണ് ബീഫിന് പകരം ഉള്ളിക്കറി ഉപയോഗിക്കുന്ന മലയാളികളും രംഗത്തെത്തിയത്. ബീഫിന്റെ പേരില്‍ കൊലപാതകങ്ങള്‍ വരെ രാജ്യത്ത് നടന്നു.

കേരളത്തില്‍ ഉള്ളിക്ക് പ്രചാരം കൂടുതല്‍ കിട്ടിയത് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ ബീഫും പൊറോട്ടയും കഴിക്കുന്നു എന്ന ക്യാപ്ഷനോടെ പോസ്റ്റ് ചെയ്ത ഫോട്ടോയില്‍ നിന്നാണ്.

ബീഫ് കഴിക്കുന്ന ബി.ജെ.പി നേതാവ് എന്ന രീതിയില്‍ സുരേന്ദ്രന്റെ ഫോട്ടോ അങ്ങ് ദല്‍ഹിയില്‍ വരെ ചര്‍ച്ചയായിരുന്നു. എന്നാല്‍ ഇതിന് വിശദീകരണവുമായി തൊട്ട് പിന്നാലെ തന്നെ സുരേന്ദ്രന്‍ രംഗത്തെത്തുകയും ചെയ്തിരുന്നു. താന്‍ കഴിച്ചത് ഉള്ളി കറിയാണെന്നും ബീഫല്ലെന്നുമാണ് സുരേന്ദ്രന്‍ പറഞ്ഞത്.

ഈ വിശദീകരണം ട്രോളുകള്‍ക്ക് വഴിവെക്കുകയാണ് ചെയ്തത്. അവിടെന്നിങ്ങോട്ട് കെ. സുരേന്ദ്രന് ഉള്ളി സുര എന്ന പേരും സോഷ്യല്‍ മീഡിയയില്‍ വീണു.

ബീഫല്ല ഉള്ളിക്കറിയാണെന്ന് പറയുന്ന സീനിലൂടെ ഭീഷ്മ പര്‍വ്വം രാജ്യത്തെ നിലനില്‍ക്കുന്ന ഇത്തരത്തിലുള്ള വെറികളെ കൂടി കളിയാക്കുന്നത്. സിനിമയില്‍ വേറെയും പല സീനുകളില്‍ ഇത്തരത്തിലുള്ള പരാമര്‍ശങ്ങളുണ്ട്.

ഈ മാസം മൂന്നിന് തിയറ്ററുകളിലെത്തിയ ഭീഷ്മ പര്‍വ്വം ഇതിനകം തന്നെ 50 കോടി ക്ലബ്ബില്‍ ഇടംപിടിച്ചിരിക്കുകയാണ്.

സമീപകാലത്ത് ഏറ്റവും വലിയ പ്രീ-റിലീസ് ഹൈപ്പുമായി എത്തിയ ചിത്രമാണ് ഇത്. ബിഗ് ബി പുറത്തിറങ്ങി 14 വര്‍ഷത്തിനു ശേഷം അമല്‍ നീരദും മമ്മൂട്ടിയും ഒന്നിക്കുന്ന ചിത്രം എന്നതുതന്നെ ആയിരുന്നു ഈ ഹൈപ്പിന് കാരണം. തിയറ്ററുകളില്‍ 100 ശതമാനം പ്രവേശനം അനുവദിച്ചതിനു ശേഷമുള്ള ആദ്യ ബിഗ് റിലീസ് എന്നതും ചിത്രത്തിന് ഗുണമായി.


Content Highlights: Social media discussing about Ulli sura referance in Bheeshma Pravam

We use cookies to give you the best possible experience. Learn more